
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്‍റെ അപകടമരണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കടുത്ത അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
നാലു വയസുകാരന്‍റെ ജീവനെടുത്ത അനാസ്ഥയിലാണ് കടുത്ത നടപടിയുണ്ടായത്. ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.
കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ല. ആനക്കൂടിന്‍റെ ചുമതലയുള്ള ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നാലു വയസുകാരൻ ചുറ്റിപിടിച്ചപ്പോൾ തന്നെ തൂണ് ഇളകി വീണു. കുട്ടികളടക്കം നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത സംഭവത്തിൽ കടുത്ത നടപടി തന്നെ വനംവകുപ്പ് സ്വീകരിച്ചു.
കോന്നി എംഎൽഎ അടക്കം ജനപ്രതിനിധികളും ഗുരുതര വീഴ്ചയിൽ നടപടി ആവശ്യപ്പെട്ടിരുന്നു. മരിച്ച നാലു വയസുകാരന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam