മുസ്ലീങ്ങൾക്കെതിരായ യുപി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോഗി നിലപാട് വിശദീകരിക്കുന്നത്.
ദില്ലി: രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീങ്ങൾ അപകടത്തിലാണെന്ന പ്രചാരണം തെറ്റാണ്, അസദുദീൻ ഒവൈസിയെ പോലുള്ളവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അപകടത്തിലായതെന്നും യോഗി പറഞ്ഞു. യുപി സർക്കാറിന്റെ നടപടികൾക്കെതിരായ വിമർശനം ശക്തമാകുമ്പോഴാണ് വാർത്താ ഏജൻസിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് യോഗിയുടെ വിശദീകരണം.
മുസ്ലീങ്ങൾക്കെതിരായ യുപി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോഗി നിലപാട് വിശദീകരിക്കുന്നത്. രാജ്യത്തെ മുസ്ലീങ്ങൾ അപകടത്തിലാണെന്ന അസദുദീൻ ഒവൈസിയുടെ പ്രസ്താവനയ്ക്കാണ് മറുപടി. ഇന്ത്യയിൽ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്, എന്നാൽ 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ അൻപത് ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതമാണോയെന്ന് ബംഗ്ലാദേശിലെ സാഹചര്യം ചൂണ്ടിക്കാട്ടി യോഗി ചോദിച്ചു. ഹോളി ആഘോഷ സമയത്ത് യുപിയിലെ പള്ളികൾ മറച്ചത് മുൻകരുതലായാണെന്നും, 2017 നുശേഷം യുപിയിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കേയും കേസിലുൾപ്പെട്ട മുസ്ലീം നേതാക്കളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തിയതടക്കം സർക്കാർ നടപടികൾ മുസ്ലീം വിരുദ്ധമാണെന്ന വിമർശനം ശക്തമാകുമ്പോഴാണ് യോഗിയുടെ വിശദീകരണം.
കുംഭമേള സംബന്ധിച്ച പ്രതിപക്ഷ വിമർശനം രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും, 64.3 കോടി പേർ സ്നാനത്തിൽ പങ്കെടുത്ത മഹാ കുംഭമേളയിലെ ജനപങ്കാളിത്തം കണ്ട് ഭയന്നാണ് മമത ബാനർജിയെ പോലുള്ളവർ മരണ കുംഭമേളയാണെന്ന് പറയുന്നതെന്നും യോഗി കുറ്റപ്പെടുത്തി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായാണ് കുംഭമേളയ്ക്കെത്തിയവരുടെ എണ്ണമെടുത്തതെന്നും, കുംഭമേളക്കിടെയുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ യോഗി മരണ കണക്ക് യഥാർത്ഥമല്ലെന്ന പ്രതിപക്ഷ വിമർശനത്തോടും പ്രതികരിച്ചില്ല.
ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ്; കുവൈത്ത് കൊമേഴ്‌സ് അണ്ടർസെക്രട്ടറി രാജിവച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം