പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു.
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വയോധികയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പാലപ്പെട്ടി എസ്ബിഐയിൽ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകൻ അലിമോനെ നാല് വർഷമായി വിദേശത്ത് കാണാതായി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് ലോൺ എടുത്തത്. ഇപ്പോൾ ബാധ്യത 42 ലക്ഷയായി. പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. കിടപ്പ് രോഗിയായ വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. ഇന്ന് രാവിലെയോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.
ഭൂമി വിറ്റ് പണം നൽകാമെന്ന് പറഞ്ഞിട്ടും ബാങ്ക് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു. ബാങ്ക് ജീവനക്കാര്‍ ഇന്നലെ വീട് ജപ്തി ചെയ്യാൻ എത്തിയപ്പോഴും 15 ദിവസത്തെ സാവകാശം ചോദിച്ചു. ഈട് വെച്ച ഭൂമിയിൽ പിന്നീട് പണിത മകന്റെ വീടിനുനേരെയും ജപ്തി ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അടയ്ക്കണം എന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക