
ദില്ലി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പ ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്.
കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.
ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനും ശേഷമാണ് അദ്ദേഹത്തിൻ്റെ വിയോഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam