അവര്‍ക്ക് മോശം ജോലിയാണെന്നും അവരോട് മിണ്ടരുതെന്നും അമ്മ അവനോട് പറഞ്ഞിരുന്നു. പക്ഷേ, ആ നിമിഷം അവര്‍ അവനൊരു വലിയ ആശ്രയമായി മാറുകയായിരുന്നു.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഷിന്‍റു സി ശേഖര്‍ എഴുതുന്നു.
വീട്ടില്‍ തനിച്ച്, പനിച്ച് വിറച്ച് വിശന്നു വലഞ്ഞ് അവന്‍ ദിവസങ്ങളോളം കിടന്നു. ആരും വന്നില്ല. ഒരു ദിവസം 'മോനേ' എന്നൊരു വിളി കേട്ടാണ് അവന്‍ കണ്ണു തുറന്നത്. അമ്മേ എന്ന് അവന്‍ തിരിച്ചു വിളിച്ചു. അമ്മ തന്നെ എന്ന് പറഞ്ഞ് അവര്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
എന്‍റെ ജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത, അടുപ്പമുള്ള ചിലരുടെ വാക്കുകളിലൂടെ എനിക്ക് സുപരിചിതയായ സ്ത്രീ. എന്‍റെയൊരു ബന്ധുവിന്‍റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിന്‍റെ ഭാഗമായ സ്ത്രീ. അവന്‍റെ ജീവിതത്തില്‍ വെളിച്ചമായി മാറിയതാണ് അവര്‍.
ആ ചെറുപ്പക്കാരനെ നമുക്ക് അജ്മല്‍ എന്ന് വിളിക്കാം. അധ്യാപകനാണ് അജ്മല്‍. അവന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് ഒരാളുടെ മനസ്സിന്‍റെ നന്മ കൊണ്ട് മാത്രമാണ്. അവരാണ് 'അവന്‍റെ ജീവിതത്തിലെ സ്ത്രീ.'
അത് ആരാണെന്ന് പറയുന്നതിന് മുന്‍പ് ഒരു ചെറിയ കഥ പറയാം. എന്‍റെ ബന്ധുവിലൂടെ ഞാന്‍ കേട്ടറിഞ്ഞ കഥ.
കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അജ്മലിന്‍റെ വീട്. അവിടെ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന അമീറിന്‍റെയും ഭാര്യ മായയുടേയും ഏക മകനാണ് അവന്‍. രണ്ട് പേരുടെയും പേരുകള്‍ കേട്ടപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. അന്നത്തെ കാലത്ത് നാട്ടില്‍ വലിയ വിപ്ലവം നടത്തിക്കൊണ്ടാണ് അവന്‍റെ ഉപ്പയും അമ്മയും ഒരുമിച്ച് ജിവിതം ആരംഭിക്കുന്നത്. നാട്ടിലെ വലിയ പ്രമാണി കുടുംബാംഗങ്ങള്‍ ആയിരുന്നു രണ്ട് പേരും. മതം മുന്നിലൊരു പ്രതിസന്ധിയായപ്പോള്‍ ഇറങ്ങി വന്നതാണ് അമ്മ. രണ്ടുപേരെയും അവരുടെ വീടുകളില്‍ നിന്നും പടിയടച്ച് പിണ്ഡം വെച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂട്ടുകാരുടെ സഹായത്തോടെ കുറച്ചകലെ ഒരു വാടക വീട് സംഘടിപ്പിച്ച് അതിനോട് ചേര്‍ന്ന് തന്നെ ഒരു ചെറിയ കടയും തുടങ്ങി അവര്‍ തങ്ങളുടെ ജിവിതം ആരംഭിച്ചു. സമാധാനം നിറഞ്ഞ ജീവിതത്തില്‍ അജ്മല്‍ കൂടെ വന്നതോടെ അവര്‍ അങ്ങേയറ്റം സന്തോഷിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വന്തമെന്ന് പറയാന്‍ ഒരു കൊച്ചു വീട് അജ്മലിന്‍റെ ഉപ്പ പണിയിച്ചു. പണത്തിന്‍റെ ചെറിയ ബുദ്ധിമുട്ടുകള്‍ അവരുടെ പരസ്പര സ്‌നേഹത്തില്‍ അലിഞ്ഞു പോയിരുന്നു.
അജ്മലിന് 6 വയസ്സ് ഉള്ളപ്പോഴാണ് അവന്‍റെ ഉപ്പയെ തിരക്കി കുറച്ച് പേര്‍ വീട്ടിലേക്ക് വരുന്നത്. ടൗണിലെ ബാങ്കില്‍ നിന്നാണ് അവര്‍ വന്നതെന്ന് പറഞ്ഞു. ഉപ്പ ഒരു സുഹൃത്തിന് വേണ്ടി തന്‍റെ കടയും വീടും പണയം വച്ച് ലോണ്‍ എടുത്തിരുന്നു എന്ന് അന്നാണ് അമ്മയും അവനും അറിയുന്നത്. അയാള്‍ ആ കാശും കൊണ്ട് നാടുവിട്ടു. ബാങ്കില്‍ നിന്നും വന്ന നോട്ടീസുകള്‍ ഉപ്പ ആരെയും കാണിച്ചില്ല. കടയും വീടും ജപ്തി ഭീഷണിയില്‍ ആയി. ലോണ്‍ തിരിച്ചടയ്ക്കാന്‍ ഉപ്പയുടെ മുന്നില്‍ വഴികളൊന്നും ഇല്ലായിരുന്നു. പരസ്പരം എന്തൊക്കെയോ പറഞ്ഞു കരയുന്ന ഉപ്പയെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ കുഞ്ഞ് അജ്മലിന് അറിയില്ലായിരുന്നു.
ബാങ്കുകാര്‍ വന്നുപോയ അന്ന് രാത്രിയില്‍ അമ്മ അവന് നേരത്തെ ചോറ് കൊടുത്തു. രണ്ട് പേരുടെയും ഇടയില്‍ ഉറങ്ങാന്‍ കിടന്ന അവനെ അവര്‍ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. ആ ഉമ്മകളുടെ ചൂടേറ്റ് അവന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ എഴുന്നേറ്റ അജ്മല്‍ അമ്മയെ കാണാഞ്ഞ് ചെന്നു നോക്കുമ്പോള്‍ അടുത്ത മുറിയിലെ കട്ടിലില്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്ന മാതാപിതാക്കളെയാണ് കണ്ടത്. പക്ഷേ, അവന്‍ ചെന്ന് വിളിച്ചപ്പോള്‍ അവര്‍ അനങ്ങിയില്ല. അവനെ ഈ വലിയ ലോകത്തില്‍ തനിച്ചാക്കി ഒരു കുപ്പി വിഷത്തിന്‍റെ സഹായത്തോടെ അവര്‍ രക്ഷപ്പെട്ടു.
ആകെ പകച്ചു പോയ ആ കുഞ്ഞിന് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. ബന്ധുക്കളാരും അവനെ അന്വേഷിച്ച് വന്നില്ല. ആ വീട്ടില്‍ തനിച്ച്, പനിച്ച് വിറച്ച് വിശന്നു വലഞ്ഞ് അവന്‍ ദിവസങ്ങളോളം കിടന്നു. ആരും വന്നില്ല.
ഒരു ദിവസം 'മോനേ' എന്നൊരു വിളി കേട്ടാണ് അവന്‍ കണ്ണു തുറന്നത്. അമ്മേ എന്ന് അവന്‍ തിരിച്ചു വിളിച്ചു. അമ്മ തന്നെ എന്ന് പറഞ്ഞ് അവര്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
അവന്‍ അമ്മേ എന്ന് വിളിച്ച് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവര്‍ അവനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. അത് അവരുടെ വീടിന്‍റെ പുറകിലെ വീട്ടില്‍ താമസിക്കുന്ന ഗീത എന്ന സ്ത്രീ ആയിരുന്നു. എല്ലാവരുടെയും ഭാഷയില്‍ അവര്‍ ഒരു 'മോശം സ്ത്രീ' ആയിരുന്നു. അമ്മ പോലും പലപ്പോഴും അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കുഞ്ഞ് അജ്മല്‍ കേട്ടിട്ടുണ്ട്. അവര്‍ക്ക് മോശം ജോലിയാണെന്നും അവരോട് മിണ്ടരുതെന്നും അമ്മ അവനോട് പറഞ്ഞിരുന്നു. പക്ഷേ, ആ നിമിഷം അവര്‍ അവനൊരു വലിയ ആശ്രയമായി മാറുകയായിരുന്നു.
കൊണ്ടു വന്ന കഞ്ഞി അവര്‍ അങ്ങേയറ്റം സ്‌നേഹത്തോടെ അവനെ കുടിപ്പിച്ചു. അവനെ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി... ആദ്യം അവന്‍ അവരെ ഗീതേച്ചി എന്ന് വിളിച്ചു. പതിയെ അത് ഗീതമ്മ ആയി മാറി. ഇപ്പോള്‍ അവന് അമ്മയാണ് അവര്‍.
അജ്മല്‍ കൂടെ ചെന്നതിന് ശേഷം ആ അമ്മ പഴയ ജോലി ഉപേക്ഷിച്ചു. ടൗണിലെ ഒരു തുണിക്കടയില്‍ ജോലിക്ക് പോയി തുടങ്ങി. ടൗണില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. അവനെ സ്‌കൂളില്‍ അയച്ചു, പഠിപ്പിച്ചു, അവന്‍റെ കാര്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റി. ഒടുവില്‍ അവനൊരു സ്‌കൂളില്‍ അധ്യാപകനായി. അവന് ജോലി കിട്ടിയതിന് ശേഷം ഗീതമ്മ ജോലിക്ക് പോയില്ല, അജ്മല്‍ അതിന് സമ്മതിച്ചില്ല എന്നതാണ് സത്യം.
ശരീരം തളര്‍ന്ന് കിടപ്പിലാണ് ഇന്ന് ആ അമ്മ. പണ്ട് അവന്‍റെ കാര്യങ്ങളെല്ലാം അമ്മ ചെയ്തു കൊടുത്തത് പോലെ ഇന്ന് അമ്മയുടെ കാര്യങ്ങള്‍ അവന്‍ ചെയ്യുന്നു. ഒരു കുഞ്ഞിനെ എന്നത് പോലെ അമ്മയെ അവന്‍ പരിചരിക്കുന്നു. കാരണം, ഒരു കാലത്ത് എല്ലാവരും വെറുപ്പോടെ കണ്ടിരുന്ന 'ഗീത എന്ന മോശം സ്ത്രീ'യാണ് ആരോരുമില്ലാതെ മരിച്ചു പോവുമായിരുന്ന ഒരു കൊച്ചു പയ്യനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. അവന് ആശ്രയമായി മാറിയത്. അമ്മയാവാന്‍ നൊന്തു പ്രസവിക്കണമെന്നില്ലെന്ന് കാണിച്ചു തന്നത്. പകുതി വഴിയില്‍ തനിച്ചാക്കി പോയ സ്വന്തം അമ്മയേക്കാള്‍ അവന്‍ സ്‌നേഹിക്കുന്നത് അവന്‍റെ ഗീതമ്മയെയാണ്.
അവര്‍ ഒരു പാവം സ്ത്രീയാണ്. താലി കെട്ടി കൂടെ കൂട്ടിയ സ്വന്തം ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ട സ്ത്രീ. ആരോരുമില്ലാതെ തനിച്ചായി പോയ സ്ത്രീ. അജ്മലിലൂടെ ഗീതമ്മയ്ക്ക് ഒരു മകനെയും ഗീതമ്മയിലൂടെ അജ്മലിന് സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മയെയും കിട്ടിയെന്നത് ഒരു നിയോഗം ആയിരിക്കാം.
എല്ലാവരും വെറുപ്പോടെ കണ്ടിരുന്ന അവരുടെയുള്ളിലെ നല്ല മനസ്സ് ആരും കാണാതെ പോയി. അവര്‍ അന്വേഷിച്ച് ചെന്നില്ലായിരുന്നുവെങ്കില്‍ ആ കുഞ്ഞ് പട്ടിണിയും രോഗവും കൊണ്ട് പിടിഞ്ഞു മരിച്ചേനെ. ഒറ്റപ്പെടലിന്‍റെ വേദന നന്നായി അറിയുന്നത് കൊണ്ടാവാം അവര്‍ ആ കുഞ്ഞിനെ ചേര്‍ത്തു പിടിക്കാന്‍ തയ്യാറായത്. അവര്‍ ഒരിക്കലും നാട്ടുകാര്‍ പറയുന്നത് പോലെ 'ഒരു മോശം സ്ത്രീ' ആയിരുന്നില്ല. മനസ്സില്‍ ആവോളം നന്മയുള്ള, സ്‌നേഹമുള്ള ഒരു പാവം സ്ത്രീയാണ്. അവരാണ് ഇന്ന് അജ്മലിന്‍റെ ജീവിതത്തിലെ ഒരേയൊരു സ്ത്രീ.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം