ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 200 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം; മരണ സംഖ്യ 500 കടന്നു

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. 

more than 500 people killed in israeli air strikes says gasa health ministry

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ന് 95 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 506 പേർ കൊല്ലപ്പെട്ടെന്നും 900 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു. 

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ ഇന്നലത്തെ ഇസ്രയേൽ ആക്രമണം. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.

Latest Videos

ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറയുന്നു. ഗാസ പൂർണമായി ഒഴിപ്പിക്കണമെന്ന ഡോണൾഡ്‌ ട്രംപിന്‍റെ നിലപാട് വന്നതും ഇതിനെ അറബ് രാജ്യങ്ങൾ തള്ളിയതും വെടിനിർത്തൽ കാലത്തായിരുന്നു. രണ്ടു മാസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഗാസ വിലാപ ഭൂമി ആകുമ്പോൾ ഇനിയൊരു സമാധാന ശ്രമത്തിന് ആര് മുൻകയ്യെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്. 

Read More:രണ്ട് മാസത്തെ ശാന്തത, വീണ്ടും വിലാപ ഭൂമിയായി ഗാസ; പരസ്പരം കുറ്റപ്പെടുത്തി ഇസ്രയേലും ഹമാസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!