
ജോലി സംബന്ധമായി ആളുകളെല്ലാം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകാറുണ്ട്. ലീവെടുക്കാനുള്ള പ്രയാസങ്ങളും, ശമ്പളത്തിലെ കുറവും, ജോലിസ്ഥലത്ത് മേലധികാരികളുടെ പരുഷമായ പെരുമാറ്റവും, സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രയാസങ്ങളും എല്ലാം ഇതിൽ പെടുന്നു. അതുപോലെയുള്ള ഒരുപാട് അനുഭവങ്ങൾ ആളുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്.
യുവതി പറയുന്നത് തന്റെ ഒരു ബന്ധുവിന് കാൻസർ സർജറി ആയിരുന്നു. അതിനാൽ ഓഫീസിൽ നടന്ന സെമിനാർ അറ്റൻഡ് ചെയ്യാനായില്ല. അത് പറഞ്ഞപ്പോൾ തന്റെ ടീം ലീഡർ തന്നോട് ആശുപത്രിയുടെ ലൊക്കേഷനും ചിത്രങ്ങളും ഒക്കെ ചോദിച്ചു എന്നാണ്.
ടീം ലീഡറുമായുള്ള സംഭാഷത്തിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. ഇന്നലെ ജോലിസ്ഥലത്ത് ഒരു സെമിനാർ ഉണ്ടായിരുന്നു, ടീം ലീഡിനോട് എനിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ, മാനേജർ ഇന്നലെ ചെല്ലാൻ പറഞ്ഞു. ഒരു കുടുംബാംഗത്തിന് കാൻസർ ശസ്ത്രക്രിയ നടത്തിയെന്നും അതിനാലാണ് എത്താനാവാത്തത് എന്നും താൻ പറഞ്ഞു എന്നാണ് പോസ്റ്റിന്റെ കാപ്ഷനിൽ പറയുന്നത്.
നിങ്ങളാണോ ഓപ്പറേഷൻ നടത്തുന്നത് എന്ന് ഇയാൾ ആവർത്തിച്ച് ചോദിച്ചു, ഒരു 20 തവണയെങ്കിലും ആ ചോദ്യം ആവർത്തിച്ചു. അയാൾക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമുള്ളത് പോലെയാണ് അയാൾ പെരുമാറിയത് എന്നും യുവതി പറയുന്നുണ്ട്. ഇത് കൂടാതെയാണ് ആശുപത്രിയുടെ ലൊക്കേഷനും അവിടെ നിന്നുള്ള ചിത്രങ്ങളും ടീം ലീഡർ ആവശ്യപ്പെട്ടത്.
വീട്ടിലെത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള ഇമെയിൽ അയക്കണമെന്നും അതോടൊപ്പം ആശുപത്രി രേഖകൾ കൂടി വയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പക്ഷേ, അതിന് പകരം താൻ രാജിക്കത്ത് അയച്ചു എന്നാണ് യുവതി പറയുന്നത്.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവതി ജോലി രാജിവച്ചത് നന്നായി എന്ന് ചിലരെല്ലാം അഭിപ്രായപ്പെട്ടു. ചിലർ പറഞ്ഞത് തങ്ങൾക്കും സമാനമായ അനുഭവം ജോലി സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ്. മറ്റ് ചിലർ കമന്റ് ചെയ്തത് ഇന്ത്യയിലെ ജോലി സ്ഥലങ്ങളിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അധികവും നടക്കുന്നത് എന്നാണ്.
നേരത്തെയും ഇതുപോലെ ജോലിസ്ഥലത്ത് നിന്ന് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവയ്ക്കുന്ന അനേകം അനുഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്തു, തുറന്നപ്പോൾ അകത്ത് ഡെലിവറി ബോയ്‍യുടെ കുറിപ്പ്, എഴുതിയത് ഇങ്ങനെ