എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റി, മാനസിക സമ്മർദ്ദം; തകഴിയിൽ അമ്മയും മകളും മരിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്

സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൾ കൃഷ്ണപ്രിയ പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയിൽ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താൽ മാതാവ് പ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

Some answers were Wrong in SSLC exam, mental stress; Details emerge on the death of mother and daughter in Thakazhi

എടത്വാ: ഏക മകളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്ക മാനസിക സമ്മർദ്ദമായി മാറിയതിനെ തുടർന്നാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന് സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപത്താണ് സംഭവം.

അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൾ കൃഷ്ണപ്രിയ പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയിൽ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താൽ മാതാവ് പ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായി ജോലിചെയ്തു വന്നിരുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങൾക്കൊപ്പം മകൾക്ക് പഠന നിലവാരം കുറവാണെന്ന ആശങ്കയിൽ മാനസികസമ്മർദ്ദം താങ്ങാനാവാതെ പ്രിയ ദിവസങ്ങൾക്കു മുൻപ് കൗൺസിലിങ്ങിൽ പങ്കെടുത്തിരുന്നു. ഇന്നലെ പരീക്ഷ ഇല്ലാത്തതിനാൽ മകളെ ഒപ്പംകൂട്ടി പ്രിയ ജോലി ചെയ്യുന്ന വീയപുരം പഞ്ചായത്തിലെത്തി. 

Latest Videos

ഒരുമണി വരെ പഞ്ചായത്ത് ഓഫീസിൽ കഴിച്ചുകൂട്ടിയ ശേഷമാണ് തകഴിയിൽ എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. മകളുമായി പഞ്ചായത്തിലെത്തിയ പ്രിയ കടുത്ത മാനസികസമ്മർദ്ദം പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. ഓസ്ട്രേലിയായിൽ ജോലിചെയ്യുന്ന ഭർത്താവ് മഹേഷ് കുമാറുമായി(കണ്ണൻ) ഏറെക്കാലമായി കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. എകമകളെ കാണാൻ പോലും മഹേഷ് നാട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബപ്രശ്നങ്ങളിൽ മനംനൊന്തു കഴിയുമ്പോഴാണ് മകളുടെ പഠനമികവിലെ ആശങ്ക പ്രിയയെ കടുത്ത മാനസിക സമ്മർദ്ദത്തിൽ എത്തിച്ചത്. പ്രിയയുടെ ഏകസഹോദരൻ പ്രമോദ് രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നു. പിന്നീട് പ്രിയയും മകൾ കൃഷ്ണപ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

ഇരുവരുടെയും മൃതദേഹങ്ങൾ അമ്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം നടുക്കി. കൃഷ്ണപ്രിയയുടെ സഹപാഠികളും അധ്യാപകരുമെല്ലാം ഈ വാർത്തയറിഞ്ഞ് വിങ്ങിപ്പൊട്ടി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!