ഡ്രാഗണിന്‍റെ അടുത്ത സ്റ്റോപ്പ് ഭൂമി, പക്ഷേ സുനിത വില്യംസ് നേരെ വീട്ടിലേക്കല്ല; ആദ്യം പോവുക ആശുപത്രിയിലേക്ക്

ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പോസ്റ്റ്-ഫ്രൈറ്റ് റീ-ഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്, എന്താണ് സുനിത വില്യംസ് അടക്കമുള്ളവര്‍ വിധേയമാവുന്ന പരിശോധനകളും പരിശീലനങ്ങളും എന്ന് വിശദമായി അറിയാം. 

Crew 9 members Sunita Williams Butch Wilmore Nick Hague Aleksandr Gorbunov to undergo Post flight rehabilitation after Dragon splashdown

ഹൂസ്റ്റണ്‍: നീണ്ട 9 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം നാസയുടെ സുനിത വില്യംസും ബുച്ച് ബുല്‍മോറും ഭൂമിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യം ഇന്ന് രാവിലെയൊണ് ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് അണ്‍ഡോക്ക് ചെയ്തത്. സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോവും സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയിലേക്ക് മടക്കയാത്രയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്താലുടന്‍ ഈ നാല്‍വര്‍ സംഘത്തെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ശേഷമാകും അവരവരുടെ വീട്ടിലേക്കുള്ള മടക്കം. 

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ തിരികെ ഭൂമിയിലെത്തിക്കുന്ന ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഡ്രാഗണ്‍ പേടകം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആണ് ലാന്‍ഡ് ചെയ്യുക. ഇതിന് ശേഷം ക്യാപ്‌സൂള്‍ നാസയും സ്പേസ് എക്സും ചേര്‍ന്ന് കരയ്ക്കെത്തിക്കും. ലോ-ഗ്രാവിറ്റിയില്‍ നിന്നാണ് ബഹിരാകാശ യാത്രികരുടെ വരവ് എന്നതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തിച്ച് പോസ്റ്റ്-ഫ്ലൈറ്റ് വൈദ്യപരിശോധനയ്ക്ക് നാസ ആദ്യം വിധേയമാക്കും. നാല് സഞ്ചാരികള്‍ക്കും ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നാസയുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നല്‍കും. 

Latest Videos

പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍

ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിനായി ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ബഹിരാകാശ യാത്രയ്ക്ക് ശേഷവും ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ വിശദ പരിശോധനയും റീഹാബിലിറ്റേഷനും. ഇതിന്‍റെ ഭാഗമായി ശാരീരിക പരിശോധനകള്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ പോസ്റ്റ്-ഫ്ലൈറ്റ് മെഡിക്കൽ ടെസ്റ്റുകളും അവലോകനങ്ങളും സ്പേസ് മെഡിസിനില്‍ പരിചയസമ്പന്നരായ നാസയുടെ മെഡിക്കല്‍ സംഘം നടത്തും. ഒരു ഫ്ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും, ഫിസിയോതെറാപ്പിസ്റ്റും ചേര്‍ന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം നാസ ശാസ്ത്രീയമായി തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്. 

ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പാക്കാനായി മാത്രമല്ല, ഭാവി പര്യവേഷണങ്ങള്‍ക്ക് മുമ്പ് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികളെ കുറിച്ച് അറിയാന്‍ കൂടിയാണ് നാസ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കി, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട ശേഷമേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് പോകും മുമ്പുള്ള കഠിന പരിശീലനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനും.

Read more: 9 മാസത്തെ കാത്തിരിപ്പാണ്! സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ ലാന്‍ഡിംഗ് തത്സമയം കാണാന്‍ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!