തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 75 ദിവസത്തിനുള്ളിൽ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി. മാർച്ച് 30 മുതൽ എല്ലാ വിമാന സർവീസുകളും പഴയ രീതിയിലാകും.
തിരുവനന്തപുരം: തിരുവനന്തപുരം ഇന്‍റർനാഷണൽ വിമാനത്താവളം 75 ദിവസത്തിനുള്ളിൽ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചു. 3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുക്കി പണിതത്. ദക്ഷിണേന്ത്യയിലെ ബ്രൗൺഫീൽഡ് റൺവേകളിൽ ഇത് റെക്കോർഡ് ആണ്.
2025 മാർച്ച് 30 മുതൽ എല്ലാ വിമാന സർവീസുകളും പതിവ് ഷെഡ്യൂളിലേക്ക് മടങ്ങും. 2025 ജനുവരി 14നാണ് റീ കാർപ്പറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെ റൺവേ റീകാർപ്പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂർ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്. ഈ കാലയളവിൽ ശേഷിക്കുന്ന 15 മണിക്കൂറിനുള്ളിൽ റൺവേ പ്രതിദിനം ശരാശരി 80 വിമാനങ്ങൾ കൈകാര്യം ചെയ്തു. ഈ കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേർ യാത്ര ചെയ്തു.
120 ലെയ്ൻ കിലോമീറ്റർ റോഡിന് തുല്യമായ, ഏകദേശം 50,000 മെട്രിക് ടൺ അസ്ഫാൽറ്റ് റൺവേ റീ കാർപ്പെറ്റിംഗിനായി സ്ഥാപിച്ചു. 150,000 മീറ്റർ ഡക്റ്റ് പൈപ്പ് ശൃംഖല സ്ഥാപിച്ചു. 5.5 ലക്ഷം ചതുരശ്ര മീറ്ററിന്‍റെ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്‌ഗ്രഡേഷൻ പൂർത്തിയായി. മൊത്തം 2.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏരിയ റീകാർപെറ്റ് ചെയ്തു. 500 ജീവനക്കാരും തൊഴിലാളികളും 200ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വിമാനത്താവളത്തിലെ റൺവേ അവസാനമായി റീകാർപെറ്റ് ചെയ്തത് 2015-ലാണ്. നിയന്ത്രണം നീങ്ങുന്നതോടെ ഇനി പകൽ സമയത്തും എയർപോർട്ടിൽ വിമാന സർവീസ് പുനസ്ഥാപിക്കും.
വിമാനത്താവളത്തിലെ അമിത ലഗേജ് ഫീസ് ബുദ്ധിപരമായ നീക്കത്തിലൂടെ മറികടന്നെന്ന് യുവതി; കുറിപ്പ് വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം