വാഹനത്തിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് പല സ്ഥലങ്ങളിൽ തള്ളി: രണ്ടുപേർ പിടിയിൽ, കാറും ലോറിയും പിടിച്ചെടുത്തു

മലപ്പുറത്ത് കക്കൂസ് മാലിന്യം വിവിധ സ്ഥലങ്ങളിൽ തള്ളിയ കേസിൽ രണ്ടുപേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു, പ്രതികൾക്കെതിരെ മുൻപും കേസുകളുണ്ട്.

two men arrested car and a lorry seized for dumping human excreta at various places in Malappuram

മലപ്പുറം: വാഹനത്തിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് വിവിധ ഇടങ്ങളിൽ തള്ളിയ കേസിൽ രണ്ടുപേർ നിലമ്പൂർ പൊലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ മണലായ തുലിയത്ത് വീട്ടിൽ ആരിഫുദ്ദീൻ, പാലോട് തച്ചനാട്ടുകാര കുന്നനകത്ത് വീട്ടിൽ മുജീബ് റഹ്‌മാൻ എന്നിവരെയാണ് നിലമ്പൂർ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. 

മാലിന്യം തള്ളാനും മറ്റും ഉപയോഗിച്ച ഒരു കാറും ലോറിയും പിടിച്ചെടുത്തു. ഈ മാസം 21 നാണ് മാലിന്യം തള്ളിയ കേസുകളുള്ളത്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അകമ്പാടം, മുതീരി, പാത്തിപ്പാറ എന്നിവിടങ്ങളിലും കൃഷിയിടങ്ങളിലുമാണ് മാലിന്യം തള്ളിയത്. നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് വാഹനങ്ങളും പ്രതികളെയും കഴിഞ്ഞ ദിവസം പിടികൂടിയത്.

Latest Videos

പ്രതികൾക്കെതിരെ സമാന സംഭവങ്ങളിൽ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സബ് ഇൻസ്പെക്ടർ റിഷാദലി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നൗഷാദ് എന്നിവരും ഇവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!