ദൈവത്തിന്റെ പോരാളികളുടെ രക്ഷകൻ, അയാളുണ്ടായിരുന്നെങ്കില്‍...

ഏത് റണ്‍മലയും മുംബൈ മറികടക്കുമെന്ന് ആരാധകരെ വിശ്വസിപ്പിച്ച പേരായിരുന്നു പൊള്ളാര്‍ഡ് എന്നത്

Is Mumbai Indians missing Pollard kind of finisher

18 പന്തില്‍ 40 റണ്‍സ് ജയിക്കാൻ. ക്രീസില്‍ ഹാര്‍ദിക്ക് പാണ്ഡ്യയും തിലക് വര്‍മയുമുണ്ടായിട്ടും മറികടക്കാനാകാതെ മുംബൈ ഇന്ത്യൻസ്. ഏകന സ്റ്റേഡിയത്തിലെ മുംബൈയുടെ ഡഗൗട്ടില്‍ ആ വലിയ മനുഷ്യൻ ഇരിക്കുന്നു. ആ നിമിഷം എല്ലാ മുംബൈ ആരാധകരും ഒരുപോലെ മനസിലോര്‍ത്തു. അയാള്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍. മുംബൈയെ മുംബൈ ആക്കിയവരില്‍ ഒരാള്‍, അവിശ്വസനീയമായ പലതും സാധ്യമാക്കിയെടുത്തവൻ. കീറോണ്‍ പൊള്ളാര്‍ഡ്. 

ഏത് റണ്‍മലയും മുംബൈ മറികടക്കുമെന്ന് ആരാധകരെ വിശ്വസിപ്പിച്ച പേരായിരുന്നു പൊള്ളാര്‍ഡ് എന്നത്. മുംബൈക്ക് നികത്താനാകാത്ത വിടവ്. ഇതിനോടകം തന്നെ സീസണില്‍ രണ്ട് മത്സരങ്ങള്‍ ഫിനിഷറുടെ അഭാവത്താല്‍ മുംബൈ നഷ്ടപ്പെടുത്തി. ട്രിനിഡാഡിനായി ചാമ്പ്യൻസ് ലീഗ് ട്വന്റി 20യില്‍ 18 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറിയായിരുന്നു പൊള്ളാര്‍ഡിനെ റാഞ്ചാൻ മുംബൈയെ പ്രേരിപ്പിച്ചത്. ജയിക്കുമെന്ന് എതിരാളികള്‍ ഉറപ്പിക്കുന്ന നിമിഷം പൊള്ളാര്‍ഡ് അവതരിക്കും, ജയം തട്ടിയെടുക്കും.

Latest Videos

ആദ്യം അതിന് സാക്ഷ്യം വഹിച്ചത് ചിന്നസ്വാമി സ്റ്റേഡിയമായിരുന്നു, 2012ല്‍. 171 റണ്‍സ് പിന്തുടരവെ 51-5 എന്ന നിലയിലേക്ക് മുംബൈ വീണു. ഗിബ്സും സച്ചിനും രോഹിതും നിറംമങ്ങിയ ദിനം. ഏഴാമനായാണ് പൊള്ളാര്‍ഡ് എത്തുന്നത്. ജയിക്കാൻ 60 പന്തില്‍ 116, പിന്നൊരു വിക്കറ്റ് പോലും റാഞ്ചാൻ ബെംഗളൂരുവിന് സാധിച്ചില്ല. 31 പന്തില്‍ 52 റണ്‍സുമായി റായുഡുവിനേയും കൂട്ടിപിടിച്ച് മുംബൈയെ വിജയത്തിലെത്തിച്ചു. അതൊരു തുടക്കമായിരുന്നു.

2013ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 27 പന്തില്‍ 66 റണ്‍സ്, 2014ല്‍ കിങ്സ് ഇലവൻ പ‍ഞ്ചാബിനെതിരെ 12 പന്തില്‍ 28 റണ്‍സ്, 2015ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 14 പന്തില്‍ 26 റണ്‍സ്, മൂന്നിനും സാക്ഷ്യം വഹിച്ചത് വാംഖഡെയായിരുന്നു. 2016ല്‍ കോലിപ്പട ഒരിക്കല്‍ക്കൂടി പൊള്ളാര്‍ഡിന് മുന്നില്‍ ഉത്തരമില്ലാതെ നിന്നു, 19 പന്തില്‍ 35 റണ്‍സെടുത്തായിരുന്നു മുംബൈയെ താരം ലക്ഷ്യം കടത്തിയത്, അന്ന് ബട്ട്ലറുമുണ്ടായിരുന്നു കൂട്ട്.

2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 17 പന്തില്‍ 51 റണ്‍സുമായി പൊള്ളാര്‍ഡ് നിറഞ്ഞാടി. അന്ന് ഏഴ് ഓവറില്‍ 69 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു 55-ാം നമ്പറുകാരൻ ക്രീസിലെത്തിയത്. 2019ല്‍ കിങ്സ് ഇലവൻ പഞ്ചാബിനെതിരെയായിരുന്നു പൊള്ളാര്‍ഡിന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് പിറന്നത്. മുംബൈക്ക് 60 പന്തില്‍ 133 റണ്‍സ് വേണ്ടപ്പോഴാണ് പൊള്ളാര്‍ഡ് എത്തുന്നത്. 

പത്ത് സിക്സുകളാണ് പോള്ളാര്‍ഡ് വാംഖഡയിലെ ഗ്യാലറിയിലേക്ക് പായിച്ചത്. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ നിറം കെടുത്തിക്കൊണ്ട് 31 പന്തില്‍ 83 റണ്‍സുമായി പൊള്ളാര്‍ഡ്. 

സ്വപ്നനഗരമായ ദുബായ്ക്കും വിരുന്നൊരുക്കി ഒരിക്കല്‍ പൊള്ളാര്‍ഡ്, 2020ല്‍. റിസീവിങ് എൻഡില്‍ അപ്പോഴും ബെംഗളൂരുവായിരുന്നു. മുംബൈക്ക് ആറ് ഓവറില്‍ ജയിക്കാൻ 103 റണ്‍സ്. 24 പന്തില്‍ 60 റണ്‍സുമായി മുംബൈയെ ബെംഗളൂരുവിന് ഒപ്പമെത്തിച്ചു പൊള്ളാര്‍ഡ്. സൂപ്പര്‍ ഓവറില്‍ കീഴടങ്ങിയെങ്കിലും സീസണിലെ ഏറ്റവും ത്രില്ലിങ് ആയ മത്സരം ആരാധകര്‍ക്ക് ലഭിച്ചു.

അവസാനമായി പൊള്ളാര്‍ഡിന്റെ ബാറ്റിന്റെ ഹീറോയിക്സ് കണ്ടത് 2021ലാണ്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു മറുതലയ്ക്കല്‍. 218 റണ്‍സെന്ന മാമത്ത് സ്കോറായിരുന്നു മുംബൈക്ക് മുന്നില്‍. 81-3 എന്ന സ്കോറില്‍ മുംബൈ സമ്മര്‍ദത്തിലായപ്പോഴാണ് പൊള്ളാര്‍ഡ് മൈതാനത്ത് എത്തിയത്. ജയിക്കാൻ ഒൻപത് ഓവറില്‍ 135 റണ്‍സ്.

ധോണിയെന്ന നായകന് പിടിച്ചുനിര്‍ത്താനായില്ല പൊള്ളാര്‍ഡ് ഫോഴ്സിനെ. എട്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 34 പന്തില്‍ 87 റണ്‍സ്. ബ്ലോക്ക്ബസ്റ്റര്‍ ഫിനിഷായിരുന്നു അത്, അമ്പരപ്പിച്ച ക്ലൈമാക്സും. അന്ന് ഡല്‍ഹിയിലെ മൈതാനത്ത് പൊള്ളാര്‍ഡിനെ അത്രത്തോളം അഗ്രസീവായായിരുന്നു കണ്ടത്. മുംബൈക്ക് ഒരിക്കലും മറക്കാനാകാത്ത രാവ് സമ്മാനിച്ചായിരുന്നു അയാള്‍ അന്ന് കളം വിട്ടതും.

കളി പറയുന്നിടത്തെല്ലാം പാടിനടക്കാൻ ഒരുപിടി വീരകഥകള്‍ സമ്മാനിച്ച മുംബൈയുടെ രക്ഷകൻ. തൊല്‍വിയുറപ്പിച്ച നിമിഷം അയാളിലേക്കായിരുന്നു മുംബൈ നോക്കിയത്. പകരം വെക്കാൻ ഇന്നുമായിട്ടില്ല. കാമറൂണ്‍ ഗ്രീനിനും ടിം ഡേവിഡിനും ആ വിടവ് നികത്താനായില്ല. പൊള്ളാര്‍ഡിനെ പോലൊരു താരമുണ്ടായിരുന്നെങ്കില്‍ പോയിന്റ് പട്ടികയുടെ തലപ്പത്ത് കയറാൻ മുംബൈക്കായേനെ.

vuukle one pixel image
click me!