കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം; പരാതിയുമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും

കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തിൽ. കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്.

Controversy over image of RSS leader Keshav Baliram Hedgewar in Kollam Pooram's Kudamatam

കൊല്ലം: കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തിൽ. കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.

ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിന്‍റെ ചിത്രവും ഉയര്‍ത്തിയത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിന്‍റെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം.

Latest Videos

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.

അതേസമയം, സംഭവത്തിൽ ഡിവൈഎഫ്ഐ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ആർഎസ്എസ് സ്ഥാപകന്‍റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നാണ് പരാതി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി.

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ  ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.

അജിത് കുമാറിന് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്, കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

vuukle one pixel image
click me!