വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ട്രെയിനുകളിൽ കൊണ്ടുവരാനാണ് റെയിൽവേയുടെ ശ്രമം.
അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എഞ്ചിൻ മുതൽ മുതൽ വീലുകൾ വരെ സുപ്രധാനമായ മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ട്രെയിനുകളിലുണ്ടാകും. ഇതുവഴി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും സുഖകരമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യും. ട്രെയിനുകളിൽ നിലവിൽ ഉപയോഗിക്കുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ആധുനിക എഞ്ചിനുകൾ സർവീസ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് സവിശേഷത. എഞ്ചിൻ ചെറുതായിരിക്കുമെങ്കിലും അവയുടെ ശേഷിയിലും ശക്തിയിലും ഒട്ടും കുറവുണ്ടാകില്ല.
ആധുനിക എഞ്ചിൻ ഉപയോഗിക്കുന്ന ട്രെയിനുകൾക്ക് 16 വീലുകൾക്ക് പകരം 12 വീലുകളായിരിക്കും ഉണ്ടാകുക. ഇത്തരം മാറ്റങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്താനാണ് ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നത്. ഈ പരിഷ്‌ക്കരണങ്ങൾ തിരക്ക് കുറയ്ക്കാനും ടിക്കറ്റ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും അനധികൃത യാത്രകൾ തടയാനും സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇലക്ട്രിക് എഞ്ചിനുകളുടെ 100 വർഷങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് റെയിൽവേ ഇപ്പോൾ എഞ്ചിനുകൾ കൂടുതൽ ആധുനികമാക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. താമസിയാതെ തന്നെ പുതിയ എഞ്ചിനുകൾ എല്ലാ പാസഞ്ചർ ട്രെയിനുകളിലും സ്ഥാപിക്കും. ഇത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് സമയ ലാഭം ഉറപ്പുവരുത്തുകയും ചെയ്യും.
ഫസൽഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ലോക്കോ ഷെഡിൽ ഈ ആധുനിക എഞ്ചിനുകളുടെ പരിശോധന പൂർത്തിയായി കഴിഞ്ഞു. ബംഗാളിലെ ചിത്തരഞ്ജൻ, വാരണാസി ലോക്കോമോട്ടീവ് വർക്ക്‌സുകളിലാണ് ഈ എഞ്ചിനുകൾ നിർമ്മിക്കുന്നത്. 1925 ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ആദ്യത്തെ ഇലക്ട്രിക് എഞ്ചിൻ ഓടിത്തുടങ്ങിയത്. ഏഷ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ആയിരുന്നു ഇത്. ഇതിനുശേഷം, സാങ്കേതിക മേഖലയിലെ തുടർച്ചയായ മാറ്റങ്ങൾ കാരണം, എഞ്ചിനുകളുടെ രൂപകൽപ്പനയിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.