ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് പരിശോധനകൾ നടത്തിയത്.
ജിദ്ദ: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സകാത്-നികുതി കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ശീതീകരിച്ച ചിക്കൻ റഫ്രിജറേഷൻ യൂനിറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 46.8 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്.
കപ്പലിലുള്ള ചരക്കിൽ റഫ്രിജറേറ്ററിനുള്ളിൽ വളരെ വിദഗ്ധമായ നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും നേരിട്ടും നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വിദഗ്ധമായി ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്.
രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് അതോറിറ്റി സുരക്ഷാ പരിശോധനകൾ കര്‍ശനമായി നടത്തുന്നുണ്ട്. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന ഹോട്ട്ലൈൻ നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Read Also - വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി