കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ ഈ മാസം ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത, ഏപ്രിൽ 4 വരെ ശക്തമായ മഴ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

IMD predicts landslides in Kerala amid summer rain in april warn rising summer temperatures across country

ദില്ലി: വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ  നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

ഏപ്രിലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും  മൃത്യുഞ്ജയ് മൊഹാപാത്ര മുന്നറിയിപ്പ് നൽകി. അതേസമയം ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെങ്കിലും ഇന്ത്യയിൽ മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്.

Latest Videos

അതേസമയം കേരളത്തിൽ ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെയുള്ള മഴയായതിനാൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More :  'കാസർഗോഡ് ടു തിരുവനന്തപുരം', ട്രെയിനിലെത്തിയ അസിസ്റ്റന്‍റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി; കിട്ടിയത് എംഡിഎംഎ

vuukle one pixel image
click me!