ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി വ്യക്തമാക്കിയത്. സ്വർണത്തിന് ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അർഹതയുണ്ടെെന്നും കോടതി
തൃശൂർ: മലയാള സിനിമയിൽ പൊന്മാൻ തീർത്ത ഓളം കെട്ടടങ്ങുന്നതിന് മുൻപേ വിവാഹ സമ്മാനമായി നൽകിയ സ്വർണം സംബന്ധിച്ച് നിർണായക വിധിയുമായി കോടതി. വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണത്തില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച സ്വർണത്തിന്റെ വില ഭാര്യയ്ക്ക് നൽകണമെന്നാണ് കോടതി വിധി. ഇരിങ്ങാലക്കുട കുടുംബ കോടതിയുടേതാണ് വിധി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി വ്യക്തമാക്കിയത്.
കൊടുങ്ങല്ലൂർ അഴീക്കോട് പാളയംകോട്ട് ഷൈൻ മോൾ 2022ൽ നൽകിയ ഹർജിയിലാണ് കുടുംബ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ആണ് വിധി പ്രഖ്യാപിച്ചത്. 2007ല്‍ ആയിരുന്നു വിവാഹം. 2021ലാണ് യുവതി വിവാഹമോചനം നേടിയത്. സ്വർണത്തിന്റെ വില ലഭിക്കുന്നത് സംബന്ധിയായി 2022ലാണ് ഷൈന്‍ മോള്‍ ഹര്‍ജി നല്‍കിയത്. ഭർത്താവ് തൃശൂർ കാളത്തോട് പാളയംകോട്ട് ബോസ്കിയും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹ സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നൽകിയില്ലെന്നും തനിക്കും മകൾക്കും ജീവനാംശം നൽകുന്നില്ലെന്നും ആരോപിച്ചാണ് ഷൈൻ മോൾ ഹർജി നൽകിയിരുന്നത്.
100 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകാനും യുവതിക്കും മകൾക്കും 2014 മുതൽക്കുള്ള ജീവനാംശം മുൻകാല പ്രാബല്യത്തോടെ 12.80 ലക്ഷംരൂപ നൽകാനും ഭർതൃവീട്ടുകാർ കൈപ്പറ്റിയ 8 ലക്ഷം രൂപ തിരികെ നൽകാനും ഗൃഹോപകരണങ്ങൾ അല്ലെങ്കിൽ അതിനു തുല്യമായ തുക നൽകാനുമാണ് ഭർത്താവിനോടും മാതാപിതാക്കളോടും കോടതി ഉത്തരവിട്ടത്. സ്വർണാഭരണങ്ങൾ കൈവശമില്ലെങ്കിൽ അത്രയും ആഭരണങ്ങളുടെ ഇപ്പോഴത്തെ വിപണി വില കണക്കാക്കി ആ തുക നൽകണം. ഹർജി നൽകിയ സമയത്ത് സ്വർണാഭരണങ്ങളുടെ വില പവന് 20000 രൂപയിൽ താഴെയായിരുന്നെങ്കിലും ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അർഹതയുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്.
സ്വർണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും യുവതി പുനർവിവാഹം ചെയ്തതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും തങ്ങളുടെ 58 പവൻ സ്വർണാഭരണങ്ങൾ യുവതിയുടെ കൈവശം ഉണ്ടെന്നും ഭർത്താവ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പുനർവിവാഹം കഴിയുന്നതിനു മുൻപുവരെ ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്നും വിവാഹത്തിന് മുൻപോ ശേഷമോ ഭർതൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരികെ ലഭിക്കുന്നതിന് മുസ്‍ലിം വിമൻ ആക്ട് 1986ലെ 3-ാം വകുപ്പ് പ്രകാരം ഭർത്താവിന് അർഹതയില്ലെന്നും കോടതി വിലയിരുത്തി. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ പി.വി. ഗോപകുമാർ, കെ.എം.അബ്‌ദുൽ ഷുക്കൂർ, കെ.എം.കാവ്യ, എ.പയസ് ജോസഫ് എന്നിവർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം