'ലിൻ മോ' എന്ന പേരിൽ പ്രതിമകൾക്കായി എയർലൈൻ ഒരു പ്രത്യേക ബോർഡിംഗ് പാസ് നൽകുകയും, കൂടാതെ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സുരക്ഷിതമായ ഇരിപ്പിടവും ഒരുക്കിയിരുന്നു.
മതപരമായ ചടങ്ങുകൾക്കായി സിയാമെനിൽ നിന്ന് തായ്‌വാനിലേക്ക് കൊണ്ടുപോകുന്ന രണ്ട് ചൈനീസ് പ്രതിമകൾക്ക് പ്രത്യേക ബോർഡിംഗ് പാസ് നൽകി എയർലൈൻസ് അധികൃതർ. 'കടലിന്റെ ദേവത' എന്നറിയപ്പെടുന്ന മാസുവിന്റെ രണ്ട് പ്രതിമകൾക്കാണ് തായ്‌വാൻ സന്ദർശനത്തിന് 'ലിൻ മോ' എന്ന പേരിൽ പ്രത്യേക ബോർഡിങ് പാസ് നൽകിയത്.
മാർച്ച് 29 -നാണ് ഈ രണ്ടു പ്രതിമകളും സിയാമെൻ എയർലൈൻസിന്റെ MF881 വിമാനത്തിൽ തെക്കുകിഴക്കൻ ചൈനയിലെ സിയാമെൻ ഗാവോകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്‌വാനിലേക്ക് കയറ്റി അയച്ചത്. ക്രൂ അംഗങ്ങൾ പ്രതിമകൾ ശ്രദ്ധാപൂർവ്വം ക്യാബിനിലേക്ക് കൊണ്ടുപോകുന്ന വീഡിയോകൾ ഓൺലൈനിൽ വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്.
കറുത്ത മുഖമുള്ള മാസു എന്ന പ്രധാന ദേവത ആക്രമണകാരികളെ പിന്തിരിപ്പിക്കാനും സ്വന്തം നാട് സംരക്ഷിക്കാനും തന്റെ ശക്തി ഉപയോഗിച്ചപ്പോൾ മുഖം പൂർണ്ണമായും കറുത്തതായി മാറിപ്പോയി എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ദേവതയുടെ രണ്ടാമത്തെ പ്രതിമയ്ക്ക് മൃദുവായ പിങ്ക് നിറത്തിലുള്ള മുഖം ആണ് ഉള്ളത്. അത് ഊഷ്മളവും സ്നേഹനിധിയുമായ ഒരു അമ്മരൂപത്തെയാണത്രെ കാണിക്കുന്നത്.
'ലിൻ മോ' എന്ന പേരിൽ പ്രതിമകൾക്കായി എയർലൈൻ ഒരു പ്രത്യേക ബോർഡിംഗ് പാസ് നൽകുകയും, കൂടാതെ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സുരക്ഷിതമായ ഇരിപ്പിടവും ഒരുക്കിയിരുന്നു. പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകൾ, പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, ഫാസ്റ്റ് ട്രാക്ക് സുരക്ഷാ സ്ക്രീനിംഗ് ലെയ്ൻ എന്നിവയായിരുന്നു ഒരുക്കിയിരുന്ന മറ്റ് ക്രമീകരണങ്ങൾ.
മാസുവിന്റെ യഥാർത്ഥ പേര് 'ലിൻ മോ' എന്നാണ്, 960 -ൽ കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ മെയ്‌ഷോ ദ്വീപിൽ ജനിച്ചു. ആളുകളുടെ രോഗം ഭേദമാക്കുക, കാലാവസ്ഥ പ്രവചിക്കുക തുടങ്ങിയ അസാധാരണമായ കഴിവുകൾ അവർക്കുണ്ടായിരുന്നു, മത്സ്യത്തൊഴിലാളികളുടെയും നാവികരുടെയും സംരക്ഷക എന്ന പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്.