കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു.
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാൻഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാൻ ജാമ്യം നൽകണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതി അപേക്ഷ തള്ളുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
എന്നാൽ ഹൈക്കോടതി ആവശ്യം തള്ളുകയാണുണ്ടായത്. കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതിയുടെ ഹോസ്റ്റൽ മുറിയിലുൾപ്പെടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചതോടെയാണ് നിലവിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞത്. നിലവിൽ ജയിലിൽ ഇരുന്ന് പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. അതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ പരീക്ഷക്ക് ശേഷവും കേസുമായി ബന്ധപ്പെട്ട് മറ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.