ഭീഷണിയുണ്ടായാൽ ലെബനനിലെ എല്ലായിടത്തും ഇസ്രയേൽ ആക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ബെയ്റൂട്ട്: ലെബനനിലെ എല്ലാ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചെന്ന് പ്രസിഡന്‍റ് ജോസഫ് ഔൺ. ബെയ്‌റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് നീക്കം. ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. നവംബറിലെ വെടിനിർത്തലിന് ശേഷം വീണ്ടും മേഖലയിൽ അശാന്തി പടരുകയാണ്.
വെടിനിർത്തൽ കരാർ നടപ്പാക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചു. ബെയ്റൂട്ട് ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം. ഭീഷണിയുണ്ടായാൽ ലെബനനിലെ എല്ലായിടത്തും ഇസ്രയേൽ ആക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
"സമവാക്യം മാറി. ഞങ്ങളുടെ സമൂഹത്തിന് നേരെ ഒരു വെടിവയ്പ്പും അനുവദിക്കില്ല. ഞങ്ങളുടെ എല്ലാ ജനങ്ങളും സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കും"- നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.
ലെബനനിൽ ഇന്നലെ 15 ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി എന്നാണ് റിപ്പോർട്ട്. ഇതിൽ ഡ്രോൺ സൂക്ഷിച്ചു വച്ചിട്ടുള്ള കേന്ദ്രവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടർന്നാണ് വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നത്.
ഇസ്രയേൽ ഗാസയിലും ആക്രമണം തുടരുകയാണ്. ഇസ്രയേൽ മാർച്ച് 18ന് യുദ്ധം പുനരാരംഭിച്ച ശേഷം ഗാസയിൽ 921 പേർ കൊല്ലപ്പെട്ടെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 25 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 2023 മുതൽ ഒക്ടോബർ ഏഴ് മുതലുള്ള കണക്കെടുത്താൽ 50,277 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം