മഹാവിസ്ഫോടനത്തിന് 100 ദശലക്ഷം വർഷങ്ങൾക്ക് ശേഷം പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടിരിക്കാം- പഠനം

പ്രപഞ്ചത്തിലെ ജല ഉത്ഭവത്തെ കുറിച്ച് ഇതുവരെയുള്ള ധാരണകളെല്ലാം തിരുത്തുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍, നാം കരുതിയിരുന്നതിനേക്കാള്‍ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവന് ആവശ്യമായ സാഹചര്യങ്ങൾ പ്രപഞ്ചത്തില്‍ നിലനിന്നിരുന്നുവെന്ന് സൂചന


പ്രപഞ്ചത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് എപ്പോഴാണ്? നമുക്ക് കൃത്യമായി അതറിയില്ല, പക്ഷേ ഈ ചോദ്യത്തിന്‍റെ ഉത്തരം പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടതുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ജലം ആദ്യമായി എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മഹാവിസ്ഫോടനത്തിന് 100 ദശലക്ഷം മുതൽ 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടത് എന്നാണ്. അതായത് മുമ്പ് കരുതിയിരുന്നതിനേക്കാൾ നേരത്തെ പ്രപഞ്ചത്തിൽ വെള്ളം രൂപപ്പെട്ടിരിക്കാമെന്നും ആദ്യത്തെ ഗാലക്സികളുടെ ഒരു പ്രധാന ഭാഗമായിരിക്കാം ജലം എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇതുവരെ കണക്കാക്കിയതിനേക്കാൾ വളരെ മുമ്പുതന്നെ പ്രപഞ്ചത്തിൽ ജല തന്മാത്രകൾ ഉയർന്നുവന്നിരിക്കാം എന്നാണ് പുതിയ പഠനം പറയുന്നത്. ഇത് സംബന്ധിച്ച പഠനം നേച്ചര്‍ ആസ്ട്രോണമി പ്രസിദ്ധീകരിച്ചു. ഗ്രഹങ്ങളുടെയും ജൈവ പരിണാമത്തിന്‍റെയും സമയക്രമത്തെക്കുറിച്ചുള്ള മുൻ സിദ്ധാന്തങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, മഹാവിസ്ഫോടനത്തിന് 100 മുതൽ 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം വെള്ളം രൂപപ്പെട്ടിരിക്കാമെന്ന ഈ പുതിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കപ്പെട്ടാൽ, പ്രപഞ്ചത്തിൽ ജീവൻ എപ്പോൾ, എവിടെ ഉത്ഭവിച്ചിരിക്കാം എന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണയെ ഗണ്യമായി മാറ്റിമറിക്കും.

Latest Videos

ആദ്യകാല സൂപ്പർനോവകൾ ജലത്തിന്‍റെ സൃഷ്‍ടിയിൽ നിർണായക പങ്ക് വഹിച്ചതായി നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പ്രപഞ്ചം തുടക്കത്തിൽ ഹൈഡ്രജൻ, ഹീലിയം, ലിഥിയം തുടങ്ങിയ അടിസ്ഥാന മൂലകങ്ങളായിരുന്നു. ജലത്തിന് ആവശ്യമായ ഘടകമായ ഓക്സിജൻ ഒന്നാം തലമുറ നക്ഷത്രങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടു, പിന്നീട് സൂപ്പർനോവ സംഭവങ്ങളിൽ അവ പൊട്ടിത്തെറിച്ചു. ബഹിരാകാശത്ത് വെള്ളം ആദ്യമായി എങ്ങനെ, എപ്പോൾ പ്രത്യക്ഷപ്പെട്ടുവെന്ന് നിർണ്ണയിക്കാൻ, അറിയപ്പെടുന്ന ആദ്യകാല നക്ഷത്ര സ്ഫോടനങ്ങളായ പോപ്പുലേഷൻ III സൂപ്പർനോവകളെ പഠനം പരിശോധിച്ചു.

പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡാനിയേൽ വാലന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കോർ-കൊളാപ്സ് സൂപ്പർനോവകൾ പെയർ-ഇൻസ്ടെബിലിറ്റി സൂപ്പർനോവകൾ എന്നിങ്ങനെ രണ്ട് തരം സൂപ്പർനോവകളുടെ മോഡലുകൾ വിശകലനം ചെയ്തു. രണ്ട് തരങ്ങളും ജല തന്മാത്രകൾ രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ള സാന്ദ്രമായ വാതക മേഘങ്ങൾ സൃഷ്ടിച്ചു. ഈ സൂപ്പർനോവകൾക്കുള്ളിൽ സൃഷ്ടിക്കപ്പെട്ട ഓക്സിജൻ ഹൈഡ്രജനുമായി സംയോജിച്ച് വെള്ളം ഉത്പാദിപ്പിക്കുകയും ജീവന് ആവശ്യമായ അവശ്യ മൂലകങ്ങൾക്ക് അടിത്തറയിടുകയും ചെയ്തുവെന്ന് ലൈവ് സയൻസിന് നൽകിയ പ്രസ്‍താവനയിൽ ഡാനിയേൽ വാലൻ വിശദീകരിച്ചു.

ആദ്യത്തെ ഗാലക്സികളുടെ രൂപീകരണ സമയത്ത് വെള്ളം അതിജീവിച്ചിരുന്നെങ്കിൽ, അത് ഒരു വിനാശകരമായ പ്രക്രിയയാണെങ്കിൽ, കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തിലും അത് ഉൾപ്പെട്ടിരിക്കാമെന്ന് പ്രബന്ധത്തിൽ ഗവേഷകർ അഭിപ്രായപ്പെടുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ളവ ഉൾപ്പെടെ കൂടുതൽ നിരീക്ഷണങ്ങളിലൂടെ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ,  പ്രപഞ്ചത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് എപ്പോഴാണ് എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ധാരണയെ ഈ കണ്ടെത്തലുകൾ അടിമുടി മാറ്റിയേക്കാം.

Read more: 2026ൽ ഒപ്റ്റിമസ് ഹ്യുമനോയിഡ് റോബോട്ടുമായി സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!