കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

അമ്പലവയൽ സ്വദേശിയായ യുവാവ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു


വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വഷണത്തിൽ പെൺകുട്ടിയെ കോഴിക്കോട് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഗോകുലുമുണ്ടായിരുന്നു. ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Latest Videos

വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി

പോക്സോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനായാണ്  ഗോകുലിനെ സ്റ്റേഷനിൽ നിർത്തിയതെന്ന് വയനാട് എസ്‌പി പ്രതികരിച്ചു. രാത്രി ആയതിനാൽ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. 7 45 ന് ആണ് ശുചിമുറിയിൽ പോയത്. എട്ടു മണി ആയപ്പോഴും കാണാത്തപ്പോൾ സംശയം തോന്നി. പരിശോധിച്ചപ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാവിലെ റിപ്പോർട്ടിംഗ് സമയമായതിനാൽ എസ്ഐ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചു. ഗോകുൽ ഒറ്റയ്ക്ക് ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. പൊലീസ് വാഹനത്തിലാണ് ഗോകുലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എസ്‌പി പ്രതികരിച്ചു.


പ്രതിഷേധവുമായി ബിജെപിയും കോണ്‍ഗ്രസും

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് ആത്മഹത്യ ചെയ്തു സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. പൊലീസിന് ലിയ വീഴ്ച പറ്റിയെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ്  ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ബിജെപി യുവാവിന് മർദ്ദനമേറ്റോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുള്ളിലായതിനാൽ കസ്റ്റഡിയിരിക്കെയുള്ള മരണമായാണ് പരിഗണിക്കുന്നത്. സംഭവം ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷിക്കും.
 

click me!