വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിചാരണകോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവ്

വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന ഹർജിയിലാണ് നടപടി. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതക സാധ്യത പരിശോധിച്ചില്ലെന്നും ഹർജിക്കാർ വാദിക്കുന്നു.


കൊച്ചി: വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. 
ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. 

കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട്  വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും  സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ. കുറ്റപത്രത്തിൽ പൊലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പൊലീസ് സർജന്‍റെ നിഗമനവും കുറ്റപത്രത്തിൽ പറയുന്നു. 

Latest Videos

ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും  ആത്മഹത്യ  എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്. അതി സങ്കീർണമായ കുടുംബ പശ്ചാത്തലം ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗിക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം. കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടത്തെലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ നടപടിക്കെതിരെയാണ് ഹർജി നൽകിയത്. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!