വീഡിയോയിൽ ഒന്നിലധികം ചീറ്റകളെ കാണാം. ഒരാൾ ഒരു കാനിൽ വെള്ളം പോലെ എന്തോ കൊണ്ടുവന്ന് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുന്നതാണ് കാണുന്നത്.
അടുത്തിടെയാണ് മധ്യപ്രദേശിൽ നിന്നും കുറേ ഗ്രാമീണർ ചീറ്റകളെ കല്ലെടുത്ത് എറിഞ്ഞോടിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയത്. പശുക്കുട്ടിയെ അക്രമിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. എന്നാൽ, അതേ മധ്യപ്രദേശിൽ നിന്നു തന്നെയുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിൽ കാണുന്നത് നാട്ടുകാരിൽ ഒരാൾ ചീറ്റകൾക്ക് വെള്ളം കൊടുക്കുന്നതാണ്.
thetrendingindian ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷൻ പ്രകാരം മധ്യപ്രദേശിലെ വിജയ്പൂരിലെ ഉമാരി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സത്യനാരായണ ഗുർജാർ എന്നയാളാണ് ഒരു വലിയ പാത്രത്തിൽ ചീറ്റകൾക്ക് വെള്ളം നൽകുന്നത്.
2022 -ൽ കുനോ നാഷണൽ പാർക്കിൽ ആഫ്രിക്കൻ ചീറ്റകളെ വീണ്ടും കൊണ്ടുവന്നു. പ്രോജക്ട് ചീറ്റ എന്നാണ് പദ്ധതിയുടെ പേര്. അതിനിടയിലാണ് ഈ സംഭവമുണ്ടായത് എന്നും കാപ്ഷനിൽ പറയുന്നു. ഒപ്പം തന്നെ കഴിഞ്ഞ മാസം നടന്ന സംഭവത്തെ കുറിച്ചും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. പശുക്കുട്ടിയെ കൊന്നതിന് ചീറ്റാ കുടുംബത്തെ നാട്ടുകാർ കല്ലെടുത്തെറിഞ്ഞ് ഓടിച്ചെന്നും ഇപ്പോഴും പ്രദേശത്ത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നു എന്നുമാണ് പറയുന്നത്.
വീഡിയോയിൽ ഒന്നിലധികം ചീറ്റകളെ കാണാം. ഒരാൾ ഒരു കാനിൽ വെള്ളം പോലെ എന്തോ കൊണ്ടുവന്ന് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുന്നതാണ് കാണുന്നത്. അയാൾക്ക് യാതൊരു പേടിയും ഇല്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. യാതൊരു സങ്കോചവും കൂടാതെ തന്നെ ചീറ്റകൾ വന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മറ്റ് നാട്ടുകാരും അടുത്തുണ്ട്.
അതേസമയം, വനംവകുപ്പ് അധികൃതർ വന്യമൃഗങ്ങളുടെ അടുത്ത് ചെല്ലുന്നത് അപകടകരമാണ് എന്നും അകലം സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, വീഡിയോ കണ്ട ചിലരെല്ലാം യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ ഇങ്ങനെ വന്യമൃഗങ്ങളുടെ അടുത്ത് പോകുന്നതിന്റെ അപകടങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.