മേളപ്രാമാണികൻ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതലായിരുന്നു പരിശീലനം.
തൃശൂര്‍: ചെങ്ങാലൂരിലെ ഓട്ടിസംപാര്‍ക്കില്‍ ചെണ്ടകളില്‍നിന്നുയര്‍ന്ന ചെമ്പടവട്ടങ്ങളിൽ കാണാനായത് ഭിന്നശേഷിക്കാരായ കുട്ടിതശുടെ ഹൃദയതാളം തന്നെയായിരുന്നു. അമ്മമാരും മക്കളും ചേര്‍ന്നൊരുക്കിയ അപൂര്‍വ്വവാദ്യവിരുന്നിനാണ് ചെങ്ങാലൂരിലെ ഗവ.എല്‍.പി സ്‌കൂള്‍ അങ്കണം വേദിയായത്. മേളപ്രാമാണികന്‍ പെരുവനം സതീശന്‍മാരാര്‍ ഭദ്രദീപം തെളിയിച്ചു. കുട്ടികള്‍ ചെണ്ടയില്‍ ഗണപതികൊട്ടിയശേഷമായിരുന്നു അമ്മാരുടെ പഞ്ചാരി. ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ ഭിന്നശേഷിക്കാരായ ഒരുപെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരാണ് പഞ്ചാരിയിൽ അരങ്ങേറ്റം കുറിച്ചത്. മക്കളുടെ ആഗ്രഹത്തിന് തുണനിൽക്കാൻ നിശ്ചയിച്ച അവരുടെ അമ്മമാരും മക്കളോടൊപ്പം കൂടിയപ്പോള്‍ അരങ്ങേറ്റവും വ്യത്യസ്ത വിരുന്നായി മാറി.
നന്തിപുലം സ്വദേശിനിയായ ജോസി ജെയ്‌സന്‍, മകന്‍ ഗോഡ്‌വിന്‍, വരന്തരപ്പിള്ളി സ്വദേശിനി ബിന്‍സി ബിജു, മകന്‍ അലന്‍, ചെങ്ങാലൂര്‍ സ്വദേശിനി ഉഷ ബാലകൃഷ്ണന്‍, മകള്‍ നിരുപമ, കൊടകര സ്വദേശിനി ബിന്ദു തിലകന്‍, മകന്‍ അക്ഷയ്, ചെങ്ങാലൂരിൽ താമസമാക്കിയ ശ്രീലങ്കക്കാരി ലലനി സുജീവ, മകന്‍ അമൃത്കൃഷ്ണ എന്നിവരാണ് വ്യാഴാഴ്ച അരങ്ങേറ്റം കുറിച്ചത്. ചെങ്ങാലൂര്‍ ഗവ. എല്‍.പി സ്‌കൂളിനോടുചേര്‍ന്ന ഓട്ടിസം പാര്‍ക്കിലെ ചെണ്ടമേള പരിശീലനക്കളരിയിലാണ് ഇവർ അരങ്ങേറിയത്.
മേളപ്രാമാണികൻ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതലായിരുന്നു പരിശീലനം. മിനുസപ്പെടുത്തിയ മരത്തിന്‍റെ വട്ടത്തടിയില്‍ പുളിമുട്ടി ഉപയോഗിച്ചായിരുന്നു ഇവരുടെ സാധകവും പഠനവും. സര്‍ക്കാരിന്‍റെ സമഗ്ര ശിക്ഷാകേരളയുടെ കീഴില്‍ കൊടകര ബി.ആര്‍.സിയുടെ നേതൃത്വത്തിലാണ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ കലകളിലും പരിശീലനം നൽകുന്നത്. ചെണ്ട, യോഗ, ചിത്രരചന, സംഗീതം, തയ്യല്‍, കരകൗശലം ക്ലാസ്സുകള്‍, പലഹാര നിര്‍മാണവും വില്‍പ്പനയും ഇവിടെ കുട്ടികള്‍ നടത്തുന്നുണ്ട്. പുതുക്കാട് ഗ്രാമഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് ഓട്ടിസം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.
കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കൊടകര ശങ്കർ എന്നിവര്‍ നേതൃത്വം നല്‍കി. ചെങ്ങാലൂര്‍ ഓട്ടിസം പാർക്കിൽ നടന്ന ഓട്ടിസം ദിനാചരണം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ബാബുരാജ് അധ്യക്ഷത വഹിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.രാജേശ്വരി, വാർഡ് മെമ്പർ പ്രീതി ബാലകൃഷ്ണൻ, ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എം.വി തോമസ്, ബി.ആർ.സി കൊടകര സ്പെഷ്യൽ എജ്യുക്കേറ്റർ ആന്‍റണി ജോസ് എന്നിവർ സംസാരിച്ചു.ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പാഠ്യേതര കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഓട്ടിസം പാര്‍ക്കാണ് ചെങ്ങാലൂരിലേത്. 23 കുട്ടികൾ ഇവിടെ അക്കാദമിക് പരിശീലനം നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം