രാത്രിയില്‍ വീട്ടിന്‍റെ സിറ്റൌട്ടിലേക്ക് പതുങ്ങിക്കയറാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയെ കാണാം. പെട്ടെന്നാണ് അരപ്ലേസില്‍ ഇരുന്ന നായ എഴുന്നേറ്റ് ഒന്ന് കുരച്ചത്. പിന്നെ പുലിയുടെ പൂട പോലും പ്രദേശത്ത് എവിടെയും കാണാനില്ലായിരുന്നു.
പുള്ളിപ്പുലികളും നായ്ക്കളും അവരവരുടെ ആവാസ മേഖലകളിലെ അറിയപ്പെടുന്ന വേട്ടക്കാരും സംരക്ഷകരുമാണ്. ഇവർ തമ്മിൽ കണ്ടുമുട്ടിയാൽ ആരായിരിക്കും കേമൻ? പുള്ളിപ്പുലി എന്നാണ് ഉത്തരമെങ്കിൽ, അങ്ങനെ തറപ്പിച്ചു പറയാൻ വരട്ടെ. തന്‍റെ അധികാര സ്ഥലത്ത് കടന്നു കയറിയാൽ ഏതു പുള്ളിപ്പുലി ആയാലും പറപ്പിച്ചിരിക്കും താനെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായ ഒരു വീഡിയോയിലാണ് തന്‍റെ വീട്ടുമുറ്റത്ത് രാത്രിയിൽ പതുങ്ങി എത്തിയ പുള്ളിപ്പുലിയെ ഒറ്റക്കുരയ്ക്ക് തുരത്തിയോടിച്ച് നായ ഗ്രാമത്തിന്‍റെ ഹീറോ ആയത്.
രന്തംബോർ നാഷണൽ പാർക്ക് പേജ് (@ranthamboresome) എന്ന ഇൻസ്റ്റാഗ്രാം പേജില്‍ പങ്കു വയ്ക്കപ്പെട്ട ഈ വീഡിയോ 35 ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. രാത്രി ഒരു വീട്ടുമുറ്റത്തേക്ക് ചുറ്റും നിരീക്ഷിച്ച് കൊണ്ട് കടന്നുവരുന്ന ഒരു പുള്ളിപ്പുലിയെയാണ് വീഡിയോ ദൃശ്യങ്ങളിൽ ആദ്യം കാണുക. വീട്ടുമുറ്റത്തെത്തിയ പുലി പതിയെ വീടിന്‍റെ ഉമ്മറപ്പടിയിലേക്ക് കയറാനായി നോക്കുന്നു. പക്ഷേ, തനിക്ക് മുകളിൽ, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്ന് കാര്യം പാവം പുലി അറിഞ്ഞിരുന്നില്ല. അത് വീട്ടിലെ തിണ്ണയുടെ ബർത്തിൽ കിടന്നിരുന്ന ആ വീടിന്‍റെ കാവൽക്കാരൻ നായയായിരുന്നു.
Read More: സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ചു; 37 -കാരിക്ക് പെണ്‍കുഞ്ഞ് ജനിച്ചു, യുകെയില്‍ ആദ്യം
Read More: ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ
തന്‍റെ അധികാര പരിധിയിലേക്ക് രാത്രിയുടെ നിശബ്ദതയില്‍ പതുങ്ങിയെത്തിയത് പുലിയായാലും എലിയായാലും തനിക്കൊരു പ്രശ്നമല്ലെന്ന തരത്തിലായിരുന്നു നായയുടെ പ്രതികരണം. അപ്രതീക്ഷിതമായി നായയുടെ കുര കേട്ടതും പുലി വാലും ചുരുട്ടി ഓടിയെന്ന് പറഞ്ഞാല്‍ മതിയല്ലേ. അതേസമയം അരപ്ലേസേയില്‍ ഇരുന്ന നായയെ പുലി കണ്ടതുമില്ല. തീർത്തും അപ്രതീക്ഷിതമായ ആ ആക്രമണ ശബ്ദം കേട്ടതും ഒന്നു തിരിഞ്ഞു പോലും നോക്കാൻ നിൽക്കാതെ പുള്ളിപ്പുലി ജീവനും കൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം. തന്‍റെ കണ്ണിൽ നിന്നും പുലി ഓടി മറയും വരെ നായ, പുലി പോയ വഴിയിലേക്ക് തന്നെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അവനിപ്പോൾ പ്രദേശത്തെ നായ്ക്കളുടെ ഹീറോയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.