കടപ്ലാമറ്റം സ്വദേശിയായ അമിതാ സണ്ണിയെന്ന 32കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിൻ്റെ കുടുംബത്തിനെതിരെ പരാതി
കോട്ടയം: കടപ്ലാമറ്റത്ത് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. ഭർത്തൃ വീട്ടിലെ പീഡനം കൊണ്ടാണ് അമിത സണ്ണി ആത്മഹത്യ ചെയ്തതെന്ന് ആണ് വീട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച് അമിതയുടെ അച്ഛൻ സണ്ണി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകിട്ടാണ് മാഞ്ഞൂർ കണ്ടാറ്റുപാടത്തെ വീട്ടിൽ അമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുമാസം ഗർഭിണിയായിരുന്നു. മരിക്കുന്നതിനു മുമ്പ് അമ്മയെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നതെന്നും മൂത്ത മക്കളെ നോക്കിക്കൊള്ളണമെന്ന് പറഞ്ഞെന്നും അച്ഛൻ സണ്ണി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഇന്ന് സംസ്കരിക്കും.