താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടും, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉത്തരവിറക്കി

പല സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലെന്നും,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ഉത്തരവിൽ പറയുന്നു


കല്‍പറ്റ: കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടാൻ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. വിദ്യാർത്ഥി സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 

എംജെ ഹൈസ്കൂൾ വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തെ തുടർന്നാണ് വിദ്യഭ്യാസ വകുപ്പ് ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിച്ചത്. കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ.  കുട്ടികളെ ആകർഷിക്കാനായി സ്ഥാപനങ്ങൾ പലതും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുമാറ്റ ചട്ടം പാലിക്കുന്നില്ല. കുട്ടികൾക്കിടയിൽ പരസ്പര വൈരം സൃഷ്ടിക്കാൻ ഇത്തരം സ്ഥാപനങ്ങൾ വഴിവെക്കുന്നു. പേഠ്യേതര കാരങ്ങൾക്ക് അമിത പ്രധാന്യം നൽകുന്നു. പല സ്ഥാപനങ്ങളും ഈടാക്കുന്നത് ഉയർന്ന ഫീസ്. ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നു.ക്ലാസുകൾ മുടക്കുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

Latest Videos

പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള രജിസ്ട്രേഷൻ പല സ്ഥാപനങ്ങൾക്കും ഇല്ല.  രജിസ്റ്റർ ചെയ്യാത്ത മുഴുവൻ ട്യൂഷൻ സെന്ററുകളും കണ്ടെത്തി പൂട്ടാനാണ് നിർദേശം. പഞ്ചായത്ത് സെക്രട്ടറി ഉടൻ നടപടി എടുക്കണമെന്നും ഉത്തരവിലുണ്ട്. സമീപ പഞ്ചായത്തുകളിലും ഉടൻ സമാന ഉത്തരവ് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. നിർദേശം ലഭിച്ചെന്നും തുടർ നടപടി ഉടൻ ഉണ്ടാകുമെന്നും താമരശ്ശേരി  പഞ്ചായത്ത് അറിയിച്ചു.

 

click me!