വഖഫ് ഭേദഗതി ബില്ലിനെ പൂർണമായി അനുകൂലിക്കാൻ കെസിബിസി ആവശ്യപ്പെട്ടിട്ടില്ല: ഫ്രാൻസിസ് ജോർജ് എംപി

വഖഫ് നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്

Francis George MP says KCBC demand was not to completely support waqf amendment bill

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂർണമായി അനുകൂലിക്കാൻ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല. വ്യവസ്ഥകൾ അറിഞ്ഞശേഷം അതേക്കുറിച്ച് ചർച്ച ചെയ്യും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഒരിക്കലും ഹനിക്കപ്പെടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ അദ്ദേഹം വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച് കേരളത്തിലെ എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും കിരൺ റിജിജുവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഫ്രാൻസിസ് ജോർജിൻ്റെ പ്രതികരണം. കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ പാർലമെൻ്റിൽ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ആവശ്യപ്പെട്ടത്. ഇത് സ്വാഗതം ചെയ്ത കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു, ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി അത് പരിഹരിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടതെന്ന് കെസിബിസിയുടെ വാർത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ട് പ്രതികരിച്ചു. മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയാണ് അവർ. ഈ നിയമ ഭേദഗതി ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആ വാദം ജനമനസ് വിഷലിപ്തമാക്കാനുള്ള പ്രചാരണമാണ്. കേരള എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

Latest Videos

vuukle one pixel image
click me!