May 22, 2022, 10:07 PM IST
ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി (KSRTC). 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി. പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. ഏപ്രിൽ മാസത്തെ ശമ്പള വിതരണം (Salary Distribution) ഇന്നലയോടെ പൂർത്തിയായിയായിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്.ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്ത് 70 കോടി രൂപയുമായാണ് പോയ മാസത്തെ ശമ്പള വിതരണം കെഎസ്ആടിസി മാനേജ്മെന്റ് തുടങ്ങിയത്. ശമ്പള വിതരണം പൂർത്തിയാക്കാൻ ആറ് കോടി രൂപ വേണം. 800 ഓളം ഉന്നത ഉദ്യോഗസ്ഥർക്കാണ് ഏപ്രിൽ മാസത്തെ ശമ്പളം ഇനി നൽകാനുള്ളത്. ഇന്നത്തെയും നാളത്തെയും ദിവസ വരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞാൽ ഈ മാസത്തെ ശമ്പളം നൽകാനുള്ള തീയതിയാവും. ഏപ്രിൽ മാസത്തെക്കാൾ പ്രതിസന്ധിയാണ് തൊട്ടു മുന്നിലുള്ളത്. വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെൻറ് വ്യക്തമാക്കുന്നത്.എന്നാൽ, എടുത്ത 50 കോടി തിരിച്ചടയ്ക്കാതെ ഓവർഡ്രാഫ്റ്റും കിട്ടില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ സിഐടിയു പ്രക്ഷോഭം തുടങ്ങും.
സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. സർക്കാർ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യിൽ കിട്ടാൻ കാത്തുനിൽക്കാതെ മാനേജ്മെന്‍റ് ഇന്ന് തന്നെ ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം ലഭിക്കുക. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴി ഒരുക്കിയത്.
20 ദിവസം വൈകിയങ്കിലും സ്കൂൾ തുറക്കും മുമ്പ് ശമ്പളം കിട്ടുന്നതിന്‍റെ ആശ്വാസത്തിലാണ് ജീവനക്കാർ.എന്നാൽ എല്ലാ മാസവും കെ എസ് ആർ ടി സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി പണിമുടക്കുകളല്ല കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കെ എൻ. ബാലഗോപാൽ പറഞ്ഞു. തന്‍റെയും ധനമന്ത്രിയുടേയും നിലപാട് ഒന്ന് തന്നെയെന്നായിരുന്നു വിവാദത്തിൽ ആന്‍റണി രാജുവിന്‍റെ പ്രതികരണം.
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമുണ്ടോ? ആനവണ്ടിക്ക് വാരിക്കുഴിയൊരുക്കിയതാരൊക്കെ? കെഎസ്ആര്‍ടിസിയെ സര്‍ക്കാരും കയ്യൊഴിഞ്ഞോ? കാണാം നേർക്കുനേർ..