വാൽറസ് സാധാരണയായി ഒന്ന് മുതൽ രണ്ട് വർഷം വരെ അമ്മമാരോടൊപ്പമാണ് താമസിക്കുക. അതിനാൽ തന്നെ തനിച്ച് അതിജീവിക്കുക അവയ്ക്ക് പ്രയാസമാണ്.
ജീവിതത്തിലേക്ക് തിരികെ വരികയാണവൾ- സോഷ്യൽ മീഡിയയ്ക്ക് വളരെ പ്രിയപ്പെട്ട 'ഉകി'യെന്ന് വിളിക്കുന്ന വാൽറസ്. ആർട്ടിക്കിൽ നിന്നാണ് ഉകിയാഖ് എന്ന് പേരിട്ട ഈ വാൽറസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ സീ വേൾഡ് ഒർലാൻഡോയിൽ പുതിയ ജീവിതം തുടങ്ങുകയാണ് അവൾ.
ആർട്ടിക് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ ഉകിക്ക് സാരമായ പരിക്കേറ്റ നിലയിലായിരുന്നു. അങ്ങനെ കുപ്പിപ്പാലും മറ്റും കൊടുത്താണ് അവളെ പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.
കഴിഞ്ഞ ജൂലൈയിൽ അലാസ്കയിലെ ഒറ്റപ്പെട്ട ജനവാസ കേന്ദ്രമായ ഉത്കിയാഗ്‌വിക്കിന് സമീപമാണ് അവളെ കണ്ടെത്തുന്നത്. കണ്ടെത്തുന്ന സമയത്ത് അവൾക്ക് ഏതാനും ആഴ്ചകൾ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവളുടെ കൂടെയുണ്ടായിരുന്ന വാൽറസുകൾ അവളെ ഉപേക്ഷിച്ച് പോയ നിലയിലായിരുന്നു, വളരെ മോശം അവസ്ഥയിലായിരുന്നു, നിർജ്ജലീകരണം സംഭവിച്ച് മെലിഞ്ഞ നിലയിലായിരുന്നു അവൾ. ഒപ്പം ദേഹം നിറയെ മുറിവുകളും.
വാൽറസ് സാധാരണയായി ഒന്ന് മുതൽ രണ്ട് വർഷം വരെ അമ്മമാരോടൊപ്പമാണ് താമസിക്കുക. അതിനാൽ തന്നെ തനിച്ച് അതിജീവിക്കുക അവയ്ക്ക് പ്രയാസമാണ്. അലാസ്ക സീലൈഫ് സെന്ററിലേക്ക് (ASLC) വിമാനമാർഗമാണ് ഉകിയെ എത്തിച്ചത്. സ്പെഷ്യലിസ്റ്റുകൾ 24 മണിക്കൂറും അവളെ പരിചരിച്ചു.
ഉകിക്ക് അമ്മയുടെ അടുത്ത് നിന്നും കിട്ടേണ്ടുന്ന പരിചരണങ്ങളെല്ലാം സീലൈഫ് സെന്ററിലുള്ളവർ അവൾക്ക് നൽകി. അവർ അവളെ കുപ്പിപ്പാലൂട്ടി. അവളെ വൃത്തിയാക്കി. ചില സമയങ്ങളിൽ അവൾ ഉറങ്ങുമ്പോൾ അവളെ ചേർത്തു പിടിച്ച് ചൂട് നൽകി. ഇപ്പോൾ ഉകി പുതിയ ജീവിതത്തിലേക്ക് ചുവടു വയ്ക്കുകയാണ് എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. ഉകിയുടെ വീഡിയോയും സീലൈഫ് സെന്റർ പങ്കുവച്ചിട്ടുണ്ട്.