പുതുതായി നിർമ്മാണം കഴിഞ്ഞ 80 ഓളം ഫ്ലാറ്റുകളുടെ താക്കോലുകൾ ഒരു ലോക്സ്മിത്തിനെ ഉപയോഗിച്ച് പരസ്പരം മാറ്റിയ ശേഷം ഫ്ലാറ്റുകള്‍ക്ക് വ്യാജ രേഖ ചമച്ച് മറിച്ച് വില്‍ക്കുകായിരുന്നു ഇവര്‍ ചെയ്തത്. (പ്രതീകാത്മക ചിത്രം)
പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്ന ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, ഇത്തരത്തിൽ അടിമുടി തട്ടിപ്പ് നടത്തുന്നവർ വിരളമായിരിക്കും. ചൈനയിൽ ഒരു യുവതി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പലതരം തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയത് കോടികൾ. 80 ഓളം ഫ്ലാറ്റുകളുടെ പൂട്ടുകൾ പരസ്പരം മാറ്റി, വ്യാജരേഖ ചമച്ച് നിയമ വിരുദ്ധമായി അതെ ഫ്ലാറ്റുകൾ വിറ്റും സുഹൃത്തുക്കളെയും ബന്ധുക്കളെയും കബളിപ്പിച്ച് പണം തട്ടിയും 24 ദശലക്ഷം യുവാൻ (28,32,04,320 ഇന്ത്യന്‍ രൂപ) ആണ് ഇവർ അഞ്ച് വര്‍ഷം കൊണ്ട് തട്ടിയെടുത്തത്.
വടക്കൻ - മധ്യ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് വെയ് എന്ന 30 കാരിയാണ് ഇത്തരത്തിൽ ഭീകരമായ ഒരു തട്ടിപ്പ് നടത്തിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2017 -ൽ ചെങ് എന്ന യുവാവിനെ വാങ്ങ് വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം വാങ്ങിന്‍റെ അമിതമായ ചെലവ് ശീലങ്ങൾ കാരണം ദമ്പതികൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വന്നിരുന്നു. ഈ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇവരെ രക്ഷിക്കുന്നതിനായി ചെങിന്‍റെ പിതാവ് തന്‍റെ വീട് പണയപ്പെടുത്തി വലിയൊരു തുക ബാങ്കിൽ നിന്നും ലോണെടുത്ത് ഇവർക്ക് നൽകി.
പിതാവിന്‍റെ കടം വീട്ടാൻ തീരുമാനിച്ച ചെങ് വർഷങ്ങളോളം കഠിനമായ അധ്വാനിക്കുകയും ലളിതമായ ജീവിത ശൈലി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, വാങ്ങ് അപ്പോഴും തന്‍റെ ആർഭാട ജീവിതം തുടരുകയും പല ബന്ധുക്കളിൽ നിന്നും പലതരത്തിൽ പണം കടം വാങ്ങുകയും ചെയ്തു. 2019 മുതൽ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് ഭാര്യ ഒരു സങ്കീർണ്ണമായ തട്ടിപ്പ് നടത്തിവരികയാണെന്ന് ചെങിന് അറിയില്ലായിരുന്നു.ഇതിനിടയിൽ തന്നെ ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ, വാങ്ങ് പുതിയതായി നിർമ്മാണം കഴിഞ്ഞ ഫ്ലാറ്റുകളുടെ താക്കോലുകൾ ഒരു ലോക്സ്മിത്തിന്‍റെ സഹായത്തോടെ മാറ്റി സ്ഥാപിച്ചു.
Watch Video: ഹൃദയം നിലച്ച് പോകുന്ന കാഴ്ച; റോഡിലൂടെ പോകവെ പെട്ടെന്നുണ്ടായ ഭീമൻ കുഴിയിലേക്ക് തലകുത്തി വീണ് ബൈക്ക് യാത്രക്കാരൻ
പിന്നീട് വ്യാജ രേഖകൾ ചമച്ച് ഫ്ലാറ്റുകൾ മറിച്ച് വിറ്റും തന്‍റെ തട്ടിപ്പ് വ്യാപകമാക്കിയിരുന്നു. ഈ കാലയളവിലുടനീളം, വടക്ക് - കിഴക്കൻ ചൈനയിലെ ഹാർബിനിൽ നിന്നുള്ള ഒരു ലൈവ് - സ്ട്രീമറായ ഷാങ് ഷെന് വാങ് എന്ന വ്യക്തിക്ക് വാങ്ങ് പതിവായി പണം കൈമാറിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഏറെ ദൗർഭാഗ്യകരമായ കാര്യം യുവതിയുടെ തട്ടിപ്പിനെ കുറിച്ച് അവർ പിടിയിലാകുന്നത് വരെ അവരുടെ ഭർത്താവിന് ഒരു സംശയവും ഇല്ലായിരുന്നു എന്നതാണ്. അതുവരെയും ആ മനുഷ്യൻ ഭാര്യ മേടിച്ചു കൂട്ടിയ കടങ്ങൾ അടച്ച് തീർത്തു കൊണ്ടിരിക്കുകയായിരുന്നു. ഇതുവരെ 8 ദശലക്ഷം യുവാൻ അധികൃതർ വാങ്ങിൽ നിന്നും കണ്ടെടുത്തു.