ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.
തിരുവനന്തപുരം: സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്‍റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഫേസ്ബുക്കില്‍ കുറിപ്പിലുടെയായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രതികരണം.
പി കെ ശ്രീമതിയോടുള്ള ഖേദം കോടതി പറഞ്ഞിട്ടല്ലെന്ന് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീമതി കരഞ്ഞ് പറഞ്ഞത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. കോടതിയിൽ കേസ് പൂർത്തിയായിട്ടില്ല. ശ്രീമതി നൽകിയ കേസ് കോടതിയിൽ നിലനിൽക്കില്ല. കണ്ണൂർ കോടതിയിൽ കേസ് തീർന്നതായി ശ്രീമതിയുടെ അഭിഭാഷകൻ പറഞ്ഞു. മാപ്പല്ല പറഞ്ഞതെന്നും ഖേദം പ്രകടിപ്പിച്ചത് ശ്രീമതിയുടെ മനോവിഷമം കണ്ടിട്ടാണെന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു. അന്തസായ രാഷ്ട്രീയത്തിൻ്റെ പ്രതിധ്വനിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ഗോപാലകൃഷ്ണനെതിരെ പി കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഇന്നലെയാണ് ഒത്തുതീർപ്പായത്. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലായിരുന്നു തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്. പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പി കെ ശ്രീമതി പ്രതികരിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി ഓർമ്മിപ്പിച്ചു.