തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. 20 ഗ്രാം കഞ്ചാവാണ് ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി എക്സൈസ്. മൂന്നാർ സ്വദേശിയായ വിദ്യാർത്ഥിക്ക് അനുവദിച്ച മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് മുമ്പേ മുറിയിൽ താമസിച്ചിരുന്ന മൂന്നാർ സ്വദേശിയും പൂർവവിദ്യാർത്ഥിയായ സുഹൃത്തും മുങ്ങിയിരുന്നു . എസ്എഫ്ഐ ലഹരിക്കാർക്കെതിരെ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം.
പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ സംഘർഷങ്ങളിൽ കേസെടുത്തിട്ടുപോലും പൊലീസ് ഉള്ളിൽ കയറിയുള്ള പരിശോധനക്ക് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാർത്ഥികളായവരും പുറത്തുനിന്നള്ളവരും തമ്പടിച്ചിരിക്കുന്ന ഹോസ്റ്റലിലാണ് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ മൂന്നാം നിലയിലെ മുറികളിലായിരുന്നു പരിശോധന.
11 മുറികള്‍ പരിശോധിച്ചു. 455 ആം മുറിയിൽ നിന്നാണ് 20 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്, ഇവിടെ താമസിച്ചിരുന്നത് മൂന്നാർ സ്വദേശി പാണ്ഡ്യരാജും സുഹൃത്ത് മദനകുമാറുമായിരുന്നു. മദനകുമാർ പൂർവ വിദ്യാർത്ഥിയാണ്. മുറിയിൽ ലഹരിവസ്തുവുണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. പക്ഷെ എക്സൈസ് എത്തുന്നതിന് മുമ്പേ താമസക്കാർ മുങ്ങിയിരുന്നു.
ഇതാദ്യമായാണ് ഹോസ്റ്റലിലുള്ള എക്സൈസ് പരിശോധന നടത്തുന്നത്. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് എസ്എഫ്ഐ ജില്ലാ നേതാക്കള്‍ ഹോസ്റ്റലിലെത്തി. കഴിഞ്ഞ ദിവസവും ഈ മുറിയിൽ പാണ്ഡ്യരാജും മദനകുമാറും തമ്മിൽ സംഘർഷം നടന്നിരുന്നു. എസ്എഫ്ഐയുടെ പരാതിയിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് കേസുമെടുത്തിരുന്നു. മുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന വിവരം എസ്എഫ്ഐയാണ് നൽകിയതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദര്‍ശ് പറഞ്ഞു. എസ്എഫ്ഐക്ക് ശക്തമായ യൂണിറ്റുള്ള സ്ഥലമാണ് പാളയം ഹോസ്റ്റൽ. പഠനം പൂർത്തിയാക്കിയവർക്കും ഹോസ്റ്റലിൽ താമസിക്കാൻ എങ്ങനെ അനുവാദം ലഭിക്കുന്നുവെന്നത് ഇപ്പോഴും ദുരൂഹമാണ്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിക്കുന്നത്.
108 കിലോ കഞ്ചാവ് പിടിക്കാൻ എത്തി; എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്പി കൊണ്ട് കുത്തി