
ന്യൂയോർക്ക്: അമേരിക്കൻ സെനറ്റിൽ പുതുചരിത്രമെഴുതുമോ ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സെനറ്റർ കോറി ബുക്കർ. ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരായി അദ്ദേഹം സെനറ്റിൽ പ്രസംഗിക്കാൻ തുടങ്ങിയിട്ട് മുക്കാൽ ദിവസം പിന്നിട്ടിരിക്കുയാണ്. തുടർച്ചയായി പതിനെട്ട് മണിക്കൂറിലധികം നീണ്ട കോറി ബുക്കറിന്‍റെ പ്രസംഗം ഇപ്പോഴും തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചാണ് യുഎസ് സെനറ്റിൽ ന്യൂ ജേഴ്‌സിയുടെ സെനറ്റർ കോറി ബുക്കർ ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് പ്രസംഗം തുടരുന്നത്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് തുടങ്ങിയ പ്രസംഗം ഇനിയും അവസാനിച്ചിട്ടില്ല.
ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത പ്രസംഗത്തിനുള്ള റെക്കോർഡ് സൗത്ത് കരോലിന സെനറ്റർ സ്ട്രോം തർമണ്ടിന്‍റെ (സ്ട്രോം തേർമണ്ട്) പേരിലാണ്. 1957 ലെ പൗരാവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ച് തർമണ്ട് 24 മണിക്കൂറും 18 മിനിറ്റും പ്രസംഗിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.
അതേസമയം പ്രസിഡന്റ് ട്രംപിനെയും ഡോജിന് നേതൃത്വം നൽകുന്ന ശതകോടീശ്വരൻ എലോൺ മസ്‌കിനെയും ലക്ഷ്യം വച്ചുള്ളതാണ് കോറി ബുക്കറുടെ പ്രസംഗം. ട്രംപിന്‍റെ നയങ്ങൾ 'നിയമവാഴ്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണന' കാണിക്കുന്നുവെന്നതടക്കമുള്ള വിമർശനങ്ങളാണ് കോറി ബുക്കർ നടത്തിയത്. പ്രസംഗം 24 മണിക്കൂർ പിന്നിട്ട് ചരിത്രം തിരുത്തുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.
വിശദ വിവരങ്ങൾ
ഇത്രയും അധികം സമയം അംഗങ്ങള്‍ക്ക് സംസാരിക്കാൻ കഴിയുമോയെന്ന സംശയമുണ്ടെങ്കിൽ, കഴിയും എന്നാണ് ഉത്തരം. പ്രിസൈഡിംഗ് ഓഫീസർ അനുവദിക്കുകയാണെങ്കിൽ സംസാരിക്കാം. ഫിലിബസ്റ്ററെന്നാണ് ഇത്തരം നടപടിയെ വിളിക്കുന്നത്. ഇത് ആദ്യമായല്ല അമേരിക്ക ഇത്തരം മാരത്തണ്‍ പ്രംസഗത്തിന് വേദിയാകുന്നത്. 2016 തോക്ക് കൈവശം വെക്കുന്ന നിയമത്തിൽ സെനറ്റർ മർഫി 15 മണിക്കൂറും 2013 ൽ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസ് 21 മണിക്കൂറും 19 മിനിട്ടും സംസാരിച്ചിട്ടുണ്ട്. 1957 ൽ 24 മണിക്കൂറും 18 മിനിട്ടും നീണ്ടു നിന്ന് സ്റ്റോം തർമോണ്ടിന്‍റെ പ്രസംഗമാണ് ഏറ്റവും വലിയ ഫിലിബസ്റ്റർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam