'വെറുതേ ടിക്കറ്റ് അയച്ചാല്‍ മാത്രം പോരാ, അവകാശങ്ങള്‍ കൂടെ അറിയിക്കണം'; യാത്രക്കാര്‍ക്കായി ഡിജിസിഎ ഇടപെടല്‍

ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍, യാത്രക്കാരുടെ അവകാശങ്ങള്‍ എല്ലാ എയര്‍ലൈനുകളും യാത്രക്കാരെ നേരിട്ട് അറിയിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Know your rights, DGCA tells airlines to share passenger info via SMS

വീല്‍ ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും അത് നല്‍കാതിരിക്കുക, ബാഗേജ് നഷ്ടപ്പെട്ടാല്‍ നഷ്ട പരിഹാരം ലഭിക്കാതിരിക്കുക തുടങ്ങി ഏതെങ്കിലും ബുദ്ധിമുട്ട് വിമാനയാത്രക്കിടയില്‍ സംഭവിച്ചിട്ടുണ്ടോ?.. പലപ്പോഴും ഇത്തരം അന്യായമായ നടപടികള്‍ വിമാനകമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത് ചോദ്യം ചെയ്യപ്പെടാറില്ല.. യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതാണ് പലരുടേയും പ്രശ്നം. ഇതിന് പരിഹാരമെന്ന നിലയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍, യാത്രക്കാരുടെ അവകാശങ്ങള്‍ എല്ലാ എയര്‍ലൈനുകളും യാത്രക്കാരെ നേരിട്ട് അറിയിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  വ്ിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി  സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നല്‍കുന്ന പാസഞ്ചര്‍ ചാര്‍ട്ടറിന്‍റെ ലിങ്ക് എസ്എംഎസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി എല്ലാ എയര്‍ലൈനുകളും യാത്രക്കാര്‍ക്ക് അയയ്ക്കണം. കൂടാതെ, ഈ വിവരങ്ങള്‍ എയര്‍ലൈന്‍ ടിക്കറ്റുകളിലും വെബ്സൈറ്റുകളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും യാത്രക്കാര്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്നും ഡിജിഎസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Latest Videos

വിമാനങ്ങള്‍ വൈകുകയാണെങ്കില്‍ ലഭിക്കുന്ന നഷ്ടപരിഹാരം, ബാഗേജ് നഷ്ടപ്പെട്ടാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം, വീല്‍ചെയര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഉള്‍പ്പെടെയുള്ള അവകാശങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്  83 വയസ്സുള്ള യാത്രിക.യ്ക്ക് വീല്‍ചെയര്‍ നിഷേധിച്ച സംഭവത്തെത്തുടര്‍ന്നാണ് ഡിജിസിഎയുടെ ഇടപടെല്‍. മുന്‍കൂട്ടി  ബുക്ക് ചെയ്തിട്ടും അവര്‍ക്ക് വീല്‍ ചെയര്‍ ലഭിച്ചിരുന്നില്ല. ഈ യാത്രികക്ക് തങ്ങളുടെ അവകാശത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ വിലയിരുത്തല്‍.  യാത്രക്കാരുടെ അവകാശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലൂടെ, അസൗകര്യങ്ങള്‍ കുറയ്ക്കാനും വിമാനക്കമ്പനികള്‍ അവരുടെ സേവനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാണെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

vuukle one pixel image
click me!