300 അടിക്കണോ ജയിക്കണോ? ഹൈദരാബാദും ആശയക്കുഴപ്പവും!

ഹൈപ്പിനോട് നീതി പുലര്‍ത്താൻ ഓറഞ്ച് ആര്‍മിക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും?

SRH want to win or to score 300 in IPL

300 എന്ന സ്കോറിന്റെ മാന്ത്രിക വലയത്തിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ്. റണ്‍മലകയറ്റം പതിവാക്കിയൊരു ടീമില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്. മറ്റേതൊരു ടീമും നേരിടാൻ ഭയക്കുന്ന നിര, അത്രത്തോളം വലുതാണ് ഹൈദരാബാദിന്റെ ആയുധപ്പുര. പക്ഷേ, കടലാസിലെ പേരുകളും ചരിത്രവും പോയിന്റ് പട്ടികയിലെ അവസാന സ്ഥനവും ചേര്‍ന്നുനില്‍ക്കുന്നില്ല. ഹൈപ്പിനോട് നീതി പുലര്‍ത്താൻ ഓറഞ്ച് ആര്‍മിക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും?

തലപ്പത്തുനിന്ന് തന്നെ തുടങ്ങാം. പവര്‍പ്ലേയില്‍ 125 റണ്‍സ് സ്കോര്‍ ചെയ്ത ചരിത്രമുള്ളവരാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും. കഴിഞ്ഞ സീസണില്‍ ഇരുവരുടേയും കൂട്ടുകെട്ട് ശരാശരി ഒരു ഓവറില്‍ നേടിയത് 14 റണ്‍സോളമായിരുന്നു. അസാധാരണ പ്രകടനം. എന്നാല്‍, ഈ സീസണില്‍ ഇരുവരുടേയും ബാറ്റ് സാധാരണ നിലയിലേക്ക് എത്തിയിരിക്കുന്നു. പവ‍ര്‍പ്ലേയില്‍ പവര്‍ലെസായ ഹൈദരാബാദിനെയാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കണ്ടത്.

Latest Videos

ട്രാവിസ് ഹെഡ് അത്ര നിരാശപ്പെടുത്തിയിട്ടില്ല. നാല് മത്സരങ്ങളില്‍ നിന്ന് 191 സ്ട്രൈക്ക് റേറ്റില്‍ 140 റണ്‍സ് ഇതുവരെ നേടി. കൊല്‍ക്കത്തയ്ക്കെതിരെ മാത്രമാണ് ഒറ്റ അക്കത്തിലൊതുങ്ങിയത്. എന്നാല്‍, അഭിഷേക് ശര്‍മയുടെ ബാറ്റ് കഴിഞ്ഞ സീസണിന്റെ നിഴല്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. 6, 1, 2 എന്നിങ്ങനെയാണ് അഭിഷേകിന്റെ മൂന്ന് മത്സരങ്ങളിലെ സ്കോര്‍. ഒരു മത്സരത്തില്‍ പോലും ഇത്തവണ അഭിഷേക് പവര്‍പ്ലെ താണ്ടിയിട്ടില്ല. 

കത്തിക്കയറി എരിഞ്ഞടങ്ങുകയാണ് ഇഷാൻ കിഷൻ. ആദ്യ മത്സരത്തില്‍ സെഞ്ചുറിയോടെ തുടങ്ങിയ ഇഷാന് പിന്നീടൊരിക്കലും രണ്ടക്കം കടക്കാനായിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് നാല് റണ്‍സ് മാത്രമാണ്. വിക്കറ്റുകള്‍ വീഴുമ്പോള്‍ നിലയുറപ്പിക്കാൻ ഒരു ശ്രമം പോലും നടത്താതെ കീഴടങ്ങുന്ന ഇഷാനെയാണ് ക്രീസില്‍ കാണുന്നത്, കൊല്‍ക്കത്തയ്ക്കെതിരെയും അതിന് മാറ്റമുണ്ടായില്ല എന്നതാണ് ആശങ്ക.

മൂവരുടയത്രയും അപകടകാരിയല്ലെങ്കിലും നിതീഷ് കുമാറും പ്രതിക്ഷയ്ക്കൊത്ത് ഉയരുന്നില്ല. കിട്ടിയ തുടക്കങ്ങള്‍ മുതലാക്കാൻ താരത്തിന് സാധിക്കാതെ പോകുന്നു. ക്ലാസനും അനികേതിനും നല്‍കിയിട്ടുള്ള ഫിനിഷിങ് ഉത്തരവാദിത്തം ഒരു പരിധി വരെ നിറവേറ്റാൻ ഇരുവര്‍ക്കുമായിട്ടുണ്ട്. സീസണിലെ സ‍ര്‍പ്രൈസ് പാക്കേജാണ് അനികേത്. 

സ്വന്തം മൈതാനത്തിന് പുറത്തുനടന്ന രണ്ട് മത്സരങ്ങളിലും ടീം ഓള്‍ ഔട്ടാവുകയായിരുന്നു. പിച്ച് റീഡ് ചെയ്യുന്നതിലെ ഹൈദരാബാദ് ബാറ്റര്‍മാരുടെ പിഴവും ഇതിന് കാരണമാണ്. ഹൈദരാബാദ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ലക്നൗ പിന്തുടര്‍ന്ന് ജയിച്ചത് 16.3 ഓവറിലാണ്. ഡല്‍ഹിയും 16 ഓവറുകളില്‍ ഹൈദരാബാദിനെ കീഴടക്കി. പിച്ച് മനസിലാക്കുന്നതില്‍ താനത്ര മിടുക്കനല്ലെന്ന്  കമ്മിൻസിന്റെ കുറ്റസമ്മതം ശരിവെക്കുന്നതായിരുന്നു ഈ രണ്ട് മത്സരങ്ങളും. അതിന് അടിവരയിട്ടു കൊല്‍ക്കത്തയ്ക്കെതിരായ മത്സരം.

ബാറ്റര്‍മാര്‍ ഒരുവശത്ത് മിസ് ഫയറാകുമ്പോള്‍ അവസരത്തിനൊത്ത് ബൗളര്‍മാര്‍ ഉയരുന്നില്ല എന്നത് മറ്റൊരു ആശങ്കയായി അവശേഷിക്കുന്നു. ലോകോത്തര ബൗളര്‍മാരായ പാറ്റ് കമ്മിൻസും മുഹമ്മദ് ഷമിയും ഓറഞ്ച് കുപ്പായത്തില്‍ നിരന്തരം ബൗണ്ടറി കടക്കുകയാണ്. കമ്മിൻസിന്റെ എക്കണോമി 12ന് മുകളിലും ഷമിയുടേത് പത്തുമാണ്. 

യുവതാരവും സ്പിന്നറുമായ സീഷൻ അൻസാരിയാണ് ഹൈദരാബാദിനായി സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബൗളര്‍. രണ്ട് കളികളില്‍ നിന്ന് നാല് വിക്കറ്റ് താരം നേടിയിട്ടുണ്ട്. സാമ്പയുടെ പന്തുകളും വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കാൻ വൈകുന്നതിനാലാണ് അൻസാരിയിലേക്ക് മാനേജ്മെന്റിന് പോകേണ്ടി വന്നത്. പേരിനൊത്ത പകിട്ടിലേക്ക് എത്താൻ ഒരു ഹൈദരാബാദ് താരത്തിനും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സാധിച്ചില്ല.

പിച്ചിനെ അളന്ന് സേഫായൊരു സ്കോര്‍ പടുത്തുയര്‍ത്തുക, ആ ശൈലിയുള്ള ടീം നമ്മളല്ല. 280 റണ്‍സ് ആദ്യ കളിയില്‍ സ്കോര്‍ ചെയ്ത ടീം, അതാണ് നമ്മള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് ശൈഷം ഹൈദരാബാദ് ഡ്രെസിങ് റൂമിലിരുന്ന് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞ വാക്കുകളാണിത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം കമ്മിൻസിന്റെ വാക്കുകളില്‍ അല്‍പ്പം മാറ്റമുണ്ടായി. 

കൂറ്റനടികളിലൂടെ റണ്‍സ് നേടാൻ സാധിക്കുന്നില്ലെങ്കില്‍ മറ്റ് വഴികളും നോക്കാമെന്നൊരു വാചകം കമ്മിൻസ് പറഞ്ഞു. അല്‍പ്പം ക്ഷമയോടെ പിച്ചിനെ മനസിലാക്കി ബാറ്റ് ചെയ്താല്‍ പിന്നീട് അനായാസം സ്കോര്‍ ചെയ്യാനാകുമെന്ന് വെങ്കടേഷ് അയ്യരുടെ ഇന്നിങ്സ് തെളിയിച്ചതാണ്. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോള്‍ ഈ ശൈലി സ്വീകരിക്കുന്നത് മോശമല്ലെന്നത് കൊല്‍ക്കത്തയുടെ വിജയം പഠിപ്പിച്ചുതരുന്നു. മൂന്ന് തുടര്‍തോല്‍വികള്‍, ഫോമിലല്ലാത്ത മുൻനിര ബാറ്റര്‍മാര്‍, താളം കണ്ടെത്താത്ത ബൗളര്‍മാര്‍, ഇരുത്തിചിന്തിക്കാൻ ഹൈദരാബാദിന് ഏറെയുണ്ട്.

vuukle one pixel image
click me!