ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് നിമിഷ പ്രിയ

നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു.

Message from Nimisha Priya, a Malayali nurse awaiting execution in Yemen, who says she knows that the prison authorities have been notified of the execution

ദില്ലി: വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ്  നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൗൺസിൽ ഭാരവാഹികൾക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. 

നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു. 

Latest Videos

യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു. യെമനിലെ കൂടുതൽ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചർച്ചകൾക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ അമ്മ നിലവിൽ യമനിൽ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് പറ‍ഞ്ഞിരുന്നു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറ‍ഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻ്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ മോചനം സാധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 

2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ബീച്ചിലെത്തിയ എസ്എഫ്ഐ പ്രവർത്തകരെ സീനിയർ വിദ്യാർഥികൾ മർദിച്ചു, അന്വേഷിച്ച് നടപടിയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!