ഭീകരർ മതം ചോദിച്ചല്ല വെടിവെച്ചതെന്ന് കർണാടക മന്ത്രി, പിന്നാലെ വിവാദം

Published : Apr 27, 2025, 08:33 PM IST
ഭീകരർ മതം ചോദിച്ചല്ല വെടിവെച്ചതെന്ന് കർണാടക മന്ത്രി, പിന്നാലെ വിവാദം

Synopsis

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 പേരെ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്ഥാനുമായി യുദ്ധത്തിന് താൻ അനുകൂലമല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ, വിവാദ പരാമർശവുമായി മറ്റൊരു മന്ത്രിയും രം​ഗത്ത്. കൊലയാളികളായ ഭീകരവാദികൾ ആളുകളെ വെടിവെക്കുന്നതിന് മുമ്പ് അവരുടെ മതം ചോദിച്ചതായി താൻ കരുതുന്നില്ലെന്ന് എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപൂർ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്ക്കുന്ന ഒരാൾ ജാതിയോ മതമോ ചോദിക്കുമോ? അയാൾ വെടിവെച്ചിട്ട് പോകും. ഇക്കാര്യത്തിൽ പ്രായോഗികമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹീനമായ ആക്രമണത്തിൽ രാജ്യം അസ്വസ്ഥമാണെന്നും ഇതിനെ മതപരമായ പ്രശ്നമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഭീകരർ ഇരകളുടെ മതത്തെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ, മതത്തെ അടിസ്ഥാനമാക്കി വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. 

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 പേരെ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. തീവ്രവാദികൾ ഓരോരുത്തരുടെയും അടുത്തേക്ക് പോയി അവരുടെ മതത്തെക്കുറിച്ച് ചോദിച്ചുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. കർണാടക മന്ത്രിയുടെ പരാമർശങ്ങളെ വിമർശിച്ച് ബിജെപി വക്താവ് സിആർ കേശവൻ രം​ഗത്തെത്തി. മന്ത്രിയുടെ പരാമർശങ്ങൾ ഇരകളുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ആത്മാവും മനസ്സാക്ഷിയും പണയംവച്ച കോൺഗ്രസ് പാർട്ടി കച്ചവടം നടത്തുകയാണെന്നും കേശവൻ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും പ്രതിപക്ഷം ബിജെപി രം​ഗത്തെത്തി. പാകിസ്ഥാനുമായുള്ള യുദ്ധം ആവശ്യമില്ലെന്ന്  സിദ്ധരാമയ്യ പറ‍ഞ്ഞുവെന്നാരോപിച്ചാണ് ബിജെപി രം​ഗത്തെത്തിയത്. അതേസമയം, ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയെ "പാകിസ്ഥാൻ രത്‌ന"യെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചു. സിദ്ധരാമയ്യയുടെ പ്രസ്താവന പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹിതയായ 25 കാരി 44 കാരനായ കാമുകനെ ന്യൂഇയർ ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു, സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചു
തുടർച്ചയായി 2ാം തവണയും എതിരില്ലാതെ ജയം, ബിജെപിക്ക് ആഘോഷം; എങ്ങനെ സംഭവിച്ചെന്ന് അമ്പരന്ന് എതിരാളികൾ; പിംപ്രി ചിഞ്ച്‌വാദ് കാർപറേഷൻ തെരഞ്ഞെടുപ്പിൽ വിവാദം