പുതിയ മലയാള ചെറുകഥയില്‍ സവിശേഷമായ വഴി വെട്ടിത്തുറന്ന അജിജേഷ് പച്ചാട്ടിന്റെ കഥയാണ് ഇന്ന്. ഇറച്ചിക്കലപ്പ നമുക്ക് പരിചയമില്ലാത്ത ഒരു ആണ്‍ജീവിതാവസ്ഥയാണ് പറയുന്നത്.
ഇറങ്ങിച്ചെന്നാല്‍ മാത്രം ആഴം കാണാവുന്ന ചിലതുണ്ട്. അതെന്തുമാകാം...അജിജേഷിന്റെ കഥകളുമങ്ങനെയാണ്, ഇറങ്ങിച്ചെല്ലുമ്പോള്‍ അത് ആഴം കാണിച്ചു തരുന്നു, അത് കാട്ടി ഭ്രമിപ്പിക്കുന്നു. പറയാന്‍ മടിക്കുന്നത് പറയുന്നുണ്ട്/എഴുതുന്നുണ്ട് ഈ എഴുത്തുകാരന്‍. പലപ്പോഴും നമുക്ക് പരിചിതമായ ജീവിതാനുഭവങ്ങളില്‍നിന്നുള്ള വ്യതിയാനമാണത്. നമുക്കറിയാവുന്ന മനുഷ്യരുടെ നാമറിയാത്ത ജീവിതാനുഭവങ്ങള്‍. അത് വായനക്കാരനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നു. ഒരുപക്ഷേ, അജിജേഷിന് മാത്രം തീര്‍ക്കാന്‍ കഴിഞ്ഞേക്കാവുന്ന ഒരിടം. വായനക്കാരന്റെ മനോലോകങ്ങളില്‍ പൂരിപ്പിക്കപ്പെടുന്ന കൃതികളാണ് അജിജേഷിന്‍േറത്.
undefined
ജയിലിലെ ഏഴാമത്തെ സെല്ലിലെ വികലമായ ചുമരില്‍ ആരുടേയും കണ്ണില്‍പ്പെടാതെ വളരെ കഷ്ടിപ്പെട്ട് പലപ്പോഴായി ചെറിയൊരു കരിങ്കല്‍ച്ചീളുകൊണ്ട് കൊത്തിയുണ്ടാക്കിയ രണ്ടു രൂപങ്ങള്‍ക്ക് കീഴെ ചുരുണ്ടുകിടക്കുകയായിരുന്നു ഡാനി മോര്‍ക്കല്‍ അപ്പോള്‍.
വെയിലിന്റെ വിരലുകള്‍ ലാത്തിച്ചാര്‍ജ് പോലെ മുഖത്തേക്ക് പടരുന്ന അസ്വസ്ഥതയില്‍ അവന്‍ കണ്ണുകള്‍ തുറന്ന് മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി. പനിച്ചുകിടക്കുന്ന പകലിനെ കരിമ്പടത്തിന്റെ നൂലുകള്‍ കാണിച്ച് ഭ്രമിപ്പിക്കുന്ന ആകാശക്കൈകളെ ജയില്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ നേര്‍ത്തു കാണുന്നുണ്ട്..
ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന പോലീസ്ബൂട്ടുകളുടെ പരസ്പരബന്ധമില്ലാത്തതും വൃത്തിഹീനവുമായ നിലവിളികളില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ലോകത്തുള്ള സകല തടവറകളിലേയും കുറ്റവാളികള്‍ നിശ്ശബ്ദത തിന്ന് മരിച്ചേക്കുമെന്ന് ഡാനി മോര്‍ക്കലിന് ഇടക്കിടെ തോന്നാറുണ്ട്. നിശ്ശബ്ദതയേക്കാള്‍ വലിയ ശിക്ഷയേതെന്ന് സ്വയം ചോദ്യചിഹ്നം രൂപപ്പെടുത്തിയപ്പോഴേക്കും അവന് ബൂട്ടുകള്‍ ചതച്ച കവിളുകളിലൂടെ വിരലോടിച്ചുകൊണ്ട് ചിരിക്കാതിരിക്കാനോ ചുമരിലെ നീട്ടിവളര്‍ത്തിയ മുടിയുള്ള രൂപത്തിനു നേരെ നോക്കി കണ്ണടക്കാതിരിക്കാനോ കുരിശ് വരയ്ക്കാതിരിക്കാനോ കഴിഞ്ഞില്ല. പിന്നീട് നോട്ടം തൊട്ടപ്പുറത്തെ ചുമരിലേക്ക് വളര്‍ന്നു.
പുരികങ്ങള്‍ വളച്ച് ചിരിക്കുന്ന മുഖം!
മുഖത്തിന് തൊട്ടുമുകളില്‍ കരിക്കട്ടയുടെ ശകലങ്ങള്‍ അച്ചടക്കമില്ലാതെ എത്തിനോക്കുന്ന എഴുത്ത്- ആറാമത്തെ ചെകുത്താന്‍. ആ രൂപത്തിന് കഴുത്തിലൂടെ കുരിശിന്റെ ചട്ടയുള്ള തൂക്കിയിടപ്പെട്ട വണ്ണമുള്ള ഒരു പുസ്തകവും അവന്‍ വരച്ചുചേര്‍ത്തിരുന്നു. പൊടുന്നനെ ഡാനിമോര്‍ക്കലിന്റെ മുഖം ചുവന്നു. അവനൊന്ന് കാര്‍ക്കിച്ചു. ചെകുത്താന്റെ നെറ്റിയുടെ വലതുവശത്തിലൂടെ കവിളും കടന്ന് ഒലിച്ചിറങ്ങുന്ന തുപ്പല്‍ക്കൊഴുപ്പിനെ സൂക്ഷ്മതയോടെ നോക്കി സംതൃപ്തിയില്‍ ചിരിച്ചു. നിലയ്ക്കാത്ത ചിരിയുടെ മാന്ത്രികനെപ്പോലെ അവന്‍ നിലത്തേക്ക് മുട്ടുകുത്തി. ആ ചിരി പതുക്കെ തേങ്ങലായി പരിണമിച്ചത് വളരെ പെട്ടെന്നായിരുന്നു.
ഡാനീ-ആരോ വിളിക്കുന്നു.
തേങ്ങലുകള്‍ക്കിടയില്‍ അവന്‍ തിരിഞ്ഞുനോക്കി. അഴികള്‍ക്കപ്പുറത്ത് ഓര്‍മ്മകളുടെ പുഴ, അതിന് നടുവില്‍ വലതുകൈ നീട്ടി മാലാഖയെപ്പോലെ അവള്‍..
ജൂലിയറ്റ്!
ജൂലിയറ്റുമായി പ്രണയം തുടങ്ങി കൃത്യം നാലാമത്തെ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു നാഭിയില്‍ വ്യാപിക്കുന്ന കൊഴുപ്പിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാതിരിക്കാന്‍ ഡാനിമോര്‍ക്കല്‍ ആദ്യമായി ശീലിച്ചത്. മൊബൈലിലൂടെ സംഭവിക്കാറുള്ള മണിക്കൂറുകളുടെ വ്യാസമുള്ള ആശയവിനിമയത്തിലെ ഒരു സമയച്ചീളില്‍ അവന്‍ തന്റെ പ്രശ്‌നം ആദ്യമായി ജൂലിയറ്റുമായി ചവച്ചു; നാലാമത്തെ കൂടിക്കാഴ്ചയ്ക്കു മുമ്പ്.. -ഡാനീ, ഇതൊക്കെ ഇന്നത്തെ കാലത്ത് ഒരു പ്രശ്‌നമാന്നോ? സ്‌പെഷലൈസ്ഡ് ആയിട്ടുള്ള എത്ര ഡോക്ടര്‍മാരുണ്ട് ഇവിടെ നമുക്ക്.
അവള്‍ ഡാനിയെ നോക്കി ചിരിച്ചു.
ജൂലിയറ്റ്, പ്രശ്‌നത്തിലേക്ക് വേണ്ട രീതിയില്‍ കേന്ദ്രീകരണം നടത്തിയിട്ടില്ല എന്ന് തോന്നിയപ്പോഴായിരുന്നു അതുവരെ ഏകദേശം ഇരുപതോളം ഡോക്ടര്‍മാര്‍ തന്റെ കാര്യത്തില്‍ ഇടപെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഡാനിമോര്‍ക്കലിന് വെളിപ്പെടുത്തേണ്ടി വന്നത്. അവളില്‍ നിന്നും ഉണ്ടായേക്കാവുന്ന ലൗ-ഡൈവോഴ്‌സ് മെത്തേഡിന്റെ ഭീകരതയും അവനില്‍ വല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നു വേണം പറയാന്‍. പക്ഷേ വളരെ ലാഘവത്തോടെ മനസ്സിന്റെ ഉള്ളറകളില്‍ പൊടിപുരണ്ടുകിടന്ന ചില ഡോക്ടര്‍മാരുടെ പേരുകള്‍ ജൂലിയറ്റ് തിരഞ്ഞുകൊണ്ടേയിരുന്നു, അവരോരുത്തരും അവന്റെ ചെവിത്തുമ്പിലെത്തി സ്റ്റെതസ്‌കോപ്പുമായി പിടഞ്ഞുവീഴുന്നതറിയാതെ...
-നിനക്കറിയോ ജൂലിയറ്റ്, ചിലപ്പോള്‍ തിരക്കുള്ള ബസ്സില്‍ വെച്ചായിരിക്കും നാഭിയില്‍ ഭൂപടം വളരുന്നത്. അല്ലെങ്കില്‍ ബോസിന്റെ ഓഫീസ് ക്യാബിനില്‍വെച്ച്... സഹിക്കാന്‍ കഴിയാതെയായിട്ടുണ്ട്. ഛെ!
അസ്വസ്ഥയുടെ വൈകൃതം ഡാനിമോര്‍ക്കലിനെ വ്യാകരണമില്ലാത്തവനെപ്പോലെയാക്കി, ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നതിനപ്പുറത്തേക്ക്.
-അപ്പോള്‍ നീയും ഞാനും തമ്മില്‍ വലിയ വ്യത്യാസമില്ല. അല്ല്യോഡാ?
ജൂലിയറ്റ് ഉറക്കെ ചിരിച്ചു.
വളരുമ്പോള്‍ മാത്രം ചുവക്കാറുള്ള നാഭിയിലെ പഴം ചവിട്ടിയരയ്ക്കപ്പെടുന്നതുപോലെയാണ് ഡാനിമോര്‍ക്കലിന് തോന്നിയത്.
ചിരി നിര്‍ത്തി ജൂലിയറ്റ് തുടര്‍ന്നു.
-ഞങ്ങള്‍ ഫീമെയില്‍സിന് ശാസ്ത്രം ഒരുപാധി ചൂണ്ടുന്നുണ്ട്- നാപ്കിന്‍ പാഡ്. നിനക്കോ?
ലോകത്തിലെ മറ്റെല്ലാ ശബ്ദങ്ങളേയും അടിച്ചമര്‍ത്തുന്ന ഏകാധിപതിയെപ്പോലെ പള്ളിയിലെ മണി ശബ്ദിച്ചു. അവനെ സംബന്ധിച്ച് ദേവാലയങ്ങളിലെ ശബ്ദങ്ങള്‍ ചില ഓര്‍മ്മപ്പെടുത്തലുകളാണ്. സഭാനിയമങ്ങളുടെ വിറയലുകള്‍ അപ്പന്റെ മീശത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്നത് അയവിറക്കിക്കൊണ്ട് ഡാനിമോര്‍ക്കല്‍ അന്നത്തെ ഫോണ്‍സംഭാഷണമറുത്തു. മണി മുഴങ്ങുന്ന സമയത്ത് മനസ്സറിഞ്ഞ് കുരിശ് വരയ്ക്കുന്ന രീതി ആവര്‍ത്തിച്ചു. അഥവാ ആവര്‍ത്തിക്കാതിരിക്കാന്‍ പണ്ട് ശീലം തെറ്റിച്ചപ്പോള്‍ അപ്പന്‍ സമ്മാനിച്ച കാപ്പിവടിയുടെ പാശ്ചാത്യശയനം അനുവദിച്ചില്ല.
അന്ന് രാത്രിയില്‍ ഡാനിമോര്‍ക്കലിന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വെളുത്ത പ്രാവുകളെപ്പോലെ നാപ്കിന്‍ പാഡുകള്‍ അവന്റെ കട്ടിലിന് ചുറ്റും ചിറകുകള്‍ വിടര്‍ത്തി പറന്നിറങ്ങി. നാലാമത്തെ കൂടിക്കാഴ്ച ഒരു ഞായറാഴ്ചയിലായിരുന്നു. ഈസ്റ്റര്‍ദിന ഒഴിവിന്റെ പശ്ചാത്തലത്തില്‍.
ജൂലിയറ്റിന്റെ അപ്പച്ചനും അമ്മച്ചിയും പള്ളിയില്‍ നിന്ന് തിരിച്ചെത്താത്ത സമയത്ത്, അവളുടെ മുറിയിലെ ഇളംമഞ്ഞ വിരിയുള്ള കിടക്കയിലിരുന്ന് ഡാനിമോര്‍ക്കല്‍ നാപ്കിന്‍ പാഡുകളെക്കുറിച്ച് വിശദീകരണം തേടിയപ്പോള്‍ ഉപദേഷ്ടാവിന്റെ മാനസിക വസ്ത്രമണിഞ്ഞ് വശം ചെത്തിക്കളഞ്ഞ ചിരി ഘടിപ്പിച്ച് ജൂലിയറ്റ് രണ്ട് പാഡുകള്‍ പൊതിഞ്ഞ് അവനുനേരെ നീട്ടി.
ലോകത്തൊരു കാമുകിയും കാമുകന് കൊടുക്കാത്ത സമ്മാനം!
ജൂലിയറ്റിന്റെ സമ്മാനപ്പൊതി കൊണ്ടുവന്ന അന്നും ഡാനിമോര്‍ക്കലിന് ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ, ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ വിസ്തൃതിയുള്ള അവന്റെ ജീവിതത്തില്‍ ആദ്യമായി വാതിലിന്റെ കൊളുത്തിലൂടെയെങ്കിലും ഒരു സ്വകാര്യതയുണ്ടാക്കാന്‍ ആ സമ്മാനപ്പൊതിക്ക് കഴിഞ്ഞു എന്നതായിരുന്നു സത്യം. പൊതിയില്‍ നിന്ന് പുറത്തെടുത്ത വെളുത്തതും മൃദുലവുമായ മേഘക്കീറിനെ അവന്‍ ഒരുപാട് നേരം വിസ്മയത്തോടെ നോക്കിനിന്നു. ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും മനസ്സില്‍ ഹരണഗുണനം നടത്തി മികച്ചൊരു കാത്തിരിപ്പുകാരനാവുകയും ചെയ്തു. പാഡിന്റെ ഉപയോഗം തുടങ്ങിയതോടെ അപകര്‍ഷതയാല്‍ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കാനുള്ള സ്വയംപ്രീണനഭാവം അപരിചിതനെപ്പോലെ ഏതോ ഒരു ദിവസം അവനില്‍ നിന്നിറങ്ങിയങ്ങ് നടന്നുപോയി.
..............................................................................................................................................................
പാഡിന്റെ ഉപയോഗം തുടങ്ങിയതോടെ അപകര്‍ഷതയാല്‍ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കാനുള്ള സ്വയംപ്രീണനഭാവം അപരിചിതനെപ്പോലെ ഏതോ ഒരു ദിവസം അവനില്‍ നിന്നിറങ്ങിയങ്ങ് നടന്നുപോയി.
-ജൂലിയറ്റ് ഞാനും ഒരു പെണ്ണായിക്കൊണ്ടിരിക്കുന്നു. പിന്നീട് അവള്‍ വിളിച്ചപ്പോള്‍ തമാശരൂപേണ അവന്‍ പറഞ്ഞത് അങ്ങനെയായിരുന്നു.
അതുകേട്ട് അവള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
-ഡാനീ, കേവലം ഒരു നാപ്കിന്‍ പാഡിലൊതുങ്ങുന്നതല്ല സ്ത്രീ. നീയൊരു മണ്ടനാ.. തിരുമണ്ടന്‍
അതോടെ പറഞ്ഞ മണ്ടത്തരത്തെ കുറിച്ചോര്‍ത്ത് അവനും ചിരിച്ചു.
ആവര്‍ത്തനവിരസതയില്‍ ഉരുത്തിരിയുന്ന ചില മടുപ്പന്‍ നിരീക്ഷണങ്ങള്‍ ജീവിതത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ തിരുത്തിയെഴുതാന്‍ നിര്‍ബന്ധിക്കും. ഡാനിമോര്‍ക്കലിലും അങ്ങനെയുള്ളൊരു മാറ്റം ഭ്രമം കൊണ്ടു. ദൈനംദിന ജീവിതത്തിലെ സമൂഹ ഇടപെടലിന് മാന്യമായ ഘടന നല്‍കാന്‍ പാഡുകള്‍കൊണ്ട് പൂര്‍ണമായും സാധ്യമായെന്ന സാക്ഷ്യപ്പെടുത്തലിന് കുറച്ച് കാര്യങ്ങള്‍കൂടി അവന് മറികടക്കേണ്ടതായിട്ടുണ്ടായിരുന്നു.
1- അതിദീര്‍ഘമായി നാഭിയില്‍ തളംകെട്ടുന്ന നനവിന്റെ അസ്വസ്ഥത.
2-ഉപയോഗശൂന്യമായവ ഒഴിവാക്കേണ്ടി വരുമ്പോള്‍ പരിസരങ്ങളെ സൂക്ഷ്മവിധേയമാക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകള്‍.
3- ഒരാണ്‍ക്കുട്ടി പാഡ് വാങ്ങുമ്പോഴുള്ള കച്ചവടക്കാരുടെ മുഖത്തെ കള്ളപ്പൂട്ടുകളിട്ട ചിരികള്‍.
4- ഉപയോഗശൂന്യമായവ നശിപ്പിക്കേണ്ടി വരുന്നതിലെ അരക്ഷിതാവസ്ഥ.
ഇതില്‍ ഉപയോഗശൂന്യമായവ നശിപ്പിക്കേണ്ടിവരുന്നതിലെ അരക്ഷിതാവസ്ഥ തന്നെയാണ് ഡാനിമോര്‍ക്കലിനെ വല്ലാതെ ഭ്രാന്തുപിടിപ്പിച്ചത്. എത്രയോ രാത്രികളില്‍ നനഞ്ഞ് ചുരുങ്ങിയ അവയുടെ മുഖത്തിന് നേരെ നോക്കി അവന്‍ മരവിച്ചിരുന്നിട്ടുണ്ട്. പിന്നീടെപ്പോഴോ ആയിരുന്നു ക്ലോസറ്റിലേക്ക് നിക്ഷേപിക്കുന്ന ജൂലിയറ്റിന്റെ മാര്‍ഗം യാദൃശ്ചികമായി വീണുകിട്ടിയത്. നിക്ഷേപസ്ഥാനം ഹര്‍ത്താലാചരിച്ചതോടെ ആയുസ്സ് കുറഞ്ഞൊരു നിവാരണതന്ത്രമായി അത് പരിണമപ്പെട്ടു. വൃത്തികേട് വിഴുങ്ങുന്ന വെളുത്ത വസ്തുവിന്റെ അന്നനാളത്തിനെ അപ്പന്റെയും അമ്മച്ചിയുടേയും ഇടപെടല്‍ ഇല്ലാതെ സമന്വയപ്പെടുത്താന്‍ അവന് ഏറെ പണിപ്പെടേണ്ടിവന്നു. അത്തരത്തിലുള്ള വ്യക്തിഗത അടിയന്തരാവസ്ഥയിലേക്ക് ജൂലിയറ്റിന്റെ സഹായം വീണ്ടുമെത്തി.
-അതത്ര കാര്യമാക്കണ്ട ഡാനി. ഞങ്ങള് മാസത്തില്‍ കുറച്ചുദിവസങ്ങള്‍ ബാത്‌റൂമില്‍ നിക്ഷേപിക്കുന്നതുപോലെയല്ലല്ലോ നിന്റെ കാര്യം. പത്തോ പതിനഞ്ചോ ദിവസസം കൂടുമ്പോള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടി വഴിവക്കിലെ പുഴയിലോ കുളത്തിലോ അങ്ങ് കളഞ്ഞേക്ക്.
ഡാനി മോര്‍ക്കല്‍ അതിനും തയ്യാറായി. ശേഖരിച്ചുവയ്ക്കുന്ന ഉപയോഗശൂന്യമായ പാഡുകളുടെ എണ്ണത്തിനനുസരിച്ച് അവന്റെ ആധിയും വ്യാപ്തി പൂണ്ടു എന്നുമാത്രം. ജോലിയുടെ തിരക്കിനിടയിലും അവന്റെ മനസ്സ് മുഴുവന്‍ മുറിയിലെ അലമാരയുടേയും ചുമരിന്റെയും ഇടയിലേക്ക് തിരുകിക്കയറ്റിയ കവറില്‍ത്തന്നെയായി. പിടിക്കപ്പെടുമെന്ന ചിന്തയാണ് ലോകത്തിലേക്ക് വെച്ചേറ്റവും ഭീകരമെന്ന് അവനുതോന്നി. പാപത്തിന്റെ തീച്ചൂളയിലെ ചൂടുപറ്റാതെ കൊണ്ടുനടന്ന മകന്‍ ഒരു കഷണം തീയെടുത്ത് വിഴുങ്ങിയെന്ന അറിവ് ലഭിക്കുമ്പോഴുള്ള അപ്പന്റെ മുഖവും മീശയും.... സംഭവങ്ങളുടെ കിടപ്പുവശത്തില്‍ താനിപ്പോഴും പാപം ചെയ്യാത്തവന്റെ വേഷത്തിലാണെന്ന് ഭീതിക്കിടയിലും ഉറച്ചു വിശ്വസിക്കാന്‍ അവന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മനസ്സമാധാനത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞപ്പോള്‍ പാഡുകളുടെ ശേഖരം നിര്‍ത്തി ഓരോ ദിവസത്തേയും അതത് ദിവസം തന്നെ ഉപേക്ഷിക്കാന്‍ തുടങ്ങി. എലിയുടെ പതുങ്ങലിനോട് സമാനത പുലര്‍ത്തി പാഡ് ചുരുട്ടിയെറിയുന്ന ബുദ്ധിമുട്ടിനെക്കുറിച്ചോര്‍ത്തപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട നടപടിക്രമങ്ങളുടെ കറപുരണ്ട തേറ്റകളേയും പുല്ലിംഗധാരി എന്ന പേരില്‍ അവന് സഹിക്കേണ്ടി വന്നു. ഒരിക്കള്‍ ജൂലിയറ്റുമായുള്ള സംസാരവേളയില്‍ അവന്‍ ഈ കാര്യം കുഴക്കുവാനിട്ടു. മറ്റെന്തെങ്കിലും മാര്‍ഗ്ഗം വീണുകിട്ടുന്നതിന്റെ കുശാഗ്രബുദ്ധി ഒളിപ്പിച്ചുകൊണ്ട്.
-എന്റീശോയേ ഞാനെന്താണീ കേള്‍ക്കുന്നേ? ലോകത്തിലെ ഒരാളെങ്കിലും പെണ്ണിന്റെ അവസ്ഥകളെക്കുറിച്ചോര്‍ക്കുന്നുണ്ടല്ലോ... സര്‍വ്വേശ്വരനായ പിതാവേ, അങ്ങ്
ഡാനിയുടെ ഈ അവസ്ഥ ലോകത്തിലുള്ള എല്ലാ പുരുഷന്‍മാര്‍ക്കും വീതിച്ച് നല്‍കേണമേ...
ജൂലിയറ്റിന്റെ പ്രതികരണം അവന് ഒരുവിധത്തിലുള്ള ആശ്വാസവും നല്‍കുന്നതായിരുന്നില്ല. മറിച്ച് അല്‍പ്പം ഈര്‍ഷ്യ ഉണ്ടാക്കുകയും ചെയ്തു.
-മടുത്തിട്ടുണ്ട് ജൂലിയറ്റ്. ഞാനിപ്പോള്‍ ഗൗരവമായി ചിന്തിക്കുന്നത് ആത്മഹത്യയെക്കുറിച്ച് മാത്രമാണ്.
..............................................................................................................................................................
ഡാനി മോര്‍ക്കല്‍ വിയര്‍ത്തു. ആ വിറയല്‍ ആണ്‍വേശ്യയെപ്പോലെ വൃത്തികേടുമായി അവനിലേക്ക് പടര്‍ന്നു.
..............................................................................................................................................................
താരനെപ്പോലെ അടര്‍ന്നുവീണ ഡാനി മോര്‍ക്കലിലെ ആ നിസ്സഹായതയാണ് അവര്‍ തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയുടെ ബീജമായി വളര്‍ന്നത്. ജൂലിയറ്റിന്റെ കോളേജിലെ ലാബ്‌റൂമില്‍ വൈശാഖനും രുഗ്മിണിയും ഒരു മെയ്യായി നിന്നദിവസം അതിനെച്ചൊല്ലിയുണ്ടായ ഒച്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ കോളേജ്‌ഗേറ്റില്‍ അനിശ്ചിതകാലത്തേക്ക് പൂട്ട് വീണ അതേദിവസം വെളിച്ചത്തിന്റെ നരച്ച കുപ്പായമണിഞ്ഞ മുറിയില്‍ ഡാനിമോര്‍ക്കലെത്തി. വെളിച്ചക്കുറവിലും സൗമ്യതയുടെ താക്കോലിട്ട് പൂട്ടിയ കര്‍ത്താവിന്റെ തിരുമുഖവും മുട്ടിപ്പായി നില്‍ക്കുന്ന ജൂലിയറ്റിന്റെ സ്വപ്നതുല്യകൃത്യതയുള്ള പിന്‍ഭാഗവും വ്യക്തമായി കാണാമായിരുന്നു. ജൂലിയറ്റിന്റെ ചര്‍മത്തിനേക്കാള്‍ മിനുമിനുപ്പുണ്ടായിരുന്നു ആ പ്രതിമയ്ക്ക്. കുരിശിന്റെ അത്രയും ഭംഗിയുള്ള രൂപം അവളുടെ മുറിയിലല്ലാതെ ഡാനിമോര്‍ക്കല്‍ മറ്റെവിടേയും കണ്ടിരുന്നില്ല. വലംകൈയ്യുടെ പുറംഭാഗം കൊണ്ട് ഇരു കണ്‍പീലികളും തഴുകി കുരിശുവരച്ച് എഴുന്നേറ്റ് തിരിഞ്ഞ ജൂലിയറ്റിന് ഡാനിമോര്‍ക്കല്‍ അവിചാരിതമായി.
-ഡാനീ
നനവിന്റെ കസവുള്ള അവളുടെ കണ്ണുകള്‍ അളവില്‍ കൂടുതലായി വികസിച്ചു.
അവന്റെയരികിലെത്തി കൈകള്‍ കൂട്ടിപ്പിടിച്ച് അവള്‍ ഒച്ചയുയര്‍ത്തി.
-നീ ആത്മഹത്യ ചെയ്യും അല്ലേ?
ചരിത്രത്തിലെ ഏതോ പ്രാകൃതശില്‍പ്പത്തിന്റെ ഛായയുള്ള ജൂലിയറ്റില്‍ നിന്ന് അടര്‍ന്നുമാറേണ്ടത് അവന് അനിവാര്യമായി. ജൂലിയറ്റിന്റെ മുഖം ചുവന്നു.
-ഡാനീ, നീയൊരു വിശുദ്ധപശുവാണ്.
കട്ടിലിന്റെയോരത്ത് ചുരുണ്ടിരിക്കുമ്പോള്‍ അവളുടെ പരിഹാസത്തിന്റെ ചുവ രുചിക്കാതിരിക്കാന്‍ അവന് കഴിഞ്ഞില്ല. അവള്‍ തുടര്‍ന്നു.
-ആവശ്യമില്ലാത്തവ പുറംതള്ളേണ്ടത് ശരീരത്തിന്റെ നിയമമാണ്, അല്ലാതെ ചീഞ്ഞളിഞ്ഞ മതനിയമമല്ല. മറുപടിയില്ലാത്ത ഡാനിമോര്‍ക്കലിന് മുകളിലേക്ക് ജൂലിയറ്റ് പിന്നെയും വാക്കുകള്‍ ക്രൂരമായി തള്ളിയിട്ടുകൊണ്ടിരുന്നു.
-അതല്ലാതെ വേറെ രക്ഷയില്ല ഡാനി. ഒരു ഡോക്ടര്‍ക്കും ഈ പ്രശ്‌നത്തില്‍ കാര്യമായ വ്യതിയാനം വരുത്താന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല. ചലനം ആഗ്രഹിക്കുന്നവ അത് നിഷേധിക്കപ്പെടുമ്പോള്‍ വിപ്ലവം സൃഷ്ടിിച്ചേക്കും. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച വിപ്ലവകാരി പ്രകൃതിയാണ്. നോക്കിക്കോ നിന്റെയടുത്ത് നിന്ന് അതുണ്ടാകുന്നതുവരെ അവന്‍ നിശബ്ദമായി പ്രതികരിച്ചുകൊണ്ടേയിരിക്കും.
ഡാനി മോര്‍ക്കല്‍ വിയര്‍ത്തു. ആ വിറയല്‍ ആണ്‍വേശ്യയെപ്പോലെ വൃത്തികേടുമായി അവനിലേക്ക് പടര്‍ന്നു. ആ വിറയലിന് കനത്തൊരു കുരിശിന്റെ ഭാരവും കൂര്‍ത്ത ആണികളുടെ മൂര്‍ച്ചയും ഉണ്ടായിരുന്നു.
-അടിസ്ഥാനരഹിതമായ പ്രവര്‍ത്തനങ്ങള്‍ പാപത്തിന്റെ പര്യായപദങ്ങളാണ് ജൂലിയറ്റ്. അതും പറഞ്ഞ് അവന്‍ നിഷേധാര്‍ത്ഥത്തില്‍ ശിരസ്സ് ചലിപ്പിച്ചുകൊണ്ടേയിരുന്നു
-വൈ?
ജൂലിയറ്റിന്റെ പുരികങ്ങള്‍ ചാപംവെട്ടി.
മുറിയിലെ നിശ്ശബ്ദതയില്‍ ക്ലോക്കിന്റെ സംഗീതം പൊട്ടുകുത്തി.
-ഡാനീ, ചില അടിസ്ഥാനരാഹിത്യങ്ങള്‍ നിലനില്‍പ്പിന്റെ അടിത്തറയാണ്. സൂക്ഷ്മതയോടെ നീ പ്രകൃതിയെ ശ്രദ്ധിക്ക്.... മഴയിലൂടെ പ്രകൃതി പോലും സ്വയംഭോഗിയാവുന്നു.
ഡാനിമോര്‍ക്കലില്‍ ചിന്തകളുടെ കലാപം ചാലുകീറി. ജൂലിയറ്റിന്റെ മുറിയില്‍ പിന്നേയും ഒരുപാട് നേരം ചിലവഴിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. കാരണം കുനിഞ്ഞ ശിരസ്സുമായി അവിടെ നിന്നിറങ്ങി നടക്കുന്നതിന് മുമ്പുതന്നെ അവന്റെ നാഭിയില്‍ ഭൂപടം വിരിഞ്ഞു കഴിഞ്ഞിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് നനവ് പടര്‍ന്ന പാഡ് അവന്‍ ടൗണിലെ ബസ് സ്റ്റാന്റിനരികിലുള്ള വെയ്സ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചത്. പാത്തും പതുങ്ങിയും പാഡ് ചുരുട്ടിയെറിയുന്ന വേളയില്‍ ലോകം മുഴുവന്‍ തന്നെ ഉറ്റുനോക്കി പിറുപിറുക്കുന്നുണ്ടെന്ന് അവന് തോന്നി.
അന്ന് വൈകുന്നേരം വരെ ഡാനിമോര്‍ക്കല്‍ അലഞ്ഞു. രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ പെറ്റവയറിന്റെ ആധിയുമായി കാത്തിരിക്കുകയായിരുന്ന അമ്മച്ചി ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.
-നീ ഞങ്ങളെ പേടിപ്പിച്ചുകളഞ്ഞു. ടിവിയില്‍ നിന്റെ നിലവിളി കേട്ടതുപോലെ. ഫോണാണെങ്കില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല.
മുറിയിലേക്ക് കടന്നപ്പോള്‍ അപ്പന്‍ ടിവിക്ക് മുന്നിലാണ്. ഏതോ സ്‌ഫോടനപരമ്പരയുടെ സുക്ഷ്മത പാകുന്ന ലൈവ് ഷോയില്‍. പെട്ടെന്ന്, സ്‌ക്രീനില്‍ തെളിഞ്ഞ ഒരു രംഗം കണ്ട് ഡാനിമോര്‍ക്കല്‍ മരവിച്ചതുപോലെയായി. ഒരു യുവാവ് കൈയ്യില്‍ ചുരുട്ടിപ്പിടിച്ച എന്തോ ഒന്നുമായി പതുങ്ങിപ്പതുങ്ങി നടന്ന് അത് വെയ്സ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നു...ചുവടുകളില്‍ തികഞ്ഞ അസ്വഭാവികതകള്‍ തളംകെട്ടിയ യുവാവ് ഡാനിമോര്‍ക്കലിന്റെ രൂപത്തില്‍ ടൗണിലെ ഒരു ദിവസത്തെ മുഴുവന്‍ രംഗങ്ങളും ഭക്ഷിച്ച ക്യാമറയില്‍ നിന്നും അജ്ഞാതശിശുവിനെപ്പോലെ പെറ്റുവീണു.
ചാനലില്‍ നിരന്നിരിക്കുന്നവര്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ആ യുവാവിനെ കുറിച്ചായിരുന്നു. അവന്‍ തലകറങ്ങി വീഴാന്‍ പോയി.
കനത്ത, തണുപ്പുള്ള അഴികളില്‍ മുറുകെപ്പിടിച്ച് ഡാനിമോര്‍ക്കല്‍ വീണ്ടും ചുമരിലേക്ക് നോക്കി, ചെകുത്താന്‍ അപ്പോഴും ചിരിക്കുകയാണ്.
നാഭിക്കുചുറ്റും എന്തോ വലിഞ്ഞുപൊട്ടാറായതുപോലെ തോന്നിയപ്പോള്‍ അവന്‍ ചുമര്‍ചിത്രത്തിനഭിമുഖമായി നിന്നു. കലപ്പപോലെ നാഭിയില്‍ നിന്നും മുളച്ചുപൊങ്ങിയ ഇറച്ചിത്തണ്ട് അവന്റെ ഉള്ളംകൈയ്യിലേക്ക് ചേര്‍ന്നു. ചുരുങ്ങിയ നേരത്തിനുള്ളില്‍ വെളുത്ത നിറത്തിലുള്ള സാനിറ്ററി നാപ്കിനുകള്‍ പോലെ അത് ചിറകറ്റ് ചാടാന്‍ തുടങ്ങി.
ആറാമത്തെ ചെകുത്താന്‍ എന്നെഴുതിയ രൂപത്തിന്റെ മുഖത്തിലൂടെ കവിളുകളിലൂടെ ചുണ്ടുകളിലൂടെ... ഒടുവില്‍, തൊലിയില്ലാത്ത ഒച്ചിനെപ്പോലെ രൂപാന്തരം പ്രാപിച്ച് അയാളുടെ കഴുത്തില്‍ തൂങ്ങിക്കിടന്ന ഘനമുള്ള പുസ്തകത്തിന്റെ ഏടുകളിലേക്കെന്നപോലെ അവ നുഴഞ്ഞിറങ്ങി...
വാക്കുല്‍സവത്തില്‍
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
പുസ്തകപ്പുഴയില്‍