ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: സർക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപത. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തിൽ പറയുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.
ലഹരി വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് തുറന്നടിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ സന്ദേശം ഇടവക പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനക്കിടെ വായിച്ചു. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍.
സര്‍ക്കാരിന്‍റെ 'അമൃതം ആരോഗ്യം' പദ്ധതിയില്‍ പത്തുലക്ഷത്തിലധികം പേര്‍ പുകയില ഉപയോഗം വഴിയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയെന്നും രണ്ടാംഘട്ടത്തില്‍ 27ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കാനുള്ള ലക്ഷ്യം കേരളം ലഹരി ഉപയോഗത്തില്‍ എവിടെയെത്തി എന്നതിന്‍റെ കൃത്യമായ സൂചനയാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.