നിങ്ങള്‍ വിശ്വസിക്കില്ലായിരിക്കും, എന്നാലും ഈ കാഴ്ച കണ്ടാല്‍ ജീവിതം ധന്യമായി; ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്ന അവിശ്വസനീയ ദൃശ്യങ്ങള്‍ പകര്‍ത്തി ഡോണ്‍ പെറ്റിറ്റ്
കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ അതിവേഗത്തില്‍ ചുറ്റിക്കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം, അതിന് കൈകൊടുത്ത് ഒന്നായിത്തീരുന്ന മറ്റൊരു പേടകം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിംഗ് പ്രക്രിയ നാം സാധാരണക്കാര്‍ക്ക് അവിശ്വസനീയമായ, തലയില്‍ കൈവെച്ച് മാത്രം കാണാന്‍ കഴിയുന്ന ഒരു വിസ്മയമാണ്. എങ്ങനെ ബഹിരാകാശത്ത് വച്ച് രണ്ട് പേടകങ്ങള്‍ മില്ലീമീറ്ററുകളുടെ പോലും അളവുകള്‍ തെറ്റാതെ ഒന്നായിത്തീരുന്നു എന്ന് അത്ഭുതംകൂറുന്ന എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂ-10 ദൗത്യ സംഘവുമായി പറന്ന ഡ്രാഗണ്‍ പേടകം നിലയത്തില്‍ ഡോക്ക് ചെയ്യുന്ന അതിശയ വീഡിയോ കാണാം. നിലയത്തിലുള്ള നാസ സഞ്ചാരിയും പ്രപഞ്ചത്തിന്‍റെ അനേകം വിസ്മയ ചിത്രങ്ങളും വീഡിയോകളും ഇതിനകം പകര്‍ത്തിയ ഫോട്ടോഗ്രാഫറുമായ ഡോണ്‍ പെറ്റിറ്റാണ് ഈ കാഴ്ച ക്യാമറയിലാക്കിയത്. അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന് മുകളില്‍ വച്ച് ഡ്രാഗണും ഐഎസ്എസും ഡോക്ക് ചെയ്യപ്പെടുന്ന വീഡിയോ ചുവടെ.
Crew 10 Dragon vehicle arriving! pic.twitter.com/3EZZyZW18b
— Don Pettit (@astro_Pettit)അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് സഞ്ചാരികളുമായി എത്തിയ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകം ഇന്ന് രാവിലെയാണ് നിലയത്തില്‍ ഡോക്ക് ചെയ്തത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ തകുയ ഒനിഷിയും റഷ്യയുടെ കിറിൽ പെസ്‌കോവുമാണ് ഈ പേടകത്തില്‍ ഐഎസ്എസില്‍ എത്തിച്ചേര്‍ന്നത്. നിലയത്തിലുള്ള നാസയുടെ നിക്ക് ഹേഗ്, ഡോണ്‍ പെറ്റിറ്റ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബുനോവ്, അലക്സി ഒവ്‌ചിനിന്‍, ഇവാന്‍ വാഗ്നര്‍ എന്നിവരും ചേര്‍ന്ന് നാല്‍വര്‍ സംഘത്തെ സ്വാഗതം ചെയ്തു.
ഇനി ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബനോവും ഇരിപ്പിടം പിടിക്കും. ഒന്‍പത് മാസത്തിലേറെ നീണ്ട ഐഎസ്എസ് ജീവിതത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
Read more: ആലിംഗനം ചെയ്ത് സ്വീകരിച്ച് സുനിത വില്യംസ്; ക്രൂ-10 സംഘം ബഹിരാകാശ നിലയത്തില്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം