
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിന്ന് നിക്ഷേപ വാഗ്ദാനം ലഭിച്ചതില്‍ 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ഏപ്രില്‍ മാസത്തില്‍ 1670 കോടി രൂപയുടെ നാല് പദ്ധതികള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്, ഇ ഒ ഐ ട്രാക്കിംഗ് വെബ്സൈറ്റുകള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍വെസ്റ്റ് കേരളയ്ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി (ഐ കെ ജി എസ്-2025) യില്‍ ലഭിച്ച സമ്മതപത്രങ്ങളിലെ തുടര്‍നടപടികള്‍ക്കായിട്ടാണ് ഇ ഒ ഐ ട്രാക്കിംഗ് വെബ് പോര്‍ട്ടല്‍ ( ikgseoi.kerala.gov.in) ആരംഭിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് ലഭ്യമായ ഭൂമിയുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായിട്ടാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ (https://industrialland.kerala.gov.in/).
ഇന്‍വെസ്റ്റ് കേരളയുമായി ബന്ധപ്പെട്ട് ഓരോ മാസവും വരുന്ന നിക്ഷേപ വാഗ്ദാനങ്ങളും വെബ്സൈറ്റില്‍ രേഖപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുരോഗതിയും മറ്റ് വിശദാംശങ്ങളും അതത് സമയം പോര്‍ട്ടലില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ കേരളത്തിന് ലഭിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ലഭ്യമായവര്‍ക്ക് അവരുടെ വിവരങ്ങള്‍ വെബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന മാച്ച് മേക്കിംഗ് വെബ്സൈറ്റ് പോലെയാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. നിക്ഷേപകര്‍ക്ക് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉറപ്പാക്കുന്നതിന് വക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. കെ എസ് ഐ ഡി സി എം ഡി മിര്‍ മുഹമ്മദ് അലി, കെ എസ് ഐ ഡി സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, കെ എസ് ഐ ഡി സി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam