
സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച ഇന്ത്യൻ യുവാവിനെതിരെ സിംഗപ്പൂരിൽ നടപടി. ഇരുപത് വയസുകാരനായ ഇന്ത്യൻ പൗരൻ രജതിനെതിരെയാണ് സിംഗപ്പൂർ കോടതിയിൽ കുറ്റം ചുമത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവെ വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 28കാരിയായ ജീവനക്കാരിയെ കടന്നുപിടിക്കുകയും തനിക്കൊപ്പം വിമാനത്തിലെ ശുചിമുറിയിലേക്ക് പിടിച്ച് വലിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ ഫെബ്രുവരി 28ന് ആയിരുന്നു ഈ സംഭവം. ചൊവ്വാഴ്ച രജതിനെ സിംഗപ്പൂർ കോടതിയിൽ ഹാജരാക്കി. ഇയാൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളിലുണ്ട്. ഈ കേസ് സംബന്ധിച്ച് സിംഗപ്പൂർ പൊലീസ് അധികൃതർ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു വനിതാ യാത്രക്കാരിയെ വിമാനത്തിലെ ശുചിമുറിയിലേക്ക് പോകാൻ ജീവനക്കാരി സഹായിക്കുന്നതിനിടെയായിരുന്നു 20കാരന്റെ അപമര്യാദയായുള്ള പെരുമാറ്റം. ശുചിമുറിയുടെ അടുത്ത് എത്തിയപ്പോൾ നിലത്ത് ഒരു ടിഷ്യൂ പേപ്പർ കിടക്കുന്നത് കണ്ട് ജീവനക്കാരി അത് എടുക്കാനായി കുനിഞ്ഞു. ഈ സമയം യുവാവ് ഇവരുടെ പിന്നിൽ വന്നുനിന്ന് ശരീരത്തിൽ കടന്നുപിടിക്കുകയും ശുചിമുറിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു.
സംഭവം കണ്ടുകൊണ്ട് നിൽക്കുകയായിരുന്ന വനിതാ യാത്രക്കാരി ഉടൻ തന്നെ പ്രതികരിക്കുകയും ജീവനക്കാരിയെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ചെയ്തു. ജീവനക്കാരി സംഭവം വിമാനത്തിലെ ക്യാബിൻ സൂപ്പർവൈസറെ അറിയിച്ചു. വിമാനം സിംഗപ്പൂർ ചാങ്ങി എയർപോർട്ടിൽ ലാന്റ് ചെയ്തതിന് പിന്നാലെ എയർപോർട്ട് പൊലീസ് ഡിവിഷൻ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു. എവിടെ നിന്ന് എവിടേക്കാണ് യുവാവ് യാത്ര ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓസ്ട്രേലിയയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനമായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു.
സിംഗപ്പൂരിലെ നിയമ പ്രകാരം മൂന്ന് വർഷം തടവ്, പിഴ, ചാട്ടവാറടി എന്നിവയോ ഇവയിൽ ഏതെങ്കിലും ശിക്ഷകളോ ഒന്നിലധികം ശിക്ഷകൾ ഒരുമിച്ചോ ഒക്കെ ലഭിക്കാൻ സാധ്യതയുള്ള കേസാണിത്. കേസിന്റെ അടുത്ത നടപടി മേയ് 14ലേക്ക് കോടതി മാറ്റിവെച്ചു. ഇത്തരം കേസുകൾ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട വിമാന ജീവനക്കാരെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എയർപോർട്ട് പൊലീസ് ഡിവിഷൻ അധികൃതർ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam