ഓരോ മനുഷ്യരുടെയും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരിന് മാത്രം സാധിക്കുന്നതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി പറഞ്ഞു
കണ്ണൂർ: അതിദാരിദ്ര്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവച്ച് കണ്ണൂരിലെ കണ്ണപുരം ഗ്രാമപഞ്ചായത്തും. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ കഴിയാത്തവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന മഹത്തായ ഇടപെടലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
ഓരോ മനുഷ്യരുടെയും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരിന് മാത്രം സാധിക്കുന്നതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി പറഞ്ഞു. 66 അതിദരിദ്ര കുടുംബങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തുകയും ആവശ്യമായ സൂക്ഷ്മ പദ്ധതികൾ തയ്യാറാക്കി അതിജീവന പാക്കേജുകൾ നടപ്പിലാക്കിയാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്ത കേരളമെന്ന ലക്ഷ്യത്തിയത്. ഭവനം, ആരോഗ്യം, ഭക്ഷണം, വരുമാനം, അവകാശരേഖകൾ എന്നീ വിഭാഗങ്ങളിലുള്ള ആവശ്യകത പരിഗണിച്ചാണ് ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കിയത്.
ഭവനരഹിതരായ രണ്ടുപേർക്ക് 2023-24 ൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുകയും ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഇവർക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 ദിവസത്തെ തൊഴിലും ലഭ്യമാക്കി. വീട് നവീകരണത്തിനുള്ള ആനുകൂല്യത്തിന് അർഹരായ മൂന്ന് പേർക്ക് അതിദരിദ്രരുടെ വീട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു. ഒരു ഗുണഭോക്താവിന് വീട് നവീകരണ ജനറൽ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകി.
എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ 57 പേർക്ക് തൊഴിൽ കാർഡ് നൽകി. വോട്ടർ ഐഡി കാർഡ് 11 പേർക്കും , ആധാർ കാർഡ് ഒരാൾക്കും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മൂന്നുപേർക്ക് യുഡിഐഡി കാർഡും, ഒരാൾക്ക് റേഷൻ കാർഡും ലഭ്യമാക്കി. ആറ് ഗുണഭോക്താക്കൾക്ക് ഭക്ഷണവും 53 ഗുണഭോക്താക്കൾക്ക് മരുന്നും നൽകിവരുന്നുണ്ട്. 2022-23 മുതൽ ഓരോ സാമ്പത്തിക വർഷവും ഒരു ലക്ഷം രൂപ വീതം വകയിരുത്തി അടിയന്തിര പരിചരണ പദ്ധതിയിലൂടെ ഈ ഗുണഭോക്താക്കൾക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്.
Read More : 'കുരങ്ങന്‍റെ കയ്യിൽ സാംസങ് എസ്25 അൾട്ര'; വിനോദ സഞ്ചാരിയുടെ ഫോൺ തട്ടിപ്പറിച്ചു, 'സമ്മാനം' നൽകി തിരികെ വാങ്ങി!