തീരുവയില്‍ 'എതിര്‍വാ' ഇല്ല; തലങ്ങും വിലങ്ങും തീരുവ ചുമത്തി ട്രംപ്, വ്യാപാരങ്ങളെ എങ്ങനെ ബാധിക്കും

തങ്ങള്‍ക്ക് തീരുവ ചുമത്തിയാല്‍ ശക്തമായ തീരുവ തിരിച്ചും ചുമത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണി അമേരിക്ക നടപ്പാക്കിയിരിക്കുന്നു.

What are Trump's new reciprocal tariffs and how will they impact trade?

ഗോളതലത്തില്‍ സ്വതന്ത്രവ്യാപാരത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായി വാദിച്ചിരുന്ന ഒരു രാജ്യം, ആ നയങ്ങളെല്ലാം കാറ്റില്‍പ്പറത്തി എല്ലാ രാജ്യങ്ങള്‍ക്കും തലങ്ങുംവിലങ്ങും തീരുവ ചുമത്തുന്നതിന്റെ ഞെട്ടലിലാണ് ലോകം. തങ്ങള്‍ക്ക് തീരുവ ചുമത്തിയാല്‍ ശക്തമായ തീരുവ തിരിച്ചും ചുമത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണി അമേരിക്ക നടപ്പാക്കിയിരിക്കുന്നു. ഏത് രാജ്യം അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്താലും ഇനി 10 ശതമാനം അടിസ്ഥാന തീരുവ അടയ്ക്കണം. ഇതോടെ സ്വതന്ത്രവ്യാപാരം എന്ന നയം യുഎസ് പൂര്‍ണമായും പുറംതള്ളി. മോദി അടുത്ത സുഹൃത്താണെങ്കിലും ഇന്ത്യയ്ക്ക് ഇളവൊന്നുമില്ലെന്ന് പറഞ്ഞ് 26 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. 20 ശതമാനം തീരുവ ചുമത്തപ്പെട്ട യൂറോപ്യന്‍ യൂണിയന്‍, 24 ശതമാനം തീരുവ നല്‍കേണ്ട ജപ്പാന്‍, 25 ശതമാനം തീരുവ ഏര്‍പ്പെടുത്തപ്പെട്ട ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ കൂടുതലാണ്.

അതേ സമയം ട്രംപിന്‍റെ കണ്ണിലെ കരടായ ചൈനയ്ക്ക് 34 ശതമാനം ആണ് തീരുവ. നേരത്തെ ഏര്‍പ്പെടുത്തിയ 20 ശതമാനം തീരുവ കൂടി കൂട്ടുമ്പോള്‍ ആകെ 54 ശതമാനം ആയി തീരുവ കുതിച്ചുയര്‍ന്നു. വിയറ്റ്നാമും തായ്വാനും ട്രംപിന്‍റെ തീരുവയുടെ ചൂടറിഞ്ഞു. യഥാക്രം 45 ശതമാനം, 32 ശതമാനം എന്നിങ്ങനെയാണ് ഇരു രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിന് 37 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവും ശ്രീലങ്കയ്ക്ക് 44 ശതമാനവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്ന ബ്രസീലിന് പക്ഷെ 10 ശതമാനം തീരുവ മാത്രമേ ചുമത്തിയിട്ടുള്ളൂ. നേരത്തെ തീരുവ ചുമത്തപ്പെട്ട വാഹനങ്ങള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, സ്റ്റീല്‍, അലുമിനിയം എന്നിവ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Latest Videos

ഏറ്റവും കൂടുതല്‍ തീരുവ ഇവര്‍ക്ക്

ലെസോത്തോ, നാലുവശവും സൌത്ത് ആഫ്രിക്കയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യം. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തെ ആകെ ജനസംഖ്യ 20 ലക്ഷം ആണ്. ട്രംപ് ഇന്നലെ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയ രാജ്യമാണ് ലെസോത്തോ. 50 ശതമാനമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇവര്‍ 99 ശതമാനം തീരുവ ചുമത്തുന്ന സാഹചര്യത്തിലാണ് ലെസൊത്തോയ്ക്കെതിരെ ഇത്രയധികം തീരുവ ചുമത്തിയിരിക്കുന്നത്. കംബോഡിയ - 49%, ലാവോസ് - 48%, മഡഗാസ്കര്‍ - 47% ,മ്യാന്‍മര്‍  - 44 ശതമാനം വീതം, സെര്‍ബിയ, ബോട്സ്വാന - 37% വീതം എന്നിവയാണ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തപ്പെട്ട രാജ്യങ്ങള്‍.  

അടിസ്ഥാന തീരുവ മാത്രം നല്‍കേണ്ട രാജ്യങ്ങള്‍

യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ബ്രസീല്‍, ചിലി, തുര്‍ക്കി, അര്‍ജന്‍റീന, ഇക്വഡോര്‍, പെറു, ന്യൂസിലാന്‍റ്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവയായ 10 ശതമാനം മാത്രം നല്‍കിയാല്‍ മതി.

vuukle one pixel image
click me!