ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മഞ്ഞ്, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
ചാറ്റല്‍മഴയുടെ മണം, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
...........................................
നീലക്കണ്ണുകള്‍
ഞെട്ടി ഉണര്‍ന്ന് രാത്രിയുടെ നിശ്ശബ്ദതയിലേക്ക് കണ്ണുകള്‍ തുറന്നു.
ഇത് എത്രാമത്തെ തവണയാണ്. രണ്ടോ, അതോ മൂന്നോ?
മൂന്ന്! മൂന്ന് തന്നെയാണ്.
ജനാലവിരികള്‍ വകഞ്ഞു മാറ്റിയിരുന്ന ചില്ല് ജാലകത്തിലൂടെ മുറിയിലാകെ നിറഞ്ഞുനില്‍ക്കുന്ന നിലാവെളിച്ചത്തിലേക്ക് പകപ്പോടെ തുറിച്ചു നോക്കി .
ഇതുവരെ സഞ്ചരിച്ചുകൊണ്ടിരുന്ന ലോകത്തില്‍ നിന്നും ഇറങ്ങി വരാന്‍ മനസ്സുമടിച്ചു. പുറത്തെ കണിക്കൊന്ന മരത്തിന്റെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം പൊങ്ങിപ്പറക്കുന്ന സ്വര്‍ണ്ണനിറമാര്‍ന്ന പൊടി മണ്ണിന് സമാനമാണെന്ന് തോന്നും വിധം തിളങ്ങി.
ഇപ്പോഴും യാഥാര്‍ത്ഥ്യ ലോകത്തിലേക്ക് ഇറങ്ങി വന്നിട്ടില്ല എന്ന് അവള്‍ക്ക് തോന്നി. ഏതോ ഒരു മായികലോകത്തിനുള്ളില്‍ കുടുങ്ങിപ്പോയത് പോലെ, പുറത്തു കടക്കാന്‍ ആവാത്ത വിധം ബന്ധിത.
ജനാലയോട് ചേര്‍ന്ന് വലിയ അലമാരയോട് ചേര്‍ന്ന് കിടക്കുന്ന മേശമേല്‍, കഴിഞ്ഞ രാത്രി എഴുതി മാറ്റിവെച്ച ഗ്രാറ്റിറ്റിയൂഡ് ബുക്കിന് മുകളിലായി വെച്ചിരുന്ന ക്ലിയര്‍ ക്വാഡ്‌സിന്റെ ബ്രേസ്ലെറ്റ് നിലാവെളിച്ചത്തില്‍ തിളങ്ങി. ആ മുറിയിലാകെ നിഗൂഢമായ എന്തോ ഒന്ന് നിറഞ്ഞു നില്‍ക്കുന്നതായി അവള്‍ക്ക് തോന്നി.
പുതപ്പ് മാറ്റി മുറിയിലെ ഏസിയുടെ തണുപ്പിലൂടെ ജനാലക്കരിയിലേക്ക് നടന്നു. അടഞ്ഞുകിടക്കുന്ന ചില്ലു ജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം ഹൃദയാഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നിശബ്ദതയായി നിറഞ്ഞു നിന്നു.
കുറച്ചു ദിവസങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഓരോ ദിവസവും വിടാതെ പിന്തുടരുന്ന ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ് ?
അറിയില്ല.
ഓരോ രാത്രികളിലും ആവര്‍ത്തിച്ച് കടന്നു വരുന്ന കാഴ്ചകള്‍, അതും ഓരോ തവണയും കൂടുതല്‍ വ്യക്തമായി മുന്നിലേക്ക് കടന്നു വരുമ്പോള്‍ എന്താവും അതിന്റെ അര്‍ഥം.
ശ്വാസഗതിയുടെ നിയന്ത്രണം എടുത്തുമാറ്റപ്പെട്ടതുപോലെ കൂടുകയും കുറയുകയും ചിലപ്പോള്‍ നിന്ന് പോകുകയും ചെയ്തുകൊണ്ടിരുന്നു. അഴിഞ്ഞുവീണ മുടിക്കെട്ട് അവളെ അലോസരപ്പെടുത്തി.
ഇളംകാറ്റില്‍ ഇളകിയാടുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന ചലിക്കുന്ന നിഴലുകള്‍ നീണ്ടുവന്ന് അവളെ തൊട്ട് തിരിച്ചു പോയി. പൊങ്ങിപ്പറക്കുന്ന സ്വര്‍ണ്ണപ്പൊടി മണല്‍ അവള്‍ക്ക് മുന്നിലേക്ക് വീണ്ടും തെളിഞ്ഞുവന്നു. തനിച്ചാക്കപ്പെടലിന്റെ ശൂന്യതയിലേക്ക് എടുത്തറിയപ്പെട്ടതുപോലെ. ഏതോ വിജനതയില്‍ തന്നെയാണ് ഇപ്പോഴുമെന്ന് ആരോ ചെവിയില്‍ പറയും പോലെ.
അദൃശ്യമായ എന്തോ ഒന്ന് ചുറ്റുമുള്ളതായി അവള്‍ക്ക് തോന്നി. ഒന്നുറപ്പാണ്, അത് തനിക്ക് ദ്രോഹം വരുത്തുന്നതല്ല. ചിലപ്പോഴൊക്കെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലിന്റെ ഊഷ്മളത അവളിലേക്ക് കടന്നു ചെന്നു.
എഴുതി മാറ്റി വെച്ചിരുന്ന ഗ്രാറ്റിറ്റിയൂഡ് ബുക്കിലെ ആ പേജുകളിലേക്ക് കുറച്ചുകൂടി എഴുതി ചേര്‍ക്കണമെന്ന് അവള്‍ക്ക് തോന്നി. മുന്നോട്ടു നടക്കാന്‍ ആഞ്ഞ കാലുകളിലേക്ക് ചൂടുള്ളൊരു തരിപ്പ് പടര്‍ന്നുകയറി. പിന്നീട് അത് ഇടത്തെ കാലിലേക്ക് വല്ലാത്തൊരു വേദനയായി ഇഴഞ്ഞു കയറി . പതുക്കെ, ശരീരത്തിന്റെ ഇടതുവശം മുഴുവനായും വേദന പടര്‍ന്നു. മസിലുകള്‍ വലിഞ്ഞു മുറുകി. തൊണ്ട വരണ്ടു. വളരെ ആയാസപ്പെട്ട് മേശയുടെ അടുത്ത് കസേര വരെ എത്തിയപ്പോഴേക്കും അവള്‍ തളര്‍ന്നിരുന്നു.
ഇതെന്തൊക്കെയാണ് സംഭവിക്കുന്നത്?
കണ്ണടച്ച് കസേരയിലേക്ക് ചാരിയിരുന്നു. വീണ്ടും ആ കണ്ണുകളും അതില്‍നിന്നും നീണ്ടുവരുന്ന പ്രകാശകിരണവും ചൂഴ്ന്നു നില്‍ക്കും പോലെ അനുഭവപ്പെട്ടു. കിതപ്പോടെ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി.
ടേബിള്‍ ലാമ്പ് ഓണ്‍ ചെയ്ത്, ബുക്കിലെ എഴുതി നിര്‍ത്തിയിരുന്ന പേജ് അവള്‍ തുറന്ന് വച്ചു.
................................
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
കൗസല്യ എന്ന കൗസല്യ, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
സ്വര്‍ഗ്ഗത്തിലെ വിരുന്നുകാരി, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
................................
രണ്ട്
ചുറ്റിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വിജനഭൂമി. നിലത്തെല്ലാം വലിയ സ്ലാബുകള്‍ പോലെയുള്ള കല്ലുകള്‍. കാറ്റത്തടിച്ചു കയറിയതാണ് എന്ന് തോന്നിപ്പിക്കും വിധം അവിടമാകെ പൊടി മണ്ണ്.
എവിടെയാണ് ഇതെന്ന് മനസ്സിലാക്കാന്‍ ആകാതെ പകപ്പോടെ ചുറ്റിലും നോക്കി. ചുറ്റിലും ചാര നിറത്തില്‍, പഞ്ഞിക്കെട്ട് പോലെയുള്ള മേഘശകലങ്ങള്‍. മൂടിക്കെട്ടിയത് പോലെയുള്ള അന്തരീക്ഷം. അവിടെനിന്നും മുന്നോട്ടോ പിന്നോട്ടോ മാറാന്‍ സാധിക്കുന്നില്ല. പക്ഷേ ഞാന്‍ അനങ്ങുന്നുണ്ട്. മെല്ലെ ഉയര്‍ന്നുപൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് മനസ്സിലാക്കുന്നത് ഞാന്‍ നില്‍ക്കുന്നത് ചെറിയ ഒരു മേഘത്തിന് മുകളിലാണ്. വെളുത്ത പഞ്ഞിക്കെട്ട് പോലെയുള്ള മേഘം. പക്ഷേ എനിക്ക് ചുറ്റിലുമായി ഒഴുകി നടന്ന മേഘങ്ങളെല്ലാം ചാര നിറത്തിലുള്ള മേഘങ്ങള്‍ ആയിരുന്നു .
ആ മേഘങ്ങളെല്ലാം പതുക്കെപ്പതുക്കെ ആ അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേര്‍ന്നു. അവിടമാകെ കണ്ണിനു കുളിര്‍മ്മയേകുന്നൊരു പ്രകാശം വന്ന് നിറഞ്ഞു. ചെറിയ, മഞ്ഞയും ചാര നിറവും കലര്‍ന്ന പൊടിമണ്ണിനാല്‍ അവിടം നിറഞ്ഞിരുന്നു. സൂര്യപ്രകാശത്തില്‍ മഞ്ഞ നിറത്തിലുള്ള മണല്‍ സ്വര്‍ണ്ണമണലുകള്‍ പോലെ തിളങ്ങി.
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം. സുഖകരമായ ചെറിയ കാറ്റ് അവിടമാകെ നിറഞ്ഞു. ആ കാറ്റില്‍ തലയില്‍ കെട്ടിയിരുന്ന മൃദുലമായ വെളുത്ത സ്‌കാര്‍ഫ് അനങ്ങി തുടങ്ങി. ചെവിക്ക് ഇരുവശങ്ങളിലൂടെയും മുന്‍പിലേക്ക് നീണ്ടുകിടക്കുന്ന സ്‌കാര്‍ഫിന്റെ വശങ്ങള്‍. അതിന്റെ രണ്ടറ്റത്തും സാമാന്യം വലിപ്പത്തിലുള്ള ഗ്രേ കളറും ഗ്രീന്‍ കളറും ഇടകലര്‍ന്ന ഓവല്‍ ഷേപ്പില്‍ ഉള്ള ഒരു വലിയ സ്റ്റോണ്‍ പതിപ്പിച്ചിരിക്കുന്നു. എന്റെ വേഷം, എന്നെ വല്ലാതെ അതിശയിപ്പിച്ചു. ഈ വേഷം എപ്പോഴാണ് ഞാന്‍ ധരിച്ചത്? കൊളോണിയല്‍ കാലത്തേതെന്ന് തോന്നും വിധമുള്ള നീളന്‍ ഫ്രോക്കിനെ ഓര്‍മ്മിപ്പിക്കുന്ന മാക്‌സി. ഫ്രില്ലുകള്‍ നിറഞ്ഞത്. ഞൊറിവുള്ള നീളന്‍ കൈകള്‍ ഫ്രില്ലുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഡ്രസ്സിന്റെ അടിവശം മേഘത്തിനുള്ളിലേക്ക് ഒഴുകിയിറങ്ങും പോലെ തോന്നിച്ചു.
എന്തോ ഒരു ശബ്ദം. മുഖമുയര്‍ത്തി നോക്കി. കുറച്ചു മുന്നിലായി സാമാന്യത്തില്‍ അധികം ഉയരമുള്ള ഒരു പുരുഷ രൂപം. ശരീരവും തലയും കവര്‍ ചെയ്യും വിധം ചാരനിറമുള്ള പരുക്കന്‍ തുണി മുകളില്‍ നിന്നും താഴേക്ക് ഞാന്ന് കിടക്കും പോലെയുള്ള വേഷം. ഡ്രസ്സിന് മുകളില്‍ കൂടി കഴുത്തില്‍ ഒരു വെള്ളിവളയം. ആ സ്‌കാര്‍ഫില്‍ വെള്ളി വളയത്തില്‍ ലോക്കറ്റ് പോലെ ഓവല്‍ ഷേപ്പില്‍ ഉള്ള അതേ കല്ലുകള്‍. സൂര്യപ്രകാശത്തില്‍ അവ തിളങ്ങി നിന്നു. അതില്‍ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം അയാളുടെ തലയ്ക്ക് ചുറ്റും പ്രഭാവലയം സൃഷ്ടിച്ചു. കാല്‍പ്പാദത്തില്‍ തുകല്‍ കൊണ്ട് മൂടികെട്ടിയ ഷൂസ് പോലെയുള്ള ചെരുപ്പ് . ആ ചെരിപ്പ് നന്നായി കാണത്തക്ക വിധം ആ വസ്ത്രങ്ങള്‍ ഉയര്‍ന്നു നിന്നിരുന്നു. അയാളുടെ കൈയ്യില്‍ അയാളേക്കാള്‍ ഉയരമുള്ള ഒരു ചൂല്. വലിയൊരു കമ്പിന്റെ അറ്റത്ത് വെളുത്ത പഞ്ഞിപോലെയുള്ള നീളന്‍ തൂവലുകള്‍ കൂട്ടിക്കെട്ടി അടിവശം പരന്നിരിക്കും വിധമുള്ള ഒരു നീളന്‍ ചൂല്.
ആ ചൂല് കൊണ്ട് അവിടെയെല്ലാം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് അയാള്‍ എന്ന് എനിക്ക് തോന്നി .
അത്ര നേരവും ഞാനല്ലാതെ ആ പരിസരത്ത് എവിടെയും ആരുമുണ്ടായിരുന്നില്ല. പൊടുന്നനവേയുള്ള ആ മനുഷ്യ സാന്നിധ്യം എന്നെ വല്ലാതെ ഭയപ്പെടുത്തി. പെട്ടെന്ന് തന്നെ ആ ഭയം എന്നെ വിട്ടൊഴിഞ്ഞു . കൗതുകത്തോടെ ആ മനുഷ്യന്‍ ചെയ്യുന്നത് ശ്രദ്ധിച്ചുനോക്കി. അപ്പോള്‍ അവിടെ നിറഞ്ഞിരിക്കുന്ന മണ്ണിന് തവിട്ടു നിറമായിരുന്നു. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന അവിടുത്തെ സാഹചര്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
മുഖമുയര്‍ത്താതെ താഴേക്ക് മാത്രം നോക്കി ആ ചൂല് കൊണ്ട് ശ്രദ്ധാപൂര്‍വ്വം ഓരോ സ്ലാബുകളായി വൃത്തിയാക്കാന്‍ ശ്രമിക്കുന്ന അയാളുടെ പ്രവൃത്തി നോക്കി നിന്നു. അയാളുടെ കാലുകള്‍ നിലത്തുനിന്നും കുറച്ചു ഉയര്‍ന്നായിരുന്നു നിന്നിരുന്നത്. കയ്യിലെ ചൂല് മാത്രമേ ഭൂമിയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നുള്ളൂ.
തറയില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന പൊടിമണല്‍ത്തരികള്‍ക്ക് സ്വര്‍ണ വര്‍ണ്ണം. പൊടിമണല്‍ത്തരികള്‍ ഒരു വശത്തേക്ക് നീങ്ങി മാറുന്നതിനു പകരം കാറ്റിലേക്ക് ഉയര്‍ന്ന് അലിഞ്ഞുചേരുന്ന കാഴ്ച. എന്നെയത് ആശ്ചര്യപ്പെടുത്തി. ഒരു അത്ഭുത ലോകത്ത് എത്തിപ്പെട്ടതുപോലെ.
പൂര്‍ണ്ണമായും വൃത്തിയായിക്കഴിഞ്ഞ സമയം ഒരു സ്ലാബ് തകര്‍ന്നുവീണു. അത് എങ്ങോട്ടാണ് തകര്‍ന്നു വീണതെന്നും എന്താണ് സംഭവിക്കുന്നത് എന്നും അറിയാതെ നിശ്ചലയായി നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളൂ. കുറച്ചധികം സ്ലാബുകള്‍ താഴേക്ക് പതിച്ചു കഴിഞ്ഞപ്പോള്‍ കുറച്ചു താഴ്ചയില്‍ മറ്റൊരു ലോകം എന്റെ മുന്നിലേക്ക് തുറന്നു വന്നു. പഴയ ഒരു കാലത്തിന്റെ ബാക്കിപത്രം. വിശാലമായ കരിങ്കല്ലുകളും ചുമന്ന കല്ലുകളും കൊണ്ടു നിര്‍മ്മിച്ച ഒരു പഴയ നഗരം. പുരാതനമായ ഏതോ ഭാഷയില്‍ കൊത്തിവെച്ചിരിക്കുന്ന ലിഖിതങ്ങളും ചിത്രപ്പണികളും.
അപ്പോഴുമയാള്‍ ഓരോ സ്ലാബുകളായി വൃത്തിയാക്കി. സ്ലാബുകള്‍ താഴേക്ക് തകര്‍ന്നുവീണ് അവിടം തെളിഞ്ഞു വന്നു. തകര്‍ന്നുവീണ സ്ലാബുകള്‍ താഴെ പതിച്ചതിന്റെ ഒരു ലക്ഷണവും എനിക്ക് കണ്ടെത്താനായില്ല. അന്തരീക്ഷത്തിലേക്ക് ഉയര്‍രുന്ന ആ സ്വര്‍ണ്ണ മണല്‍ത്തരികള്‍ അവിടമാകെ ഒരു പ്രഭാവലയം സൃഷ്ടിച്ചു .
വ്യക്തമായ ആസൂത്രണമുള്ള നഗരം എന്ന് തോന്നിപ്പിക്കും വിധം കനാലുകളും മണ്ഡപങ്ങളും അവിടെ തെളിഞ്ഞു വന്നു. വിശാലമായ കരിങ്കല്ല് പാകിയ നടപ്പാതയും വശങ്ങളിലായി വെള്ളമൊഴുകിയിരുന്നു എന്ന് തോന്നിക്കും വിധമുള്ള കനാലുകളും.
പൊടിമണ്ണ് മാറ്റുന്നതിന് അനുസരിച്ച് സ്ലാബുകള്‍ തകര്‍ന്നുവീഴുകയും അവ പാതിവഴിയില്‍ എവിടെയോ വെച്ച് അപ്രത്യക്ഷമാവുകയും ചെയ്തു. മുഖമുയര്‍ത്തി ആ പരിസരമാകെ നോക്കി. അയാള്‍ അപ്പോഴും അവിടം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന സ്വര്‍ണ്ണ മണല്‍ പൊടികള്‍ അവിടമാകെ ചിതറിത്തെറിക്കുന്ന സ്വര്‍ണപ്രഭ .
അപ്പോഴാണ് ഞാനൊരു കാര്യം മനസ്സിലാക്കുന്നത്. അവിടെ ഞാനും ആ മനുഷ്യനും പിന്നെ ആ പുരാതന നഗരവും മാത്രമായിരുന്നു ശേഷിച്ചത്. വെളിച്ചം ഉണ്ടായിരുന്നു. ബാക്കി എല്ലായിടവും ഇരുട്ട് വ്യാപിച്ചിരുന്നു. ആ സമയം, വൃത്താകൃതിയിലുള്ള വലിയൊരു മൈതാനം ആയിരുന്നു അതെന്ന് എനിക്ക് തോന്നി. വെളിച്ചം നിറഞ്ഞ ആ മൈതാനത്തിനു പുറത്തേക്ക് ഇരുട്ട് വ്യാപിച്ചിരുന്നു.
നിമിഷങ്ങള്‍ കഴിയുംതോറും മൈതാനം എന്ന് തോന്നിക്കുന്നതിന് പുറത്തായി അംബരചുംബികളായ കെട്ടിടങ്ങളുടെ കറുത്ത നിഴല്‍ രൂപങ്ങള്‍ തെളിഞ്ഞു വന്നു. ചുറ്റിലും ഇരുട്ടില്‍ മുങ്ങിയ രൂപങ്ങള്‍ കണക്കെ വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു നിന്നു. ഇത്ര നേരവും എന്തുകൊണ്ടാണ് ഈ കാഴ്ചകള്‍ കണ്ണില്‍ പെടാതിരുന്നത് എന്ന് ഞാന്‍ ആലോചിച്ചു. ഇത്രയും ആള്‍ക്കാര്‍ താമസിക്കുന്ന മഹാനഗരത്തിന് പുറത്ത് ഒരു പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍! എന്തുകൊണ്ടായിരിക്കാം ആരുമത് ഇതുവരെ അറിയാതെ പോയത്? ആ ചോദ്യം എന്റെ മനസ്സിനെ വല്ലാതെ കുഴക്കി.
സംശയം ചോദിക്കാന്‍ അയാള്‍ അല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യം മനസ്സിലാക്കിയെന്നപോലെ മുഖമുയര്‍ത്തി എന്നെ നോക്കി. കയ്യിലെ ചൂല് വലത് കൈയില്‍ തറയില്‍ തട്ടാതെ അല്പം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അയാളുടെ നില്‍പ്പ് .
മുഖം മാത്രം പുറത്തുകാണത്തക്ക വിധമുള്ള വേഷം. പ്രകാശിക്കുന്ന ശാന്തത കളിയാടുന്ന മുഖം. തിളങ്ങുന്ന നീല കൃഷ്ണമണികള്‍. ആ നീലക്കണ്ണുകളില്‍ ശാന്തത നിറഞ്ഞുനിന്നു. നെറ്റിയുടെ ഒത്ത മധ്യത്തിലായി സ്വര്‍ണ്ണ നിറത്തിലുള്ള ഒരു നക്ഷത്ര ചിഹ്നം. എവിടെയോ കണ്ടു മറന്ന മുഖം പോലെ ഒരടുപ്പം എനിക്ക് തോന്നി.
ആ കണ്ണുകളില്‍ നിന്നും ഒരു പ്രകാശകിരണം എന്നിലേക്ക് കടന്നുവന്ന് എന്നെ ചൂഴ്ന്ന് ചുറ്റിവരിഞ്ഞ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി. അന്നോളം അനുഭവിച്ചിട്ടില്ലാത്ത ശാന്തതയിലൂടെ കടന്നു പോകുന്ന അവസ്ഥ.
നോക്കിനില്‍ക്കെ ആ മനുഷ്യരൂപം സുതാര്യമായി വന്നുകൊണ്ടിരിക്കുന്നു. പിന്നീട് അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേര്‍ന്ന് ഇല്ലാതെയായി. എന്നെ ചുറ്റിയിരുന്ന പ്രകാശവലയം പതുക്കെ അപ്രത്യക്ഷമായി.
അത്ര നേരം ഞാന്‍ നിന്നിരുന്ന വെളുത്ത പഞ്ഞിക്കെട്ട് പോലെയുള്ള മേഘം അപ്രത്യക്ഷമായിരുന്നു.
പുരാതനമായ ആ നഗരത്തിനുള്ളിലുള്ള വലിയൊരു മണ്ഡപത്തിന്റെ കല്‍പ്പടവുകളില്‍ ആയിരുന്നു എന്റെ സ്ഥാനം.അറിയാത്ത ഏതോ ഒരു സ്ഥലത്ത് തനിച്ചായിപ്പോയ അവസ്ഥ. എങ്കിലും ആശങ്കയ്ക്ക് പകരം കൂടുതല്‍ കാണാനും അറിയാനുമുള്ള ആഗ്രഹമായിരുന്നു എന്റെ ഉള്ളില്‍.
കല്‍പ്പടവുകള്‍ ഇറങ്ങി കരിങ്കല്‍ പാതയിലൂടെ മുന്നോട്ടു നടന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു. അവിടെയുള്ള ഫലകങ്ങളില്‍ എന്നോ കണ്ടു മറന്നതെന്ന് തോന്നിക്കും വിധമുള്ള ചിഹ്നങ്ങളും ചിത്രങ്ങളും. കനാലുകള്‍ എന്ന് തോന്നിപ്പിച്ചിരുന്ന ആ സ്ഥലത്ത് വെള്ളം വശങ്ങളില്‍ തട്ടി രൂപപ്പെട്ട ചില അടയാളങ്ങള്‍ തെളിഞ്ഞു കാണാം.
അവിടെയുണ്ടായിരുന്ന ഒരു കരിങ്കല്‍ മണ്ഡപത്തില്‍ കയറി നിന്ന് പുറത്തെ ലോകത്തിലേക്ക് നോക്കി. ആ കെട്ടിടത്തിനുള്ളില്‍ വൈദ്യുതി വെളിച്ചം വന്നിരിക്കുന്നു വൃത്താകൃതിയില്‍ ആ പ്രദേശത്തെ ചുറ്റിനില്‍ക്കുന്ന കെട്ടിടങ്ങളുടെയെല്ലാം പുറകുവശമാണ് മൈതാനത്തിന് അഭിമുഖമായി നില്‍ക്കുന്നതെന്ന് ആ ദീപവിന്യാസത്തില്‍ എനിക്ക് മനസ്സിലായി.
സുഖമുള്ള തണുത്ത കാറ്റ് അവിടമാകെ നിറഞ്ഞുനിന്നു. ആ കാറ്റില്‍ സ്വര്‍ണ വര്‍ണ്ണത്തിലുള്ള മണല്‍ പൊടികള്‍ നിറഞ്ഞു. ശരീരവും വസ്ത്രവും സ്വര്‍ണ്ണവര്‍ണ്ണത്താല്‍ പൊതിഞ്ഞു. പടവുകളിലൂടെ താഴേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ ആരോ ഇരു കൈകളിലും പിടിച്ച് മുകളിലേക്ക്, അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി .
നിലാവെളിച്ചത്തില്‍ അവള്‍ക്കു മുന്നില്‍ പൊങ്ങിപ്പറന്ന സ്വര്‍ണമണല്‍ത്തരികള്‍ ആ നിഗൂഢതയില്‍ നിന്നും ഇറങ്ങി വരാന്‍ ആവാത്ത വിധം അവളെ പിടിച്ചുനിര്‍ത്തി. പേന ബുക്കിന് മുകളിലേക്ക് വെച്ച് , കസേരയിലേക്ക് കണ്ണുകള്‍ അടച്ച് അമര്‍ന്നിരുന്നു.
ഇടത്തേ കാലിലൂടെ പടര്‍ന്നു കയറിയ വേദന അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു . തൊണ്ട വരണ്ടു.
............................................
വെയില്‍ത്തണുപ്പുകള്‍, രാജി സ്നേഹലാല്‍ എഴുതിയ കവിത
അതിവിചിത്രമായ ഒരു ദിവസത്തിന്റെ അതിദുരൂഹമായ ഇലയനക്കങ്ങള്‍, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
ആനന്ദിയുടെ മകള്‍, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
............................................
മൂന്ന്
മേശമേല്‍ വച്ചിരുന്ന ഫ്‌ലാസ്‌കില്‍ നിന്നും ചൂടുവെള്ളം ഗ്ലാസിലേക്ക് പകര്‍ന്നൊഴിച്ച് ചുണ്ടോട് ചേര്‍ത്തു. ബുക്ക് മടക്കി യഥാസ്ഥാനത്ത് വെച്ച് ജനാലയുടെ അടുത്തേക്ക് നടന്നു. അത്രയും നേരം അവളെ ബുദ്ധിമുട്ടിച്ചിരുന്ന വേദന നിമിഷങ്ങള്‍ കൊണ്ട് വിട്ടൊഴിഞ്ഞിരുന്നു.
ആ ഫലകങ്ങളില്‍ കണ്ട ലിഖിതങ്ങള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ട്. അത് ഉറപ്പാണ്.
എവിടെയാകും?
ആ നീലക്കണ്ണുകള്‍ ചൂഴ്ന്ന് നില്‍ക്കും പോലെ.
പുറത്തെ നിലാമഴയുടെ കുളിരിലേക്ക് ഇറങ്ങി നടക്കാന്‍ അവള്‍ കൊതിച്ചു .
മുറിക്കുള്ളിലേക്ക് കടന്നു കയറുന്ന നിലാവെളിച്ചത്തില്‍ കട്ടിലിനടുത്തേയ്ക്ക് നടന്നു.
ആ തണുപ്പില്‍ സുഖമായി പുതച്ച് അവള്‍ ഉറങ്ങുന്നു!
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവള്‍ പരിഭ്രമിച്ച് പകച്ചുനിന്നു. ശാന്തമായി ഉറങ്ങുന്ന തന്നെ നോക്കി അവള്‍ പരിഭ്രമത്തോടെ നിന്നു.
ഇത് എന്തൊക്കെയാണ് നടക്കുന്നത്?
എന്താണ് സംഭവിച്ചത്? ഞാന്‍ എങ്ങനെയാണ് ഇവിടെ?
പരിഭ്രമത്തോടെ, ഉറങ്ങുന്ന തന്നെ നോക്കി അവള്‍ ആ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.
ഒരായിരം ചോദ്യശരങ്ങള്‍ തലയ്ക്കുള്ളിലൂടെ പാഞ്ഞു കയറി.
ജനാലയിലൂടെ കടന്നുവരുന്ന നിലാവെളിച്ചത്തില്‍ ഉറങ്ങുന്ന അവളുടെ മുഖം പ്രകാശിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവള്‍ നിന്നു. പതുക്കെയെങ്കിലും ഉയര്‍ന്നുതാഴുന്ന മാറിടങ്ങള്‍ അവള്‍ ആശ്വാസത്തോടെ നോക്കി നിന്നു. ചിന്താശേഷി നഷ്ടമായത് പോലെ നിശ്ചലയായി അവള്‍ നിന്നു.
മുറിയുടെ വാതിലില്‍ ശക്തമായി തട്ടുന്ന ശബ്ദം. ആ ശബ്ദം അവിടമാകെ പ്രകമ്പനം കൊള്ളിച്ചു. നിര്‍ത്താതെയുള്ള ശക്തമായ ശബ്ദം. ഒപ്പം എവിടെനിന്നോ ഒഴുകിയെത്തുന്ന ഇംഗ്ലീഷ് പാട്ടിന്റെ ഈരടികള്‍.
'ഇവിടെ ഉണ്ടായിട്ടാണോ ഇത്ര നേരമായിട്ടും വാതിലൊന്ന് തുറക്കാത്തത്. ചെവി കേട്ടൂടെ നിനക്ക്.'- ചേട്ടായിയുടെ കനത്ത ശബ്ദം.
ഞെട്ടിയുണര്‍ന്ന് പകപ്പോടെ ചുറ്റിലും നോക്കി. തലയ്ക്കു മുകളില്‍ വലിയ ഭാരം കയറ്റി വച്ചത് പോലെ. ശ്വാസഗതി നിയന്ത്രിക്കാനാകാതെ, ഇത് എവിടെയാണെന്ന് മനസ്സിലാകാത്ത പോലെ ചുറ്റും പകച്ചു നോക്കി.
'നിനക്കെന്താ പറ്റിയെ, നീയെന്താ തുറിച്ചു നോക്കുന്നെ. സോഫയിലുള്ള ഉറക്കം അത്ര നന്നല്ല. '
ചേട്ടായിയുടെ ശബ്ദം അവളെ അവിടേക്ക് തിരിച്ചെത്തിച്ചു.
'കരണ്ട് പോയിട്ട് കുറച്ചു നേരമായി. കോളിംഗ് ബെല്‍ വര്‍ക്ക് ചെയ്യില്ല. എന്നാലും രണ്ടുമൂന്നു പ്രാവശ്യം കതകില്‍ തട്ടിയാല്‍ പോരേ? എന്തിനാ ഇത്രയധികം ശബ്ദം ഉണ്ടാക്കുന്നത്?'
കൂട്ടുകാര്‍ക്കൊപ്പം പുറത്ത് കറങ്ങാന്‍ പോയിട്ട് വരുന്ന വരവാണ്. അകത്തേക്ക് കയറിപ്പോകുന്ന മകനെ നോക്കി നിര്‍വികാരതയോടെ സോഫയിലേക്ക് അവള്‍ ചാരിയിരുന്നു. ചെവിയില്‍ വല്ലാത്തൊരു മൂളല്‍ അനുഭവപ്പെട്ടു. എല്ലാം കണ്ടും കേട്ടും അനങ്ങാനാകാതെ ഇരുന്നു.
ജീവന്‍ ഉണ്ടെന്നതില്‍ അവള്‍ക്ക് ആശ്വാസം തോന്നി.
കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന തന്റെ മുഖം മുന്നിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നുകൊണ്ടിരുന്നു.
അവളുടെ കാലുകളിലൂടെ ചൂടുള്ളൊരു തരിപ്പ് പടര്‍ന്നു കയറി. പിന്നീട് അത് ഇടത്തേ കാലിലേക്ക് വല്ലാത്തൊരു വേദനയായി മാറി. ശരീരത്തിന്റെ ഇടതുവശം മുഴുവനും പതുക്കെ വേദന പടര്‍ന്നു കയറി.
............................
പല മഴയില്‍ ഒരുവള്‍, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
യാത്രയുടെ തുടക്കം, രാജി സ്നേഹലാല്‍ എഴുതിയ ചെറുകഥ
............................
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...