‍ലഹരിക്കെതിരെ ജാഗ്രതാ പരേഡ്; പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി-ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണി

കഞ്ചാവ് കേസിൽ നാല് പേരെ പിടികൂടിയതിന് പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നേരെ അരയാക്കൂലിൽ വധഭീഷണിയുണ്ടായത്. വീട്ടിൽകയറി കൊല്ലുമെന്നും ടൂൾസ് ഇല്ലാത്തതുകൊണ്ട് ഇപ്പോൾ വെറുതെവിടുന്നെന്നും പറഞ്ഞെന്നുമാണ് സിപിഎം നേതാക്കളുടെ പരാതി. 

CPM leaders received death threats from drug gangs in Panur

കണ്ണൂർ: കണ്ണൂർ പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി, ക്വട്ടേഷൻ സംഘങ്ങളുടെ പരസ്യ ഭീഷണി. കഞ്ചാവ് കേസിൽ നാല് പേരെ പിടികൂടിയതിന് പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നേരെ അരയാക്കൂലിൽ വധഭീഷണിയുണ്ടായത്. പൊതുസ്ഥലത്ത് ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സിപിഎം കണ്ണൂർ കമ്മീഷണർക്ക് പരാതി നൽകി. പാർട്ടി തള്ളിപ്പറഞ്ഞ ക്വട്ടേഷൻ സംഘങ്ങളാണ് പിന്നിലെന്ന് സിപിഎം പറയുന്നു.

പാനൂർ ചമ്പാട് അരയാക്കൂൽ മേഖലയിൽ നാല് പേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലയിൽ ലഹരിക്കെതിരെ പിന്നാലെ ഡിവൈഎഫ്ഐയുടെ ജാഗ്രതാ പരേഡ് നടന്നു. വെള്ളിയാഴ്ച രാത്രി പരിപാടിക്ക് പിന്നാലെ ഒരു സംഘം നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ജമീന്‍റെവിട ബിജു എന്നയാളുടെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവും ഉൾപ്പെടെയുള്ളവർക്കെതിരെ വധഭീഷണി മുഴക്കിയെന്ന് സിപിഎം. കഞ്ചാവ് കേസിൽ വിവരം നൽകിയത് സിപിഎം നേതാക്കളെന്ന് ആരോപിച്ചായിരുന്നു ഭീഷണി. വീട്ടിൽകയറി കൊല്ലുമെന്നും ടൂൾസ് ഇല്ലാത്തതുകൊണ്ട് ഇപ്പോൾ വെറുതെവിടുന്നെന്നും പറഞ്ഞെന്നുമാണ് പരാതി. 

Latest Videos

പാനൂർ പൊലീസ് സ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും സിപിഎം ആരോപണം. നേരത്തെ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു ബിജുവും സംഘവും. നിരവധി കേസുകളിലും പ്രതിയായി. ക്വട്ടേഷൻ, ലഹരി ഇടപാടുകളിൽപ്പെട്ടതോടെ ഇവരെ തളളിപ്പറഞ്ഞെന്ന് സിപിഎം പറയുന്നു. ഭീഷണിക്കെതിരെ അരയാക്കൂലിൽ സിപിഎം പ്രതിഷേധ ജാഥ നടത്തി. ലഹരിക്കേസിൽ വിവരം നൽകിയെന്ന പേരിൽ നിരവധി പേർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും പൊലീസ് നടപടിയെടുക്കാതിരുന്നത് പരിശോധിക്കണമെന്നും കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് ചമ്പാട് ലോക്കൽ സെക്രട്ടറി പരാതി നൽകി.

vuukle one pixel image
click me!