സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്‍റെ ഭാഗമായി ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു.
കോഴിക്കോട്: മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്‍റെ ഭാഗമായി ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായാരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.
ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടവും ലഹരിക്കടിമകളായവരുടെ അക്രമങ്ങളും വലിയ ചര്‍ച്ചയാവുകയും ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മദ്യ നയത്തെ മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥതയെ കത്തോലിക്ക സഭ ചോദ്യം ചെയ്യുന്നത്. തുടര്‍ഭരണം നേടിവരുന്നവര്‍ക്ക് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ സര്‍ക്കുലര്‍ ആരോപിക്കുന്നു. ഐടി പാര്‍ക്കുകളിലെ പബും ബ്രൂവറിക്ക് അനുമതിയും ഉള്‍പ്പടെയുളള നീക്കങ്ങളെ വിമര്‍ശിച്ചുളdള സര്‍ക്കുലര്‍ ഇന്ന് പളളികളില്‍ കുര്‍ബാനയ്ക്കിടെ വായിച്ചു.
സര്‍ക്കാരിന്‍റെ തന്നെ 'അമൃതം ആരോഗ്യം' പദ്ധതിയില്‍ പത്തുലക്ഷത്തിലധികം പേര്‍ പുകയില ഉപയോഗം വഴിയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയെന്നും രണ്ടാംഘട്ടത്തില്‍ 27ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കാനുള്ള ലക്ഷ്യവും ലഹരി ഉപയോഗ കാര്യത്തില്‍ കേരളം എവിടെ എത്തിയെന്നതിന്‍റെ സൂചനയാണെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, താമരശേരി രൂപത സ്വന്തം നിലയില്‍ സര്‍ക്കാരിന്‍റെ വിവിധ നയങ്ങള്‍ ചോദ്യം ചെയ്ത് അവകാശ പ്രഖ്യാപന റാലി സംഘടിപ്പിക്കാനുളള നീക്കത്തിലാണ്. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി പരാതി.
ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ല, ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിലെ അനീതി, എയ്ഡഡ് നിയമനങ്ങളിലെ പ്രതിസന്ധി, വന്യമൃഗ ശല്യം പരിഹരിക്കുന്നതിലുളള അലംഭാവം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തുകയെന്ന് രൂപതയ്ക്ക് കീഴിലെ പളളികളില്‍ ഇന്ന് വായിച്ച ഇടയലേഖനത്തില്‍ പറയുന്നു. ഏപ്രിൽ അഞ്ചിന് മുതലക്കുളം മൈതനത്താണ് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി സംഘടിപ്പിക്കുക.