കപ്പൽ നിറയെ കൊക്കെയ്ൻ, തൂക്കം 2000 കിലോ; മാര്‍ക്കറ്റ് വില 600 കോടിയോളം, എക്കാലത്തെയും വലിയ വേട്ടയുമായി കൊറിയ

കൊറിയയിലെ  ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. യുഎസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.


സിയോൾ: നോർവീജിയൻ പതാകയുള്ള ഒരു കപ്പലിൽ ഒളിപ്പിച്ച രണ്ട് ടൺ കൊക്കെയ്ൻ കണ്ടെത്തി ദക്ഷിണ കൊറിയ. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നാണ് സംഭവത്തെ അധികൃതർ വിശേഷിപ്പിക്കുന്നത്.

മെക്സിക്കോയിൽ നിന്ന് പുറപ്പെട്ട് ഇക്വഡോർ, പനാമ, ചൈന എന്നിവിടങ്ങളിലൂടെ എത്തിയ നോർവീജിയൻ പതാകയുള്ള ഒരു കപ്പലിൽ നിന്നായിരുന്നു രണ്ട് ടൺ കൊക്കെയ്ൻ കണ്ടെടുത്തത്. കൊറിയൻ കോസ്റ്റ് ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Latest Videos

കപ്പലിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് യുഎസ് ഏജൻസികളായ എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) എന്നിവയിൽ നിന്ന് ദക്ഷിണ കൊറിയൻ അധികൃതർക്ക്  രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.

കൊറിയ കോസ്റ്റ് ഗാർഡും, കസ്റ്റംസ് സർവീസും ചേർന്ന്  90 ഉദ്യോഗസ്ഥരുടെ സംയുക്ത തിരച്ചിൽ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. മയക്കുമരുന്ന് കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കളുടെ രണ്ട് യൂണിറ്റുകളും ഒപ്പം ചേര്‍ന്നതായും ഓപ്പറേഷൻ ഏകോപിപ്പിച്ചതെന്ന് കൊറിയ കോസ്റ്റ് ഗാർഡ്  വ്യക്തമാക്കി.

കപ്പൽ ദക്ഷിണ കൊറിയയിലെ കിഴക്കൻ തീര തുറമുഖത്ത് നങ്കൂരമിട്ട ഉടനെ, സംഘം കപ്പലിൽ കയറി എഞ്ചിൻ റൂമിന് പിന്നിൽ മറഞ്ഞിരിക്കുന്ന അറ കണ്ടെത്തി. 56 ചാക്കുകളിലായിട്ടായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചത്. ഓരോന്നിലും ഏകദേശം 30 മുതൽ 40 കിലോഗ്രാം വരെ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. 

പ്രാഥമിക  പരിശോധനകളിൽ ഇവ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മുൻ റെക്കോർഡായ 404 കിലോഗ്രാം മെത്താംഫെറ്റാമൈനേക്കാൾ അഞ്ചിരട്ടിയാണ് ഇത്തവണ പിടികൂടിയത്.  ഇതിന്റെ മൂല്യം  697 മില്യൺ ഡോളർ അഥവാ 600 കോടിയോളം ആണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. 

മയക്കുമരുന്ന് എത്തിച്ചത് എവിടെ നിന്നാണെന്നും എവിടേക്കാണെന്നും അടക്കമുള്ള കാര്യങ്ങൾ അറിയാൻ കപ്പൽ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്ത് വരികയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായുള്ള  ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. എഫ്ബിഐ, എച്ച്എസ്ഐ എന്നിവയുമായുള്ള സഹകരണത്തോടെ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!